Saturday, August 10, 2019 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 03.00 PM

പ്രളയത്തെ താണ്ടി അതിരപ്പിള്ളി

athirappilly waterfalls

പ്രളയം കനത്ത നാശം വിതച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് അതിരപ്പിള്ളി മേഖല. പ്രളയം കഴിഞ്ഞ് ഒരാണ്ടിനോട് അടുക്കുമ്പോഴും ഇനിയും തുറന്നുകൊടുക്കാനാകാത്ത വിനോദ കേന്ദ്രങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അതിരപ്പിള്ളി അങ്ങനെയല്ല. പ്രതിസന്ധികള്‍ മറികടന്ന് ഫിനിക്‌സ് പക്ഷിയെ പോലെ അതിരപ്പിള്ളി പഴയ പ്രതാപത്തിലേക്ക് പറന്നുയരുകയാണ്.

അതിരപ്പിള്ളിയിലിപ്പോള്‍ എല്ലാം പഴയപോലെയാണ്. വഴിയോര കച്ചവടക്കാരും ഭക്ഷണശാലകളും സജ്ജീവമായി കഴിഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനിപ്പോള്‍ നല്ല തെളിമയാണ്. ശുദ്ധമായ വെള്ളവും അതിന് ചാരുത നല്‍കുന്നു. വേനല്‍ പിടിമുറക്കിയതിനാല്‍ വെള്ളം അല്‍പം കുറവാണ്.

പതനസ്ഥാനത്ത് നിന്ന് അതിരപ്പിള്ളിയെ അടുത്തറിയാന്‍ ഇപ്പോഴാണ് കൂടുതല്‍ നല്ലത്. വനത്തിനുള്ളിലൂടെ ഇവിടേക്കെത്തിച്ചേരാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാറക്കൂട്ടങ്ങളില്‍ ചെന്ന് പതിച്ച് പുകപോലെ ഉയരുന്ന വെള്ളത്തിന്റെ കണികകള്‍ ദേഹത്ത് വന്നടിക്കുമ്പോള്‍ മനസ്സും തണുക്കും.

ചാലക്കുടിയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അതിരപ്പിള്ളിയിലെത്താം. അവിടെ നിന്നും പച്ചപുതച്ച കാനനപാതയിലൂടെ അമ്പത്തിമൂന്ന് കിലോമീറ്റര്‍ പോയാല്‍ മലക്കപ്പാറയിലെത്തും.

അതിരപ്പിള്ളിയില്‍ നിന്നും യാത്രയില്‍, മഴക്കാലത്ത് വിരിഞ്ഞ് നില്‍ക്കുന്ന പാറക്കൂട്ടങ്ങളില്‍ നിന്നും റോഡരികിലേക്ക് വിരിഞ്ഞൊഴുകുന്ന ചാര്‍പ്പയും പരന്നൊഴുകുന്ന വാഴച്ചാലും കഴിഞ്ഞാല്‍ കാടാണ്. പച്ചയും ഇരുട്ടും കൂടികലര്‍ന്ന കാട്. വാച്ചുമരവും ആനക്കയവും സിദ്ധന്‍ പോക്കറ്റും ഈ വനപാതയുടെ തലങ്ങും വിലങ്ങുമായി കിടക്കുന്നു.

അമ്പലപ്പാറ കഴിഞ്ഞാല്‍ കാഴ്ചയാകെ മാറി. ഷോളയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തേക്ക് കണ്ണുകള്‍ അറിയാതെ ഒഴുകിയെത്തും. നിറഞ്ഞ് കിടക്കുന്ന വെള്ളത്തിന് നടുവിലായി പലയിടത്തും പച്ചതുരുത്തുകള്‍.

അതിലെ വന്‍ മരങ്ങള്‍, മരങ്ങളില്‍ പാര്‍ക്കുന്ന പക്ഷികൂട്ടം, അവയുടെ കലപില ശബ്ദങ്ങള്‍, ഈ ശബ്ദങ്ങള്‍ക്ക് താളം പിടിക്കുന്ന കാടിന്റെ സംഗീതം... സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ ഇതില്‍പരം എന്ത് വേണം. പെരുമ്പാറ കടന്നുപോകുന്നതോടെ ചെറിയ വെള്ളച്ചാട്ടം കാണാം. ഭയപ്പാടില്ലാതെ സഞ്ചാരികള്‍ക്ക് ഈ വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

athirappilly waterfalls

അടുത്തത് മലക്കപ്പാറായാണ്. തേയില ത്തോട്ടങ്ങളില്‍ പൊതിഞ്ഞ് വച്ചിരിക്കുന്ന ഒരു ചെറിയ ഗ്രാമം. ഗ്രാമത്തിന്റെ നിഷ്‌കളങ്കത നിലനിര്‍ത്തി ആദിവാസികളടങ്ങുന്ന ഗ്രാമവാസികള്‍. തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ഇവരില്‍ ഭൂരിഭാഗം പേരും തോട്ടം തൊഴിലാളികളാണ്. ഇവിടത്തെ ചായക്കടയില്‍ നിന്നും ചായകുടിക്കുമ്പോള്‍ മനം കുളിര്‍ക്കാന്‍ മലയുടെ ചെരിവുകളില്‍ നിന്നും കോടയിറങ്ങിയിട്ടുണ്ടാകും.

തൊട്ടടുത്തിരിക്കുന്നവരെ പോലും കാണാത്ത തരത്തില്‍ കോടമഞ്ഞും പിന്നീടുള്ള യാത്രയില്‍ കൂട്ടിനുണ്ടാകും. മായം കലര്‍ത്താത്ത നല്ല തേയില വേണമെങ്കില്‍ ഇവിടെ നിന്നും വാങ്ങാം. ഒരു രാത്രി ഇവിടെ തങ്ങണമെങ്കില്‍ രുചിയുള്ള ഭക്ഷണം വിളമ്പുന്ന നിരവധി ഹോംസ്‌റ്റേകളും ഇവിടെയുണ്ട്.

മലക്കപ്പാറ ചെക്ക്‌പോസ്‌റ്റെത്തുന്നതോടെ കേരളത്തിന്റെ അറ്റമെത്തി. ഇനി അയല്‍സംസ്ഥാനമായ തമിഴ്‌നാടാണ്. ഇവിടെ നിന്നും ഷോളയാര്‍ ഡാം സിറ്റിയിലെത്താന്‍ ആറ് കിലോമീറ്റര്‍ ദൂരം. അവിടെ നിന്ന് മുകളിലേക്ക് കയറിയാല്‍ തമിഴ്‌നാടിന്റെ അപ്പര്‍ ഷോളയാര്‍ഡാം കാണാം. ഇനിയുള്ള യാത്രയില്‍ കണ്ണെത്താത്ത ദൂരംവരെ തേയില തോട്ടങ്ങളാണ്. ഇടയ്ക്ക് ചെറുതും വലുതുമായ മരങ്ങള്‍ കാണാം. തേയില തോട്ടങ്ങളുടെ യഥാര്‍ത്ഥ സൗന്ദര്യം നുകരണമെങ്കില്‍ വാഹനത്തിന്റെ വി ന്‍ഡോവിലൂടെ പുറത്തേക്ക് നോക്കണം.

തേയിലയുടേയും ഏലത്തിന്റേയും ഇടകലര്‍ന്ന ഗന്ധമാണ് വാള്‍പ്പാറ ടൗണിന്. ഹൈറേഞ്ചുകള്‍ തോട്ടം തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയ ഇവിടെ കാണാം. നാല്‍പത് വളവുകള്‍ കടന്ന് യാത്രയവസാനിക്കുന്നത് ആളിയാറിലാണ്. ഇവിടെ ബോട്ടിംഗിന് അവസരമുണ്ട്.
ഇത്രയൊക്കെ പോരെ നല്ലൊരു കാനനയാത്രയുടെ അനുഭവം എക്കാലവും മനസ്സില്‍ സൂക്ഷിക്കാന്‍...

കരിപ്പെട്ടിക്കാപ്പി കുടിച്ചും മഴ നനഞ്ഞും മഴ യാത്ര


മഴ നനഞ്ഞ് കാടുകയറുക എന്നത് പ്രത്യേക അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുക. മഴക്കാലത്ത് അത്തരത്തിലുള്ളൊരു അനുഭവം സഞ്ചാരികള്‍ക്ക് ഒരുക്കികൊടുക്കുകയാണ് ടൂറിസം വകുപ്പ് മണ്‍സൂണ്‍ യാത്രയിലൂടെ.

കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള അതിരപ്പിള്ളിവാഴച്ചാല്‍തുമ്പൂര്‍മുഴി ഡി.എം.സി.യുടെ നേതൃത്വത്തിലാണ് മഴയാത്രക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. അതിരപ്പിള്ളി, ഷോളയാര്‍ വനമേഖലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കോര്‍ത്തിണക്കിയാണ് മഴയാത്ര ഒരുക്കിയിട്ടുള്ളത്.

ചാലക്കുടി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നിന്നും രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് ആറിന് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. 1000 രൂപ ഫീസ് ഈടാക്കുന്ന ഈ യാത്രയില്‍ കരിപ്പെട്ടികാപ്പി, കപ്പ പുഴുങ്ങിയ ത്, മുളക് ചമ്മന്തി എന്നിവയടങ്ങിയ പ്രഭാതഭക്ഷണം, മഴ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍, ഗൈഡിന്റെ സേവനം എന്നിവ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വര്‍ണ്ണക്കുടയും സമ്മാനമായി നല്‍കുന്നു.

തുമ്പൂര്‍മുഴി, അതിരപ്പിള്ളി, മഴക്കാലത്ത് മാത്രം ദൃശ്യമാകുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍ക്കുത്ത്, ആനക്കയം, ഷോളയാര്‍ ഡാം എന്നിവിടങ്ങളിലൂടെയായിരിക്കും സഞ്ചാരം. അതിരപ്പിള്ളി മേഖലയെ പ്രധാന മണ്‍സൂണ്‍ ടൂറിസം കേന്ദ്രമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജൂണില്‍ ആരംഭിക്കുന്ന മഴയാത്രയുടെ ബുക്കിങ് ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
04802769888, 9497069888

Ads by Google
Ads by Google
Loading...
TRENDING NOW