Tuesday, August 20, 2019 Last Updated 22 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 11.15 AM

അന്ന് എസ്എഫ്ഐക്കാര്‍ രണ്ടാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു നടുവൊടിച്ചു; ​പിന്നീട് യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ നട്ടപ്പാതിരയ്ക്ക് റെയ്‌ഡ്‌ നടത്തി തിരുവഞ്ചൂര്‍ പിടിച്ചെടുത്തത് രണ്ടു ലോറി ആയുധങ്ങള്‍

uploads/news/2019/07/322248/thiruvanchoor.jpg

യൂണിവേഴ്‌സിറ്റി കോളജ്‌ എന്ന "ചെങ്കോട്ട"യില്‍ കയറി, രായ്‌ക്കുരാമാനം റെയ്‌ഡ്‌ നടത്താന്‍ ധൈര്യം കാട്ടിയ ഒരേയൊരു ആഭ്യന്തരമന്ത്രിയെന്ന ഖ്യാതി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുള്ളതാണ്‌. യൂണിവേഴ്‌സിറ്റി കോളജിലെന്നല്ല, മറ്റേതെങ്കിലുമൊരു കലാലയത്തില്‍ അതിനു മുമ്പോ ശേഷമോ രണ്ടു ലോറി നിറയെ ആയുധങ്ങള്‍ പിടിച്ചെടുത്ത മറ്റൊരു റെയ്‌ഡ്‌ നടന്നതായി കേട്ടുകേഴ്‌വിയില്ല. അതേ കോളജില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനു നേതാക്കളില്‍നിന്നു കുത്തേറ്റ സംഭവത്തെക്കുറിച്ചു പ്രതികരണമാരാഞ്ഞപ്പോള്‍ തിരുവഞ്ചൂര്‍ അറിയാതെ സ്വന്തം മുതുകൊന്നു തടവി! ഓര്‍മകള്‍ 47 വര്‍ഷം പിന്നിലേക്കു സഞ്ചരിച്ചു. കൃത്യമായി പറഞ്ഞാല്‍ 1972 ജൂണ്‍ മാസത്തിലേക്ക്‌...

** ആ നടുവേദന ഇന്നും...

കോട്ടയം ബസേലിയസ്‌ കോളജിലെ ബിരുദവിദ്യാര്‍ഥിയും കെ.എസ്‌.യു. നേതാവുമായിരുന്നു അന്ന്‌ തിരുവഞ്ചൂര്‍. വാശിയേറിയ തെരഞ്ഞെടുപ്പുകാലം. കെ.എസ്‌.യുവും എസ്‌.എഫ്‌.ഐയുമാണു പ്രധാന എതിരാളികള്‍. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി തിരുവഞ്ചൂര്‍ മത്സരിക്കുന്നു. രണ്ടാംനിലയിലെ പ്രിന്‍സിപ്പലിന്റെ മുറിക്കു മുന്നില്‍ ബഹളം കേട്ടാണു തിരുവഞ്ചൂര്‍ ഓടിയെത്തിയത്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയിരുന്നു. പിന്നീടു തിരുവഞ്ചൂരിനു ബോധം തെളിയുമ്പോള്‍ കോട്ടയം ജില്ലാ ആശുപത്രിയിലെ വാര്‍ഡിലായിരുന്നു. അന്നു നടന്നതെന്തൊക്കെയാണെന്നു സഹപ്രവര്‍ത്തകരും അധ്യാപകരും പറഞ്ഞാണു തിരുവഞ്ചൂര്‍ അറിഞ്ഞത്‌.

സംഘര്‍ഷത്തിനിടെ തിരുവഞ്ചൂരിനെ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ രണ്ടാംനിലയില്‍നിന്നു താഴേക്കു വലിച്ചെറിഞ്ഞു. അനക്കമറ്റു കിടന്ന അദ്ദേഹത്തെ രണ്ട്‌ അധ്യാപകരും ലാബ്‌ അസിസ്‌റ്റന്റും ചേര്‍ന്നു താങ്ങിയെടുത്ത്‌ ലാബിനുള്ളിലാക്കി. എസ്‌.എഫ്‌.ഐക്കാര്‍ ഓടിയടുത്തെങ്കിലും അധ്യാപകര്‍ കതകു പൂട്ടിയതിനാല്‍ ലാബില്‍ കയറാനായില്ല. പിന്നീടു പോലീസ്‌ എത്തി എസ്‌.എഫ്‌.ഐക്കാരെ കാമ്പസില്‍നിന്നു പുറത്താക്കിയശേഷമാണു തിരുവഞ്ചൂരിനെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചത്‌. ഒരേ കിടപ്പില്‍ ആശുപത്രിവാസം ആറുദിവസം നീണ്ടു.

ആശുപത്രി വിട്ടശേഷവും കോളജിലെത്താന്‍ മൂന്നാഴ്‌ചത്തേക്കു പരസഹായം വേണ്ടിവന്നു. ഇതിനിടെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നിരുന്നു. തിരുവഞ്ചൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി; തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും. രണ്ടാംനിലയില്‍നിന്നുള്ള വീഴ്‌ചയുടെ ആഘാതം കലശലായ നടുവേദനയുടെ രൂപത്തില്‍ ഇന്നും തിരുവഞ്ചൂരിനൊപ്പമുണ്ട്‌. ദീര്‍ഘയാത്രകളില്‍ വേദന അസഹ്യമാകും. അന്നത്തെ ആക്രമണം അതിജീവിച്ച തിരുവഞ്ചൂര്‍ പിന്നീടു ജനപ്രതിനിധിയും മന്ത്രിയുമായതു ചരിത്രം.

** അന്ന്‌ അമ്പരന്നു, പോലീസും പ്രിന്‍സിപ്പലും

സോളാര്‍ സമരം കത്തിനില്‍ക്കുന്ന സമയം. തിരുവഞ്ചൂരാണ്‌ ആഭ്യന്തരമന്ത്രി. ഇടതുമുന്നണി പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ്‌ ഉപരോധസമരം നേരിടാന്‍ യു.ഡി.എഫ്‌. സര്‍ക്കാര്‍ കേന്ദ്രസേനയുടെ സഹായവും തേടിയിരുന്നു. സമരം അക്രമാസക്‌തമായേക്കുമെന്നും യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിട്ടുള്ളതായും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. കോളജിനു മുന്നിലെ സുരക്ഷാച്ചുമതല കേന്ദ്രസേനയ്‌ക്കു നല്‍കാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ഉത്തരവിട്ടു. കോളജില്‍ പരിശോധന നടത്താനുള്ള നീക്കം പോലീസില്‍നിന്നു ചോരാതിരിക്കാനായിരുന്നു തന്ത്രപരമായ ഈ മുന്‍കരുതല്‍.

എല്‍.ഡി.എഫിന്റെ സെക്രട്ടേറിയറ്റ്‌ ഉപരോധസമരം തുടങ്ങുന്ന ദിവസം പുലര്‍ച്ചെ ഇരുനൂറോളം കേന്ദ്രസേനാംഗങ്ങള്‍ യൂണിവേഴ്‌സിറ്റി കോളജ്‌ കാമ്പസിലേക്ക്‌ ഇരച്ചുകയറി. കോളജില്‍ കയറാന്‍ പ്രിന്‍സിപ്പലിന്റെ അനുമതി വേണം. പുലര്‍ച്ചെ 2.25-നു പ്രിന്‍സിപ്പലിനെ വീട്ടിലെത്തി പോലീസ്‌ വിളിച്ചുണര്‍ത്തി. കോളജില്‍ പരിശോധന നടത്താന്‍ അനുമതി തേടിയുള്ള കത്ത്‌ കൈമാറി. അതിനു ശേഷമായിരുന്നു റെയ്‌ഡ്‌.

പരിശോധനയില്‍ രണ്ടു ലോറി നിറയെ ആയുധങ്ങളാണു കാമ്പസില്‍നിന്നു കണ്ടെടുത്തത്‌. മണ്‍വെട്ടി മുതല്‍ വടിവാള്‍ വരെ ശേഖരത്തിലുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറിനുള്ളില്‍ റെയ്‌ഡ്‌ പൂര്‍ത്തിയാക്കി പോലീസും കേന്ദ്രസേനയും കാമ്പസിനു പുറത്തുകടന്നു. നേരം പുലര്‍ന്നശേഷമാണു താവളം റെയ്‌ഡ്‌ ചെയ്യപ്പെട്ട വിവരം എസ്‌.എഫ്‌.ഐ. നേതാക്കളറിഞ്ഞത്‌.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW