Tuesday, August 20, 2019 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.48 AM

പാര്‍ട്ടി കോളജുകളും പ്രിന്‍സിപ്പല്‍ കുഞ്ഞാടുകളും

യൂണിവേഴ്‌സിറ്റി കോളേജിന്‌ നല്ലകാലം. കുറേക്കാലമായി അവിടുത്തെ പെരുമകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌. ആരു ഭരിച്ചാലും പാര്‍ട്ടി കോളേജില്‍ എല്ലാം കുശാല്‍. കേരളാ യൂണിവേഴ്‌സിറ്റി ആരംഭിക്കുമ്പോള്‍ ആദ്യ വൈസ്‌ ചാന്‍സലറായി സാക്ഷാല്‍ ഐന്‍സ്‌റ്റീനെ ക്ഷണിച്ച സി.പി. രാമസ്വാമി അയ്യരുടെ മൂക്കുമുറിച്ച മലയാളിക്ക്‌ ഇതുതന്നെ വേണം. തൊട്ടുപുറകില്‍ മഹാരാജാസും ബ്രണ്ണനും വിക്‌ടോറിയയുമൊക്കെയുണ്ട്‌.
കേരള പാണിനി മുതല്‍ ഒ.എന്‍.വി.വരെയുള്ള ആചാര്യ പരമ്പരകളുടെ യശസിനെ നിഷ്‌പ്രഭമാക്കുന്ന വിദഗ്‌ദ്ധ പരിശീലനമാണവിടെ ലഭ്യമാകുന്നത്‌. ചക്കിക്കൊത്ത ചങ്കരന്‍ എന്ന മട്ടിലുള്ള പ്രിന്‍സിപ്പലും തിന്നുന്ന രാജാവിന്‌ കൊല്ലുന്ന മന്ത്രി എന്ന മട്ടിലുള്ള അദ്ധ്യാപകരും. യു.ജി.സി. സ്‌കെയില്‍ കക്ഷത്തില്‍വച്ച്‌ വിപ്ലവ കവിതകള്‍ മൂളി വിദ്യാര്‍ത്ഥി നേതാക്കളുടെ കാലുതിരുമ്മി സംഘടനാ പ്രവര്‍ത്തനത്തില്‍ തലപൂഴ്‌ത്തി കാലംകഴിക്കുന്ന അദ്ധ്യാപകര്‍ ഏവര്‍ക്കും മാതൃകയാണ്‌.
ഇടിമുറി എന്നൊക്കെ പറയുന്നത്‌ അസൂയാലുക്കളാണ്‌. സത്യത്തില്‍ തലസ്‌ഥാനത്തെ സമ്മേളനങ്ങള്‍ക്കുള്ള ക്വട്ടേഷന്‍ സംഘമാണീ കുഞ്ഞാടുകള്‍. മദ്യക്കുപ്പിയും വടിവാളുമൊക്കെ നാടക റിഹേഴ്‌സലിന്‌ കരുതിവച്ചതാണ്‌.
കമ്പിപ്പാരയും കഠാരയും കല്ലും പഠനസാമഗ്രികള്‍ മാത്രം. പി.എസ്‌.സി-സര്‍വകലാശാലാ പരീക്ഷകള്‍ നടത്തുന്നത്‌ എത്ര മാതൃകാപരമായും വിദ്യാര്‍ത്ഥി സൗഹൃദപരമായും ആണെന്നുള്ളത്‌ കണ്ടുപഠിക്കണം.
പരീക്ഷാ ചുമതലയുള്ള അധ്യാപക സഖാക്കള്‍ക്കും എക്‌സാമിനര്‍മാര്‍ക്കും കുശാല്‍. വെറുതേ അന്യോന്യം വെടിപറഞ്ഞോ മൊബൈലില്‍ കളിച്ചോ നേരം പോക്കാം. ഒപ്പിട്ട്‌ പ്രതിഫലം വാങ്ങി മടങ്ങാം. വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെട്ട്‌ തടികേടാകാതെ നോക്കണം എന്നു മാത്രം.
പ്രിന്‍സിപ്പലിന്‌ ഗജകേസരിയോഗം. ഒന്നും കണ്ടില്ല, കേട്ടില്ല, അറിഞ്ഞില്ല എന്ന മട്ടില്‍ കഴിഞ്ഞുകൂടാം. ഭരണമൊക്കെ യൂണിറ്റ്‌ ഭാരവാഹികള്‍ നോക്കിക്കൊള്ളും. അനുസരണയുള്ള കുഞ്ഞാടായി സഹകരിച്ച്‌ സിന്ദാബാദ്‌ വിളിച്ചാല്‍ അടുത്തൂണ്‍ പറ്റി പിരിയുംവരെ സുഖചികിത്സ.
പഠിക്കാന്‍ വരുന്നവര്‍ക്ക്‌ കോളജുകള്‍ വേറെയുണ്ടല്ലോ? പാര്‍ട്ടി നേതാവാകാനും പരീക്ഷയില്‍ പഠിക്കാതെ ജയിക്കാനും പി.എസ്‌.സി പരീക്ഷയില്‍ റാങ്കുനേടാനും ഉള്ളവര്‍ മാത്രം ഈ കളരിയില്‍ വന്നാല്‍ മതി. ഭാവിയില്‍ നിയമസഭ തല്ലിപ്പൊളിക്കാനുള്ള പരിശീലനം ഈ പാര്‍ട്ടി കോളേജില്‍ കിട്ടും. യോഗമുണ്ടെങ്കില്‍ ജീവനോടെ പുറത്തുവരാം.
കുട്ടികളുടെ ഔദാര്യത്തില്‍ തോളില്‍ കൈയിട്ട്‌ ഫെലിസിറ്റേറ്ററായി ഉപജീവനം കഴിക്കുന്ന, തലയില്‍ ആള്‍ത്താമസമില്ലാത്ത പ്രിന്‍സിപ്പലിനെ കാണുമ്പോള്‍ പഴയൊരു പ്രിന്‍സിപ്പലിനെ ഓര്‍മ്മ വരുന്നു.
കോളജില്‍നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി നേതാവിനെ തിരിച്ചെടുക്കാന്‍ യൂണിവേഴ്‌സിറ്റി പറഞ്ഞപ്പോള്‍ എം.ജി. കോളജ്‌ പ്രിന്‍സിപ്പല്‍ സ്‌ഥാനം പുറംകാല്‍കൊണ്ട്‌ തൂത്തെറിഞ്ഞ്‌ എന്നേക്കുമായി കോളേജിന്റെ പടിയിറങ്ങിയ സാക്ഷാല്‍ എം.പി. മന്മഥന്‍!

വിപ്ലവ ബുദ്ധിജീവികള്‍ നാടോടിക്കലകളില്‍ ഗവേഷണം നടത്തി സൈ്വരമായി രമിക്കുമ്പോള്‍ അടിയന്തരാവസ്‌ഥയുടെ നട്ടുച്ചയ്‌ക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ സ്വന്തം ഖദര്‍ഷാള്‍ വിരിച്ചുകിടന്ന്‌ ഒറ്റയാള്‍ പട്ടാളമായി അറസ്‌റ്റു വരിച്ച എം.പി. മന്മഥന്‍.

അടിമുടി ഗാന്ധിയനായ ആദര്‍ശധീരനായ മന്മഥന്‍ സാറെവിടെ, പുതിയ കാലത്തെ പാര്‍ട്ടി കോളേജുകളില്‍ പ്രിന്‍സിപ്പല്‍ കുഞ്ഞാടുകളെവിടെ?

പായിപ്ര രാധാകൃഷ്‌ണന്‍

Ads by Google
Tuesday 16 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW