Saturday, August 24, 2019 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.32 AM

അറസ്‌റ്റ് നാടകം പുലര്‍ച്ചെ , മുഖ്യപ്രതികള്‍ അകത്ത്‌

uploads/news/2019/07/322188/k1.jpg

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തുകേസില്‍ പ്രതികളായ എസ്‌.എഫ്‌.ഐ. നേതാക്കന്മാര്‍ മൂന്നു ദിവസത്തെ ഒളിവുജീവിതത്തിന്റെ ആലസ്യമില്ലാതെ പോലീസിനു മുന്നില്‍! ഇന്നലെ വെളുപ്പിനു രണ്ടരയ്‌ക്ക്‌ കേശവദാസപുരത്തു കണ്ട ഇരുവരെയും തിരിച്ചറിഞ്ഞ്‌ അറസ്‌റ്റ്‌ ചെയ്‌തെന്നാണു പോലീസിന്റെ വിവരണം. പുലര്‍ച്ചെയായതിനാല്‍ മാധ്യമങ്ങളുടെയോ പൊതുജനങ്ങളുടെയോ "ശല്യം" ഒഴിവാക്കാന്‍ പോലീസിനായി.
പി.എസ്‌.സിയുടേതടക്കം പരീക്ഷാസംവിധാനം സംശയത്തിന്റെ നിഴലിലാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടും ഉച്ചയ്‌ക്കു മുമ്പു കോടതിയില്‍ ഹാജരാക്കി ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തു. സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ ദിവസങ്ങളോളം അനധികൃത കസ്‌റ്റഡിയില്‍ തല്ലിച്ചതച്ചു മരണത്തിലെത്തിച്ച പോലീസിനു "ഭരണകക്ഷിയുടെ കുട്ടികളെ" വിശദമായി ചോദ്യംചെയ്യണമെന്നു തോന്നിയില്ല.
കോളജ്‌ കാമ്പസില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച അഖില്‍ ചന്ദ്രനെന്ന എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനെ കുത്തിയ സംഭവത്തില്‍ പ്രതികളായ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ പ്രസിഡന്റ്‌ ശിവരഞ്‌ജിത്‌, സെക്രട്ടറി നസീം എന്നിവരാണു പിടിയിലായത്‌. ഇവരെ കണ്ടെത്താനായി വീടുകളിലോ ഹോസ്‌റ്റലിലോ ഇവര്‍ ഒളിവിലിരിക്കാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളിലോ പോലീസ്‌ തെരച്ചില്‍ നടത്താതിരുന്നതും വിവാദമായി. പ്രതികള്‍ ഒരു ഡി.വൈ.എഫ്‌.ഐ. നേതാവിന്റെ സംരക്ഷണത്തിലായിരുന്നെന്നാണു സൂചന. ആരുടെയും കണ്ണില്‍പ്പെടാതെ നടന്ന അറസ്‌റ്റ്‌ നാടകമാണെന്നും വിമര്‍ശനം.
യൂണിവേഴ്‌സിറ്റി കോളജ്‌ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്‌തമായതോടെ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചില നേതാക്കളുമായി ബന്ധപ്പെട്ട്‌ ഇവരെ വിളിച്ചുവരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നെന്നാണു വിവരം. അതിനു മുമ്പു പ്രമുഖ അഭിഭാഷകന്റെ അഭിപ്രായം തേടിയിരുന്നതായും സൂചനയുണ്ട്‌.
ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം കേശവദാസപുരം ബസ്‌ബേയ്‌ക്കു സമീപം ഇരുവരെയും ഒരുമിച്ചു കണ്ടെന്നും പേരുവിവരങ്ങള്‍ ചോദിച്ച്‌ തിരിച്ചറിഞ്ഞ്‌ അറസ്‌റ്റ്‌ ചെയ്‌തെന്നുമാണു പോലീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. 11 മണിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. അഖിലിനെ കുത്തിയതിനു ശേഷം പ്രതികള്‍ കാമ്പസിനു പുറത്തുപോയത്‌ എങ്ങനെയെന്നോ ഇന്നലെ പുലര്‍ച്ചെ വരെ എവിടെയായിരുന്നെന്നോ റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലില്ല. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണു കുത്തിയതെന്നു റിപ്പോര്‍ട്ടിലുണ്ട്‌.
താനാണ്‌ അഖിലിനെ കുത്തിയതെന്നു ശിവരഞ്‌ജിത്‌ സമ്മതിച്ചിട്ടുണ്ട്‌. എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരെ അഖിലും മറ്റും പ്രതികരിച്ചത്‌ അസാരസ്യം ഉണ്ടാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ആക്രമിച്ചതെന്ന്‌ ശിവരഞ്‌ജിത്തും നിസാമും മൊഴി നല്‍കി. നെഞ്ചിലേറ്റ കുത്ത്‌ അല്‍പ്പം കൂടി താഴെയായിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നെന്നാണ്‌ ഡോക്‌ടര്‍മാരുടെ റിപ്പോര്‍ട്ട്‌. കത്തിമുന ഹൃദയത്തിനു തൊട്ടടുത്ത്‌ എത്തിയിരുന്നു. ഡോക്‌ടര്‍മാരുടെ ഈ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിട്ടില്ല.

Ads by Google
Tuesday 16 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW