Saturday, August 24, 2019 Last Updated 11 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.32 AM

എമ്പാനലുകാര്‍ക്കു കണ്ണീര്‍ മിച്ചം; 50 രൂപയുടെ കുറവിനു പിഴ 200!

uploads/news/2019/07/322187/k6.jpg

പത്തനംതിട്ട : കെ.എസ്‌.ആര്‍.ടി.സിയില്‍ രണ്ടു മാസം മുമ്പ്‌ താല്‍ക്കാലിക ജോലി ലഭിച്ച പഴയ എമ്പാനല്‍ ജീവനക്കാര്‍ക്ക്‌ പറയാനുള്ളതു ദുരിതക്കഥകള്‍. പ്രതിമാസം 20 ഡ്യൂട്ടിയെങ്കിലും ചെയ്‌തില്ലെങ്കില്‍ ആയിരം രൂപ പിഴ, ആനുകൂല്യങ്ങള്‍ ഒന്നുമില്ല, കണക്കില്‍ പിശകിയാല്‍ നാലിരട്ടി പിഴ, സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യം. ഇതിനോടകം പലരും ജോലി വേണ്ടന്നുവച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ പി.എസ്‌.സി. കണ്ടക്‌ടര്‍ റാങ്ക്‌ ലിസ്‌റ്റിലുള്ള 4051 പേര്‍ക്കു സ്‌ഥിരംനിയമനം നല്‍കാനാണു 3861 എമ്പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത്‌. നിയമനം ലഭിച്ചവരില്‍ 1200 പേര്‍ മാത്രം ജോലിക്കെത്തിയതോടെ ജീവനക്കാരുടെ ക്ഷാമമായി. എമ്പാനലുകാരെ തിരിച്ചെടുക്കാന്‍ കെ.എസ്‌.ആര്‍.ടി.സി. നിര്‍ബന്ധിതമായി. സ്‌ഥാപനത്തിന്റെ നടത്തിപ്പിനായി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള 1980-ലെ ബദലി ആക്‌ട്‌ പ്രകാരം 2200 പേരെയാണു തിരിച്ചെടുത്തത്‌. സ്‌ഥാപനവുമായി ഇവര്‍ക്കു യാതൊരു ബന്ധവുമുണ്ടാകില്ല. ഒരു ഡ്യൂട്ടിക്ക്‌ ലഭിക്കുന്ന ശമ്പളം 480 രൂപ മാത്രം.
ഫാസ്‌റ്റ്‌ പാസഞ്ചറുകളില്‍ ചില ദിവസങ്ങളില്‍ ഡബിള്‍ ഡ്യൂട്ടി ലഭിച്ചാല്‍ മെച്ചമാകും. ഡിപ്പോയിലെത്തി വെറും കൈയോടെ മടങ്ങേണ്ട അവസ്‌ഥയുമുണ്ടാകാറുണ്ട്‌. താല്‍ക്കാലിക കണ്ടക്‌ടര്‍മാരില്‍ പലര്‍ക്കും ലഭിക്കുന്നത്‌ മാസം 15-20 ഡ്യൂട്ടിയില്‍ താഴെ. 20 ഡ്യൂട്ടിയെങ്കിലും ചെയ്യാത്ത താല്‍ക്കാലിക കണ്ടക്‌ടര്‍മാരില്‍നിന്ന്‌ ആയിരം രൂപ പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ കോര്‍പറേഷന്‍.
ചീഫ്‌ ഓഫീസറുടെ ഉത്തരവനുസരിച്ചാണു പിഴയൊടുക്കുന്നതെന്നു തിരുവല്ല ഡിപ്പോ അധികൃതര്‍ പറഞ്ഞു. ഉത്തരവില്‍ ചീഫ്‌ ഓഫീസറുടെ ഒപ്പോ തീയതിയൊയില്ല. നോട്ടീസ്‌ എന്ന പേരില്‍ കുറിപ്പാണു നല്‍കിയത്‌. യൂണിറ്റ്‌ ഓഫീസര്‍മാര്‍ക്കാണ്‌ താല്‍ക്കാലിക ജീവനക്കാരുടെ ചുമതല. കേന്ദ്ര ഓഫീസിന്‌ യാതൊരു ബാധ്യതയും ഇല്ലെന്നാണ്‌ അറിയുന്നത്‌. തിരുവല്ലയിലെ 17 താല്‍ക്കാലിക ജീവനക്കാര്‍ക്കും ആയിരം രൂപ പിഴ ഈടാക്കുന്ന നോട്ടീസ്‌ ലഭിച്ചു. ഡ്യൂട്ടി പാസ്‌ ഇല്ലാത്തതിനാല്‍ ഡ്യൂട്ടിക്കല്ലാതെ ബസില്‍ കയറിയാല്‍ ടിക്കറ്റെടുക്കണം.
കണക്കില്‍ പാളിച്ച സംഭവിച്ചാല്‍ നാലിരട്ടി പിഴ ഒടുക്കുകയും വേണം (അമ്പത്‌ രൂപയുടെ കുറവിന്‌ 200 രൂപ പിഴ). ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകളില്‍ 16,000 രൂപാ കളക്‌ഷന്‍ ലഭിച്ചെങ്കില്‍ മാത്രമെ ഡബിള്‍ ഡ്യൂട്ടിയായി പരിഗണിക്കൂ.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Tuesday 16 Jul 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW