Wednesday, August 07, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 05.11 PM

ശ്വാസകോശത്തെ അര്‍ബുദം ബാധിക്കുമ്പോള്‍

''ശ്വാസകോശ അര്‍ബുദത്തിന് പിന്നില്‍ വായു മലിനീകരണത്തിനും വലിയ പങ്കുണ്ട്. ഖനി തൊഴിലാളികള്‍, ക്വാറികളില്‍ ജോലി ചെയ്യുന്നവര്‍, ആസ്ബസ്‌റ്റോസ്, നിക്കല്‍, ആര്‍സെനിക് തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവരിലും ഈ അര്‍ബുദം കൂടുതലായി കണ്ടുവരുന്നു''
Lung cancer: Symptoms, treatment, and early diagnosis

പുകവലിയാണു ശ്വാസകോശാര്‍ബുദത്തിന് പ്രധാന കാരണം. സിഗരറ്റ്, ബീഡി പുകയില്‍ കാന്‍സറിനു കാരണമാകുന്ന നിരവധി കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ അര്‍ധ കാര്‍സിനോജനുകള്‍, ന്യൂക്ലിയിക് അമ്ലങ്ങള്‍ക്കു തകരാറുണ്ടാക്കുന്ന ഘടകങ്ങള്‍ എന്നിവയും പുകയിലടങ്ങിയിരിക്കുന്നു.

പുകവലിക്കാര്‍ പുകച്ചുതള്ളുന്ന പുകയും അപകടവിമുക്തമല്ല. ഇങ്ങനെ പുറത്തുവരുന്ന പുക പുകവലി ഒരിക്കലും പുകവലിക്കാത്തവര്‍ക്കും കാന്‍സര്‍ 'സമ്മാനിക്കുന്നു'. 80 മുതല്‍ 90 ശതമാനം വരെ ശ്വാസകോശ അര്‍ബുദം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

വായു മലിനീകരണം


ശ്വാസകോശ അര്‍ബുദത്തിന് പിന്നില്‍ വായു മലിനീകരണത്തിനും വലിയ പങ്കുണ്ട്. ഖനി തൊഴിലാളികള്‍, ക്വാറികളില്‍ ജോലി ചെയ്യുന്നവര്‍, ആസ്ബസ്‌റ്റോസ്, നിക്കല്‍, ആര്‍സെനിക് തുടങ്ങിയവ കൈകാര്യം ചെയ്യുന്നവര്‍ തുടങ്ങിയവരിലും ഈ അര്‍ബുദം കൂടുതലായി കണ്ടുവരുന്നു.

പ്രകൃത്യാ ഉള്ള റാഡോണ്‍ അണുപ്രസരണം, ജനിതക കാരണങ്ങള്‍ എന്നിവയും കാന്‍സറിനു കാരണമാകാം. അപൂര്‍വമായി ക്ഷയരോഗത്തിന്റെ ഉണങ്ങിയ പാടുകളില്‍ കാന്‍സര്‍ കോശങ്ങള്‍ രൂപം കൊള്ളാം. മാംസഭക്ഷണം, ചിലയിനം വൈറസുകള്‍ തുടങ്ങിയവയും കാന്‍സറിനു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

ശ്വാസകോശാര്‍ബുദം വിവിധതരം


എല്ലാ ശ്വാസകോശ കാന്‍സറുകളും ഒരേപോലെയല്ല. ഏതുതരം കോശങ്ങളില്‍ നിന്നാണ് അവ ഉണ്ടാകുന്നതെന്നതിനെ ആശ്രയിച്ച് അഡിനോ കോശ കാന്‍സറുകള്‍, സ്‌ക്വാമസ് കോശ കാന്‍സറുകള്‍, ചെറുകോശ കാന്‍സറുകള്‍ എന്നിങ്ങനെ പ്രധാനമായും തരം തിരിക്കാം.

രോഗ വ്യാപന വേഗത, ചികിത്സയോടുള്ള പ്രതികരണം എന്നീ കാര്യങ്ങളിലൊക്കെ ഇവ വ്യത്യസ്ത സ്വഭാവമാണു കാണിക്കാറുള്ളത്. ഇതിനുപുറമെ മറ്റു നിരവധിയിനം കാന്‍സറുകളും വിവിധ ശരീരഭാഗങ്ങളിലെ കാന്‍സറുകളും ശ്വാസകോശത്തെ ബാധിക്കുന്നതും സാധാരണമാണ്.

Lung cancer: Symptoms, treatment, and early diagnosis

പ്രകടമല്ലാത്ത ലക്ഷണങ്ങള്‍


ശ്വാസകോശാര്‍ബുദം ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമാകണമെന്നില്ല. പലപ്പോഴും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് എക്‌സ്‌റേ എടുക്കുമ്പോഴായിരിക്കും രോഗം ശ്രദ്ധയില്‍ പെടുന്നത്.

രോഗവ്യാപ്തി, മുഴയുടെ സ്ഥാനം, സ്വഭാവം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണു രോഗലക്ഷണങ്ങള്‍ കാണുക. ഇടയ്ക്കിടെയുള്ള ചുമ, കഫത്തില്‍ രക്തം, പതറിയ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണ കണ്ടുവരുന്നു. ശ്വാസംമുട്ടല്‍, നെഞ്ചുവേദന, പെട്ടെന്നു ഭാരം കുറയല്‍, ശരീരക്ഷീണം മുതലായ ലക്ഷണങ്ങളും കണ്ടേക്കാം.

അര്‍ബുദം മറ്റു ഭാഗങ്ങളെയും ബാധിച്ചാല്‍ വയറ്റില്‍ വെള്ളം നിറഞ്ഞു വയറുവീര്‍ക്കല്‍, മുഖത്തു നീര്, നടുവേദന, പക്ഷാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൈയിലേയും കാലിലേയും നഖഭാഗം തടിക്കുന്നത് സാധാരണയാണ്.

രോഗനിര്‍ണയം


പതിവായി പുകവലിക്കുന്നവര്‍ മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്വാസകോശാര്‍ബുദത്തിന്റെ സാധ്യത പരിശോധിക്കണം. എക്‌സ്‌റേ, സി.ടി. സ്‌കാന്‍, ബ്രോങ്കോസ്‌കോപ്പി എന്നിവയാണു പ്രധാന രോഗനിര്‍ണയ മാര്‍ഗങ്ങള്‍. വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ഉള്ള വെളുത്ത പാടുകളായാണു സാധാരണ എക്‌സ്‌റേയില്‍ കാണപ്പെടുന്നത്. പരിശോധനയില്‍ മുഴ കണ്ടെത്തിയാല്‍ അതു ബയോപ്‌സി നടത്തി രോഗം സ്ഥിരീകരിക്കേണ്ടതുണ്ട്. കാന്‍സര്‍ കോശങ്ങളുണ്ടോ എന്നറിയാന്‍ കഫ പരിശോധന നടത്തുന്നതും പതിവാണ്.

ചികിത്സ


രോഗവ്യാപ്തി, ഏതിനം കോശങ്ങളാണു കാന്‍സറിനു കാരണം, രോഗിയുടെ പൊതു ആരോഗ്യസ്ഥിതി എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണു ചികിത്സ നിര്‍ണയിക്കുന്നത്. രോഗം ശ്വാസകോശത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഒതുങ്ങി നില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ ശസ്ത്രക്രിയ പ്രയോജനപ്പെടും. എന്നാല്‍, ഈ ഘട്ടത്തില്‍ മിക്കപ്പോഴും ശ്വാസകോശാര്‍ബുദം കണ്ടുപിടിക്കപ്പെടാറില്ല എന്നതാണു സത്യം. റേഡിയേഷന്‍ ചികിത്സ, കീമോ തെറാപ്പി എന്നിവയാണു നിലവിലുള്ള പ്രധാന ചികിത്സകള്‍.

രോഗം തടയാം


പുകവലി ഒഴിവാക്കുന്നതിലൂടെ മാത്രം ശ്വാസകോശാര്‍ബുദം വലിയൊരു ശതയാനവും തടയാന്‍ സാധിക്കും. പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതോടൊപ്പം നിയമനിര്‍മാണവും ഇക്കാര്യത്തില്‍ പ്രധാനമാണ്. രോഗസാധ്യതയുള്ളവരില്‍ സ്‌ക്രീനിംഗ് നടത്തുന്നതും നല്ലതാണ്.

വായു മലിനീകരണം കുറയ്ക്കാന്‍ വേണ്ട നടപടികളെടുക്കുന്നതും തൊഴില്‍ സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. പ്രകൃത്യാ ഉള്ള റേഡിയേഷന്‍ പ്രസരണം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ എടുക്കുന്നതും അര്‍ബുദ നിയന്ത്രണത്തിനു സഹായിക്കും.

കടപ്പാട്:
ഡോ. പി.എസ്. ഷാജഹാന്‍

Ads by Google
Monday 15 Jul 2019 05.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW