Wednesday, August 14, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Monday 15 Jul 2019 02.25 AM

എം. ടി. ഒരു മന്ത്രംപോലെ

uploads/news/2019/07/321948/bft1.jpg

"വരണ്ട പുഴയുടെ തീരത്തിലെ നിരത്തില്‍, വീണ്ടും വെള്ളവണ്ടികളുടെ വരവ്‌ കാത്തിരിക്കുന്ന ഒഴിഞ്ഞ കുടങ്ങളുടെ നിര. കുളവും പുഴയും മാത്രമല്ലല്ലോ വരണ്ടത്‌. എന്നോ ഞങ്ങളുടെ ഹൃദയങ്ങളും വരണ്ടുപോയല്ലോ മുത്തശ്ശി"
(മുത്തശ്ശിക്കഥയുടെ ബാക്കി- എം.ടി)

എം.ടി. എന്ന രണ്ടക്ഷരം കേരളത്തിന്റെ മന്ത്രധ്വനിയാണ്‌. ഇന്നെലകളും കടന്ന്‌ ഇന്നുകള്‍ക്കും നാളെകള്‍ക്കും വേണ്ടിയുള്ള അക്ഷരസൗരഭ്യം. കേരളത്തിന്റെ മണ്ണും പുഴയും ശബ്‌ദവും രുചിയും മനുഷ്യന്റെ മൗനവും മോഹവും ആഹ്‌ളാദവും പോലെ എം.ടിയുടെ കരുത്തുറ്റ വാക്കുകളില്‍ പ്രതിനിധീകരിക്കപ്പെടുന്നു.

എം.ടി. എണ്‍പത്തിയാറിലേക്ക്‌..!

ഡാര്‍ എസ്‌ സലാം ചെറുകഥയില്‍ എം.ടി. എഴുതി. "എന്നും മങ്ങാത്ത യുവത്വത്തിനു പേരുണ്ടായിരുന്നുവെങ്കില്‍ അതാണ്‌..." കഥയിലെ ഉലയാത്ത യൗവനം ഒരു സ്‌ത്രീയാണ്‌. ആ കഥാപാത്ര നിരീക്ഷണം എഴുത്തുകാരനു ചേരുന്നു. മലയാളത്തിന്റെ നിത്യയൗവനവും വാക്കുകളുടെ കരുത്തും സംഗീതവുമാണ്‌ എം.ടി. രമണതരംഗം മലയാളത്തില്‍ വീശിയടിച്ചെന്നു ചങ്ങമ്പുഴയെക്കുറിച്ച്‌ എം.ടി. ഒരിക്കല്‍ നിരീക്ഷിച്ചു. ചങ്ങമ്പുഴയ്‌ക്കുശേഷം തലമുറകളെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരന്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. രണ്ടുപേരും ചെറിയ പ്രായത്തില്‍ എഴുത്തില്‍ താരപദവികളിലേക്കെത്തുന്നു; പുതിയ കാലത്തും പഴയ കാലത്തും.

മലയാളികള്‍ ഒന്നു ചേരുന്നിടത്ത്‌ ഏറ്റവും കുടുതല്‍ പരാമര്‍ശിക്കപ്പെടുന്ന എഴുത്തുകാരന്റെ പേര്‌ മറ്റെന്താണ്‌? സിനിമയില്‍നിന്നോ ചെറുകഥയില്‍നിന്നോ എം.ടിയുടെ വാക്കുകള്‍. ലളിതമായി പറഞ്ഞാല്‍ പഞ്ച്‌ ഡയലോഗുകള്‍. മരണമില്ല. നിഷേധിയുടെ അടക്കിപ്പിടിച്ച പ്രതികാരധ്വനിയില്‍ പ്രണയാര്‍ദ്രത പുരളുന്നു. അറുപതുകളിലെ തീക്ഷ്‌ണയൗവനം കഥകളില്‍. എം.ടി. എഴുതിവച്ചതു വീണ്ടും നോക്കി:
"വിരസമായ രാപ്പകലുകളെപ്പോലെ ഇഴഞ്ഞുനീങ്ങുന്ന തീവണ്ടിബോഗികള്‍" "നന്മകള്‍ എനിക്കെന്നും വ്യാമോഹങ്ങള്‍ ആയിരുന്നു." (ബന്ധനം)
.....................................................

ജീവിതത്തില്‍ ഏതു കാലത്തേക്കും ഏതു സന്ദര്‍ഭത്തിലേക്കും എം.ടിയുടെ നിരീക്ഷണങ്ങള്‍. പ്രതിനായകനു സ്വയം ആശ്വസിക്കാം, വേര്‍പിരിഞ്ഞവര്‍ക്കായി പിരിയാന്‍ കഴിയാത്തവര്‍ക്ക്‌ നിവേദിക്കുകയുമാകാം.
"പകല്‍ പോയ വഴി അറിയാമായിരുന്നു. തടാകം അടര്‍ന്നുവീണ മറ്റൊരു മേഘക്കീറായി ചിതറികിടക്കുന്നു."

"താമസിച്ച നഗരങ്ങള്‍ക്കെല്ലാം മനസില്‍ പേരു വിളിക്കുന്നത്‌ വിനോദമായിരുന്നു. ക്രൂരതയുടെ നഗരം, വേദനയുടെ നഗരം, കന്യകയുടെ നഗരം."
ധിക്കാരിയുടെ ചൈതന്യം, ചെക്ക്‌ ഡിസൈനുകളുടെ ഹാഫ്‌ സ്‌ളീവ്‌ ഷര്‍ട്ടും മുണ്ടും, ആരെയും ശ്രദ്ധിക്കേണ്ട ബാധ്യതയില്ലന്ന്‌ ആവര്‍ത്തിക്കുന്ന മുഖം, ആയിരമായിരം ശബ്‌ദങ്ങളെ ആവോളം അവഗണിക്കുന്ന കാതുകള്‍, അറിവിനായുള്ള അഭിവാഞ്‌ഛ, അടുപ്പം തിരിച്ചറിഞ്ഞാലും എത്താന്‍ വൈകുന്ന ചെറുപുഞ്ചിരി, ആത്മാഭിമാനത്തിന്റെ കാല്‍പ്പാടുകള്‍... എം.ടി. എണ്‍പത്തിയാറില്‍നിന്നു തിരികെ നടക്കുകയായിരിക്കും.

ആഘോഷങ്ങളുടേയും പുരസ്‌കാരങ്ങളുടേയും പെരുമഴ കൊള്ളാതിരിക്കാന്‍ ആവോളം ശ്രദ്ധിക്കുന്ന എം.ടിയെ കണ്ടിട്ടുണ്ട്‌; ചിലേടത്തു പ്രസംഗങ്ങള്‍. സമാഹരിക്കപ്പെട്ടപ്പോള്‍ കണ്ട ശീര്‍ഷകം: വാക്കുകളുടെ വിസ്‌മയം: എം.ടിക്ക്‌ എണ്‍പത്തിയാറില്‍ ആശംസിക്കാവുന്ന മറ്റൊരു പേര്‌.

എഴുത്തുകാരനിലെ പത്രപ്രവര്‍ത്തകന്‌ എം.ടി. ദൂരപരിധി നിശ്‌ചയിച്ചു. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എം.ടി. സാഹിത്യത്തില്‍ പുതിയൊരു തലമുറയെ വളര്‍ത്തിയെടുത്തു. പരിപാലനത്തിന്റെ ആനുകൂല്യത്തെപ്പറ്റി എം. മുകുന്ദനും പുനത്തില്‍ കുഞ്ഞബ്‌ദുള്ളയും സക്കറിയയും പറഞ്ഞു കേട്ടിട്ടുണ്ട്‌.

സാഹിത്യവും രാഷ്‌ട്രീയവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ മുഖ്യധാരയില്‍ എന്നും രാഷ്‌ട്രീയം; എം.ടി. കുറിച്ചു: "പ്രത്യയശാസ്‌ത്രങ്ങള്‍ തളരുമ്പോള്‍ അവ മാറ്റിയെഴുതേണ്ട സ്‌ഥിതിയുണ്ടാകുന്നു. സാഹിത്യത്തിന്റെ സ്‌ഥിതി ഇതില്‍നിന്നു ഭിന്നമാണ്‌. സാഹിത്യം പലപ്പോഴും ഭാവനകള്‍ നിറഞ്ഞ കെട്ടുകഥകളാണ്‌. എന്നാല്‍ ഈ കെട്ടുകഥകള്‍ ഭാവിയില്‍ തിരുത്തപ്പെടുന്നില്ലെന്നുമാത്രമല്ല, അവ പരമ സത്യമായി മാറുകയും ചെയ്യുന്നു."

ടെലിവിഷന്‍ ക്യാമറയ്‌ക്കു മുന്നിലെത്താന്‍ വിസമ്മതിച്ചിരുന്ന എം.ടിയിലെ താല്‍പ്പര്യക്കേടിന്റെ രാവണന്‍ കോട്ട കടക്കാനുള്ള ശേഷി മാധ്യമപ്രവര്‍ത്തകര്‍ക്കു തീരെ കുറവ്‌. എഴുത്തുകാരുടെ ആഭിജാത്യമുള്ള ജീവിതം എന്തായിരിക്കണമെന്നു പ്രകൃതംകൊണ്ട്‌ ഓരോ നിമിഷവും എം.ടി. ബോധ്യപ്പെടുത്തുന്നു. ജ്‌ഞാനപീഠം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിനൊടുവില്‍ എം.ടി. തന്നിലെ എഴുത്തുകാരനെ വെളിപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌:

"ദൈവം താങ്കളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ചോദിച്ചുവെന്ന്‌ കരുതുക:
നിനക്കെന്തു വേണം? അയാള്‍ മറുപടി പറഞ്ഞേക്കും: ഈ ജീവിതത്തേക്കാള്‍ ജീവസുറ്റ ജീവിതം.
നന്ദി.
എല്ലാവര്‍ക്കും നന്ദി."
വാക്കുകള്‍ മന്ത്രം പോലെ.

-- ഏബ്രഹാം മാത്യൂ

Ads by Google
Ads by Google
Loading...
TRENDING NOW