Tuesday, August 20, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 02.15 AM

ഇംഗ്ലണ്ടിനു ലോകകപ്പ്‌ കിരീടം

uploads/news/2019/07/321934/s1.jpg

ലണ്ടന്‍: ന്യൂസിലന്‍ഡ്‌ തോറ്റില്ല; ഇംഗ്ലണ്ടിനു ലോകകപ്പ്‌ കിരീടം. നിശ്‌ചിത ഓവറിലും സൂപ്പര്‍ ഓവറിലും തോല്‍ക്കാതെ നിന്നെങ്കിലും ന്യൂസിലന്‍ഡ്‌ ലോകകപ്പ്‌ കിരീടം കൈവിട്ടു.
'സമനില തെറ്റാതെ' പോരാടിയ ഇംഗ്ലണ്ടിന്‌ കന്നിക്കിരീടം. ഒരു ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 'സമനിലയില്‍' കുരുക്കിയാണ്‌ ഇംഗ്ലണ്ട്‌ കിരീടത്തില്‍ മുത്തമിട്ടത്‌.
നേരത്തെ നിശ്‌ചിത ഓവറില്‍ ന്യൂസിലന്‍ഡ്‌ ഉയര്‍ത്തിയ 241 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട്‌ അവസാന പന്തില്‍ 241 റണ്‍സ്‌ നേടി പുറത്താകുകയായിരുന്നു.
നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ അവസാന ഓവറില്‍ ഇംഗ്ലണ്ടിനു ജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്‌.
കിവീസിന്റെ സ്‌റ്റാര്‍ ബൗളര്‍ ട്രെന്റ്‌ബോള്‍ട്ട്‌ എറിഞ്ഞ ഓവറില്‍ 14 റണ്‍സ്‌ നേടാനേ ഇംഗ്ലീഷ്‌ ബാറ്റ്‌സ്മാന്മാര്‍ക്ക്‌ ആയുള്ളു. ആദ്യ രണ്ടു പന്തും ഡോട്ട്‌ബോള്‍ ആയപ്പോള്‍ മത്സരം കിവീസ്‌ അനുകൂലമാകുമെന്നു പ്രതീക്ഷിച്ചു.
എന്നാല്‍ ബോള്‍ട്ടിന്റെ മൂന്നാം പന്തില്‍ സിക്‌സര്‍ പായിച്ച ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനു വീണ്ടും പ്രതീക്ഷ നല്‍കി. അടുത്തു പന്ത്‌ അതിലും നാടകീയത നിറഞ്ഞതായിരുന്നു. ബോള്‍ട്ട്‌ എറിഞ്ഞ ഫുള്‍ടോസ്‌ പന്ത്‌ ഡീപ്‌ മിഡ്‌വിക്കറ്റിലേക്കാണ്‌ സ്‌റ്റോക്‌സ് പായിച്ചത്‌.
ഫീല്‍ഡ്‌ ചെയ്‌ത മാര്‍ട്ടിന്‍ ഗുപ്‌ടില്‍ ഡയറക്‌ട് ത്രോയ്‌ക്കാണ്‌ ശ്രമിച്ചത്‌. എന്നാല്‍ രണ്ടാം റണ്ണിനായി ഡൈവ്‌ ചെയ്‌ത സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത്‌ ബൗണ്ടറിയിലേക്ക്‌. അപ്രതീക്ഷിതമായി ലഭിച്ച ആറു റണ്‍സിലൂടെ ഇംഗ്ലണ്ട്‌ ലക്ഷ്യത്തിലേക്ക്‌ അടുത്തു.
രണ്ടു പന്തില്‍ വേണ്ടത്‌ മൂന്നു റണ്‍സ്‌. എന്നാല്‍ അവസാന രണ്ടു പന്തിലും റണ്ണൗട്ടുകളുടെ രൂപത്തില്‍ ആദില്‍ റഷീദും(0), മാര്‍ക്ക്‌ വുഡും(0) പുറത്തായതോടെ സ്‌കോര്‍ തുല്യം. മത്സരം സൂപ്പര്‍ ഓവറിലേക്ക്‌.
സൂപ്പര്‍ ഓവറിലും തിരക്കഥയ്‌ക്കു മാറ്റമുണ്ടായില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ടിനായി ഇറങ്ങിയത്‌ സ്‌റ്റോക്‌സും ജോസ്‌ ബട്‌ലറും. ട്രെന്റ്‌ ബോള്‍ട്ട്‌ എറിഞ്ഞ ഓവറില്‍ രണ്ടു ബൗണ്ടറികള്‍ ഉള്‍പ്പടെ അവര്‍ നേടിയത്‌ 15 റണ്‍സ്‌.
തുടര്‍ന്ന്‌ മറുപടി നല്‍കാന്‍ ന്യൂസിലന്‍ഡ്‌ അയച്ചത്‌ ജയിംസ്‌ നീഷാമിനെയും ഫോമിലല്ലാത്ത മാര്‍ട്ടിന്‍ ഗുപ്‌ടിലിനെയും. പ്രതിരോധിക്കാന്‍ ഇംഗ്ലീഷ്‌ നിരയിലെ വജ്രായുധം ജൊഫ്ര ആര്‍ച്ചര്‍.
ആര്‍ച്ചറിന്റെ ആദ്യ പന്ത്‌ വൈഡ്‌. രണ്ടാം പന്തില്‍ നീഷാം രണ്ടു റണ്‍സ്‌ നേടി. മൂന്നാം പന്ത്‌ മിഡ്‌വിക്കറ്റ്‌ ബൗണ്ടറിക്കു മീതേ സിക്‌സര്‍. മൂന്നും നാലും പന്തുകളില്‍ രണ്ടു റണ്‍സ്‌ വീതം നേടിയ നീഷാമിനു പക്ഷേ അഞ്ചാം പന്തില്‍ സിംഗിള്‍ നേടാനേ കഴിഞ്ഞുള്ളു. അവസാന പന്ത്‌ നേരിട്ടത്‌ ഗുപ്‌ടില്‍.
ആര്‍ച്ചറിനെ മിഡ്‌വിക്കറ്റിലേക്കു തട്ടിയിട്ടു റണ്‍സിനായി ഓടിയ ഗുപ്‌ടിലിനു ആദ്യ റണ്‍ പൂര്‍ത്തിയാക്കേനേ കഴിഞ്ഞുള്ളു.
ജേസണ്‍ റോയിയുടെ ത്രോയില്‍ ബട്‌ലര്‍ സ്‌റ്റംപ്‌ ഇളക്കുമ്പോള്‍ ഗുപ്‌ടില്‍ വാരകള്‍ അകലെ. സ്‌കോര്‍ തുല്യം. മത്സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയതിന്റെ കരുത്തില്‍ ഇംഗ്ലണ്ടിനു കിരീടം.

Ads by Google
Monday 15 Jul 2019 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW