Wednesday, August 21, 2019 Last Updated 13 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.02 AM

അടിക്കിടെ കുത്തേറ്റത്‌ അഖില്‍ അറിഞ്ഞില്ല; മുന്നോട്ടുനടന്നപ്പോള്‍ ചോരചിതറി; നെഞ്ചിനുതാഴെ രണ്ടുതവണ കുത്തിയത് കൊല്ലാനുറച്ചുതന്നെ, കുത്തിയ ശിവരഞ്‌ജിത്തും കുത്താന്‍ പിടിച്ച നസീമും എവിടെ ?

uploads/news/2019/07/321714/2.jpg

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനായ ബിരുദവിദ്യാര്‍ഥി അഖിലിനെ എസ്‌.എഫ്‌.ഐ. നേതാവ്‌ ശിവരഞ്‌ജിത്ത്‌ കുത്തിവീഴ്‌ത്തിയത്‌ കൊല്ലാനുറപ്പിച്ച്‌. നെഞ്ചിനുതാഴെ രണ്ടുതവണയാണ്‌ അഖിലിനു കുത്തേറ്റത്‌. രക്‌തത്തില്‍ കുളിച്ച അഖിലിനെ പോലീസാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാക്കിയത്‌. ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നാണ്‌ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കിയത്‌.

uploads/news/2019/07/321714/aisf-march.jpg

അഖിലിനൊപ്പമുണ്ടായിരുന്ന സഹപാഠികളെ വിരട്ടിയോടിച്ചാണ്‌ മുപ്പതോളം വരുന്ന എസ്‌.എഫ്‌.ഐ. ഗുണ്ടാസംഘം കാമ്പസ്‌ മുറ്റത്ത്‌ കൊലവിളി നടത്തിയത്‌. സംഭവം നടന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ശിവരഞ്‌ജിത്തിനെയോ അഖിലിനെ കുത്താനായി പിടിച്ചുനിര്‍ത്തി മര്‍ദിച്ച നസീമിനെയോ പിടികൂടാന്‍ പോലീസിനായില്ല. രാവിലെ 10.30നാണ്‌ കാമ്പസില്‍ അക്രമമുണ്ടായത്‌. സംഭവശേഷം വിദ്യാര്‍ഥികളെ കത്തികാട്ടി വിരട്ടിഓടിച്ച്‌ വൈകിട്ട്‌ അഞ്ചുമണിവരെ ശിവരഞ്‌ജിത്തും നസീമും കാമ്പസിനുള്ളിലെ സ്‌റ്റുഡന്റ്‌ സെന്ററിലുണ്ടായിരുന്നു. പിന്നീടാണ്‌ ഇവര്‍ ഒളിവില്‍പ്പോയത്‌.

ശിവരഞ്‌ജിത്ത്‌ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ പ്രസിഡന്റും നസീം യൂണിറ്റ്‌ സെക്രട്ടറിയുമാണ്‌. തന്നെ കുത്തിയത്‌ ശിവരഞ്‌ജിത്താണെന്നു ശസ്‌ത്രക്രിയയ്‌ക്കുശേഷം ആശുപത്രിയില്‍ കഴിയുന്ന അഖില്‍ ഇന്നലെ ഡോക്‌ടറോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. നസീം പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തി ശിവരഞ്‌ജിത്തിന്‌ കുത്താന്‍ വഴിയൊരുക്കുകയായിരുന്നുവെന്നാണ്‌ അഖിലിന്റെ മൊഴി. ഡോക്‌ടര്‍ ഇക്കാര്യം പോലീസിനു കൈമാറിയിട്ടുണ്ട്‌.

uploads/news/2019/07/321714/sfi2.jpg

സംഭവത്തേത്തുടര്‍ന്ന്‌ കോളജിലെ യൂണിറ്റ്‌ കമ്മിറ്റി എസ്‌.എഫ്‌.ഐ. സംസ്‌ഥാന സമിതി പിരിച്ചുവിട്ടു. ഉള്‍പ്പെട്ട ഏഴുപേര്‍ എസ്‌.എഫ്‌.ഐ. യൂണിറ്റ്‌ കമ്മിറ്റി അംഗങ്ങളാണ്‌. ഇവരെ കഴിഞ്ഞദിവസം തന്നെ സംഘടനയില്‍ നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ നിരന്തരമായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനോ വിദ്യാര്‍ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്‌.എഫ്‌.ഐ യൂണിറ്റ്‌ കമ്മിറ്റിക്ക്‌ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ കമ്മറ്റി പിരിച്ചുവിട്ടത്‌. കേസില്‍ പ്രതികളായ വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നാളെ ചേരുന്ന കോളജ്‌ കൗണ്‍സില്‍ തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്‌.

സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കോളജിനുള്ളില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും, കത്തിയുള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെത്തി. ബൈക്കിന്റെ സൈലന്‍സര്‍, ഹാന്‍ഡില്‍ ബാര്‍ എന്നിവയും കാമ്പസിനുള്ളില്‍ സൂക്ഷിച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം അറിയിക്കുന്നതില്‍ കോളജ്‌ അധികൃതര്‍ക്കു വീഴ്‌ചപറ്റിയെന്നു പോലീസ്‌ ഡി.ജി.പിക്കു റിപ്പോര്‍ട്ട്‌ നല്‍കി. എസ്‌.എഫ്‌.ഐയുടെ അക്രമത്തില്‍ പ്രതിഷേധിച്ച്‌ എ.ഐ.എസ്‌.എഫ്‌, എ.ബി.വി.പി സംഘടനകള്‍ ഇന്നലെ സെക്രട്ടേറിയേറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തി. എ.ഐ.എസ്‌.എഫ്‌. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.

uploads/news/2019/07/321714/sfi3.jpg

കുത്തേറ്റത്‌ അഖില്‍ അറിഞ്ഞില്ല; മുന്നോട്ടുനടന്നപ്പോള്‍ ചോരചിതറി

തിരുവനന്തപുരം: വെള്ളിയാഴ്‌ച ഉണ്ടായ സംഘര്‍ഷത്തിന്റെ തുടക്കം അഖിലിന്റെ സുഹൃത്തായ ഉമര്‍ ഖാന്‌ നേര്‍ക്കുണ്ടായ ആക്രമണത്തോടെ. കഴിഞ്ഞദിവസം അഖിലും കൂട്ടുകാരും കാമ്പസിലെ കാന്റീനിലിരുന്നു പാട്ടുപാടിയതുമായി ബന്ധപ്പെട്ട്‌ എസ്‌.എഫ്‌.ഐ. ഭാരവാഹികളുമായി പ്രശ്‌നമുണ്ടായിരുന്നു. വെള്ളിയാഴ്‌ച രാവിലെ 10.30ന്‌ കാമ്പസിലെത്തിയ ഉമര്‍ ഖാന്‍ സ്‌റ്റേജിനു പിന്നിലെ മരത്തില്‍ ഇരുന്നു കൂട്ടുകാരൊടൊപ്പം പാട്ടുപാടി.
കാമ്പസില്‍ പതിവു "പട്രോളിങ്‌" നടത്തുന്ന എസ്‌.എഫ്‌.ഐ. സംഘം "ക്ലാസില്‍പ്പോടാ" എന്നു പറഞ്ഞു വിരട്ടി. മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ ഉമര്‍ ഖാനെയും അഖിലിനെയും പട്രോളിങ്‌ സംഘത്തിലുണ്ടായിരുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥി ചീത്ത വിളിച്ചു. ഇത്‌ ഉമര്‍ ഖാന്‍ ചോദ്യം ചെയ്‌തപ്പോള്‍ മുഖത്തിടിച്ചു.

uploads/news/2019/07/321714/sfi4.jpg

മറ്റുവിദ്യാര്‍ഥികള്‍ പിടിച്ചുമാറ്റിയതോടെ എസ്‌.എഫ്‌.ഐ. നേതാക്കള്‍ യൂണിയന്‍ ഓഫീസിലേക്കുപോയി. മര്‍ദനത്തില്‍ പ്രതിഷേധിച്ച്‌ സംഘടിച്ച മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. ഇതിനു പ്രതികാരമായി ഇടിമുറി എന്നറിയപ്പെടുന്ന യൂണിറ്റ്‌ കമ്മറ്റി ഓഫീസിനുള്ളില്‍ വിളിച്ചുവരുത്തി തങ്ങളെ മര്‍ദിക്കാന്‍ നേതാക്കള്‍ പദ്ധതിയിട്ടുവെന്നറിഞ്ഞ്‌ ഉമറും അഖിലും പുറത്തേക്കുപോകാനിറങ്ങി. എന്നാല്‍ ഗെയ്‌്റ്റില്‍വച്ച്‌ ശിവരഞ്‌ജിത്തും നസീമും ചേര്‍ന്ന്‌ ഇവരെ തടഞ്ഞു.
കൂട്ടഅടി നടക്കുന്നതിനിടെ ഉമറിനെ കുത്താന്‍ പിടിച്ചു. ഇതുകണ്ട്‌ വിരണ്ടോടിയ അഖിലിനെ ശിവരഞ്‌ജിത്തും സംഘവും ഓടിച്ചിട്ടു പിടിച്ചു. ഇവിടെക്കിടന്നു വിളഞ്ഞാല്‍ കുത്തിക്കീറുമെന്നു പറഞ്ഞ്‌ അഖിലിനെ ശിവരഞ്‌ജിത്ത്‌ കുത്തിയപ്പോള്‍ നസീം പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തി.
അടിക്കിടെ കുത്തേറ്റത്‌ അഖില്‍ അറിഞ്ഞില്ല. കുറേദൂരം നടന്നപ്പോള്‍ രക്‌തം പുറത്തേക്കുചിതറി. ഇതുകണ്ടു വിദ്യാര്‍ഥികള്‍ ചിതറിയോടി. നസീമും ശിവരഞ്‌ജിത്തും പിന്‍വലിഞ്ഞു. അതോടെപിന്നോട്ടുമറിഞ്ഞ അഖിലിനെ മറ്റുള്ളവര്‍ ചേര്‍ന്ന്‌ താങ്ങിയെടുത്ത്‌ കാമ്പസിനു പുറത്തെത്തിക്കുകയും പോലീസ്‌ വാഹനത്തില്‍ കയറ്റുകയുമായിരുന്നു.

Ads by Google
Sunday 14 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW