Tuesday, August 20, 2019 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ഹാലപ്പ്‌ ജേതാവ്‌

uploads/news/2019/07/321665/2.jpg

ലണ്ടന്‍: സെറീന വില്യംസിന്റെ 24-ാം ഗ്രാന്‍സ്ലാം ടെന്നീസ്‌ കിരീടമെന്ന കാത്തിരിപ്പ്‌ നീളും. വിമ്പിള്‍ഡണ്‍ വനിതാ സിംഗിള്‍സ്‌ ഫൈനലില്‍ യു.എസിന്റെ ഇതിഹാസ താരത്തെ റൊമാനിയയുടെ സിമോണ ഹാലപ്പാണ്‌ അട്ടിമറിച്ചത്‌.
വിമ്പിള്‍ഡണില്‍ എട്ടാം കിരീടം നേടാനിരുന്ന സെറീന നേരിട്ടുള്ള സെറ്റുകള്‍ക്കാണു കീഴടങ്ങിയത്‌. സ്‌കോര്‍: 6-2, 6-2. കഴിഞ്ഞ ആറ്‌ ഗ്രാന്‍സ്ലാം ഫൈനലുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു സെറീന ജേതാവായത്‌. ഇന്നലെ ഒന്നാം സെറ്റില്‍ തന്നെ സെറീന പിന്നോട്ടാണെന്നു വ്യക്‌തമായിരുന്നു. 26 മിനിറ്റ്‌ കൊണ്ടാണു ഹാലപ്പ്‌ ഒന്നാം സെറ്റ്‌ നേടിയത്‌.
രണ്ട്‌ ഗെയിമുകളുടെ മാത്രം നേട്ടവുമായാണു സെറീന രണ്ടാം സെറ്റില്‍ കളിക്കാനിറങ്ങിയത്‌. രണ്ടാം സെറ്റില്‍ സെറീനയുടെ പ്രതിഭാ സ്‌പര്‍ശമുണ്ടായതോടെ ഹരം പിടിപ്പിക്കുന്ന റാലികളുടെ വരവായി. സ്‌കോര്‍ 2-2 ന്‌ ഒപ്പമായതോടെ പോരാട്ടവും ആവേശകരമായി. രണ്ട്‌ പോയിന്റ്‌ ലീഡ്‌ നേടിയതോടെ ഹാലപ്പ്‌ 4-2 നു മുന്നിലെത്തി. സെറീനയുടെ അവിശ്വസനീയമായ പിഴവുകള്‍ ഹാലപ്പിന്‌ കിരീടത്തിലേക്കുള്ള വഴി സുഗമമാക്കി. കരിയറില്‍ ആദ്യമായാണു ഹാലപ്പ്‌ വിമ്പിള്‍ഡണില്‍ കിരീടം നേടുന്നത്‌.
ബാര്‍ബോറ സ്‌റ്റിര്‍കോവയെ തോല്‍പ്പിച്ചാണു സെറീന ഫൈനലില്‍ കടന്നത്‌. എലീന സ്വിറ്റോലിനയാണു സെമിയില്‍ ഹാലപ്പിനു മുന്നില്‍ വഴിമാറിയത്‌്. വിമ്പിള്‍ഡണ്‍ സ്വന്തമാക്കുന്ന ആദ്യ റെമാനിയക്കാരിയാണു ഹാലെപ്‌. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടവും സിമോണയ്‌ക്കായിരുന്നു. ഗ്രാന്‍സ്ലാം റെക്കോഡുകളില്‍ മാര്‍ഗരറ്റ്‌ കോര്‍ട്ടിന്‌ (24) ഒപ്പമെത്താനുള്ള അവസരമാണു 37 വയസുകാരിയായ സെറീനയ്‌ക്കു നഷ്‌ടമായത്‌. 2017 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലാണു സെറീന അവസാനം കിരീടം നേടിയത്‌്. കഴിഞ്ഞ തവണയും വിമ്പിള്‍ഡന്‍ ഫൈനലിലെത്തിയ സെറീന ജര്‍മനിയുടെ ആഞ്ചലിക്‌ കെര്‍ബറിനോടു തോല്‍ക്കുകയായിരുന്നു. അന്നും നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി.
പുരുഷ സിംഗിള്‍സില്‍ ഇന്നു നടക്കുന്ന ഫൈനലില്‍ നൊവാക്‌ ജോക്കോവിച്ചും റോജര്‍ ഫെഡററും തമ്മില്‍ ഏറ്റുമുട്ടും. സെന്റര്‍ കോര്‍ട്ടില്‍ വൈകിട്ട്‌ 6.30 മുതലാണു മത്സരം. ഇന്നലെ വൈകി നടന്ന സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിന്റെ റാഫേല്‍ നദാലിനെയാണു ഫെഡറര്‍ തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 7-6,1-6,6-4, 6-3. 37-ാം വയസിലും പ്രതാപത്തില്‍ കളിക്കുന്ന ഫെഡറര്‍ പിന്‍പോയിന്റ്‌ സെര്‍വുകളിലൂടെയും ബാക്ക്‌ ഹാന്‍ഡുകളിലൂടെയും നദാലിനെ സമ്മര്‍ദത്തിലാക്കി. ഒന്നാം സെറ്റിലും മികച്ച പോരാട്ടം പുറത്തെടുത്ത ഫെഡറര്‍ രണ്ടാം സെറ്റ്‌ കൈവിട്ടു.
മൂന്നാം സെറ്റിലും നാലാം സെറ്റിലും വീര്യത്തോടെ കളിച്ച ഫെഡറര്‍ തിരിച്ചടിച്ചു. മൂന്നാം സെറ്റ്‌ നേടുകയും നാലാം സെറ്റില്‍ ബ്രേക്ക്‌ ചെയ്യുകയും ചെയ്‌തതോടെ ഫെഡറര്‍ക്കു മുന്‍തൂക്കമായി. നാല്‌ മാച്ച്‌ പോയിന്റുകള്‍ രക്ഷപ്പെടുത്തി നദാല്‍ പൊരുതിയെങ്കിലും മത്സരം അഞ്ചാം സെറ്റിലേക്കു നീണ്ടില്ല. 16-ാം ഗ്രാന്‍സ്ലാം കിരീടമാണ്‌ ജോക്കോവിച്ച്‌ ലക്ഷ്യമിടുന്നത്‌. ഫെഡറര്‍ 20 ഗ്രാന്‍സ്ലാമുകള്‍ക്ക്‌ ഉടമയാണ്‌. സ്‌പെയിന്റെ റോബര്‍ട്ടോ ബാറ്റിസ്‌റ്റ അഗൂതിനെ തോല്‍പ്പിച്ചാണു ജോക്കോവിച്ച്‌ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലേക്ക്‌ ഒരു ചുവട്‌ കൂടിവച്ചത്‌. കരിയറില്‍ ആറാം തവണയാണു ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച്‌ വിമ്പിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്‌.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW