Saturday, August 24, 2019 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ഒരു ജയം പുതു ചാമ്പ്യന്‍

uploads/news/2019/07/321664/1.jpg

ലണ്ടന്‍: ക്രിക്കറ്റ്‌ ലോകകപ്പിന്റെ കലാശക്കളി നടക്കുന്ന ഇന്ന്‌ അന്തരീക്ഷവും അനുകൂലമായിരിക്കുമെന്നാണു കാലാവസ്‌ഥാ റിപ്പോര്‍ട്ട്‌. രാവിലെ 10 മുതല്‍ വൈകിട്ട്‌ മൂന്നു മണി വരെ മഴ പെയ്യാനുള്ള വിദൂര സാധ്യത പോലുമില്ല.
മഴയെക്കുറിച്ചുള്ള ചിന്തയില്ലാതെ ഫൈനല്‍ പോരാട്ടം ആവോളം ആസ്വദിക്കാം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മഴ വില്ലനായിരുന്നു. മഴ മൂലം മത്സരം റിസര്‍വ്‌ ദിനത്തിലാണു പൂര്‍ത്തിയായത്‌. പച്ചപ്പ്‌ നിറഞ്ഞ ലോഡ്‌സിലെ ഗ്രൗണ്ടില്‍ ടോസ്‌ നേടിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനു മുന്നില്‍ ഇംഗ്ലണ്ട്‌ നായകന്‍ ഒയിന്‍ മോര്‍ഗാനും ന്യൂസിലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്യംസണും മനസ്‌ തുറന്നില്ല. ഇതുവരെ നടന്ന 11 ലോകകപ്പ്‌ ഫൈനലുകളില്‍ ഏഴു തവണയാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌തവര്‍ ജേതാക്കളായത്‌ എന്ന ചരിത്രം അവരുടെ ചിന്തയിലുമുണ്ടാകാം.
സെമി ഫൈനലില്‍ ബാറ്റ്‌ ചെയ്യുന്നതിനിടെ പരുക്കേറ്റ ജോണി ബെയര്‍സ്‌റ്റോ ഇന്നും കളിക്കുമെന്ന വാര്‍ത്ത ഇംഗ്ലണ്ടിന്‌ അനുകൂലമാണ്‌്. അന്തിമ ഇലവനെ മാറ്റിപരീക്ഷിക്കാനുള്ള സാഹസികത തങ്ങള്‍ക്കില്ലെന്നു മോര്‍ഗാന്‍ വ്യക്‌തമാക്കുകയും ചെയ്‌തു. ന്യൂസിലന്‍ഡ്‌ ഓപ്പണര്‍ ഹെന്റി നികോള്‍സ്‌ ഇന്നലെ ശാരീരിക ക്ഷമതാ പരീക്ഷ നേരിട്ടു. നികോള്‍സ്‌ ഇന്നു കളിക്കുമെന്നാണു സൂചന. ഇന്ത്യക്കെതിരേ നടന്ന സെമിക്കിടെ നികോള്‍സിന്റെ കാല്‍ക്കുഴയ്‌ക്കു പരുക്കേറ്റിരുന്നു. പരുക്കു ഗുരുതരമല്ലെന്നാണു സൂചന. ലെഗ്‌ സ്‌പിന്നര്‍ ഇഷ്‌ സോധിയുടെ ലോഡ്‌സിലെ റെക്കോഡുകള്‍ അനുകൂലമാണെങ്കിലും ഇന്നു കളിപ്പിക്കാനിടയില്ല.
ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ 1973 നു ശേഷം ഇതുവരെ 90 തവണ ഏറ്റുമുട്ടി. 43 മത്സരങ്ങളില്‍ ജയിച്ച ന്യൂസിലന്‍ഡിന്‌ അല്‍പം മുന്‍തൂക്കമുണ്ട്‌. 41 മത്സരങ്ങളില്‍ ഇംഗ്ലണ്ട്‌ ജേതാക്കളായി. നാലു മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ട്‌ മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ലോകകപ്പില്‍ എട്ടു തവണയാണ്‌ ഇരുവരും ഏറ്റുമുട്ടിയത്‌്. അവിടെയും മുന്‍തൂക്കം നേടാന്‍ ന്യൂസിലന്‍ഡിനായി. അഞ്ചു മത്സരങ്ങളില്‍ ന്യൂസിലന്‍ഡാണു ജേതാക്കളായത്‌്. ഈ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ട്‌ 119 റണ്ണിനു ന്യൂസിലന്‍ഡിനെ തകര്‍ത്തുവിട്ടു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 305 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 45 ഓവറില്‍ 186 റണ്ണിന്‌ ഓള്‍ഔട്ടായി. 106 റണ്ണെടുത്ത ജെയിംസ്‌ ബെയര്‍സ്‌റ്റോ മത്സരത്തിലെ താരമായി. ഇംഗ്ലണ്ട്‌ ഇതുവരെ മൂന്നുവട്ടം ഫൈനലില്‍ കളിച്ചു. രണ്ട്‌ സെമികളും രണ്ട്‌ ക്വാര്‍ട്ടറുകളും അവരുടെ പേരിലുണ്ട്‌. 1975 ലെ പ്രഥമ ലോകകപ്പ്‌ മുതല്‍ സാന്നിധ്യമായ ന്യൂസിലന്‍ഡ്‌ തുടര്‍ച്ചയായി രണ്ടാം തവണയാണു ഫൈനലില്‍ കളിക്കുന്നത്‌.
അതുകൂടാതെ ഏഴു തവണ സെമി ഫൈനലിസ്‌റ്റുമായി. ന്യൂസിലന്‍ഡ്‌ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിന്റെ ഇംഗ്ലണ്ടിനെതിരായ റെക്കോഡ്‌ അമ്പരപ്പിക്കുന്നതാണ്‌. ഒന്‍പത്‌ ഇന്നിങ്‌സുകളിലായി 35 ശരാശരിയില്‍ 314 റണ്ണെടുക്കാന്‍ താരത്തിനായി. ഇംഗ്ലീഷ്‌ പേസര്‍ സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌ ന്യൂസിലന്‍ഡിനെതിരേ നടന്ന 10 മത്സരങ്ങളിലായി 14 വിക്കറ്റെടുത്തു (ബ്രോഡ്‌ ലോകകപ്പ്‌ ടീമിലില്ല).
യുവ പേസര്‍ ജോഫ്ര ആര്‍ച്ചറാണ്‌ ഇംഗ്ലണ്ടിന്റെ കുന്തമുന. ഓസീസിനെ വിറപ്പിക്കാന്‍ ആര്‍ച്ചറിന്റെ മിന്നല്‍ വേഗത്തിനായി. ലോഡ്‌സില്‍ ഇടംകൈയന്‍ പേസര്‍മാരാണു കൂടുതല്‍ തിളങ്ങിയിട്ടുള്ളതെന്ന കണക്കും ന്യൂസിലന്‍ഡിന്‌ അനുകൂലമാണ്‌. ഇംഗ്ലണ്ട്‌ ബാറ്റ്‌സ്മാന്‍മാരുടെ സ്‌പിന്നിനോടുള്ള അലര്‍ജി മാറിയതു കാരണം മിച്ചല്‍ സാന്റ്‌നര്‍ക്കു കാര്യമായ ജോലിയുണ്ടാകില്ല. ഇന്ത്യക്കെതിരേ ആറ്‌ ഓവറില്‍ രണ്ട്‌ മെയ്‌ഡിന്‍ അടക്കം ഏഴു റണ്ണുമായി രണ്ട്‌ വിക്കറ്റെടുത്ത സാന്റ്‌നര്‍ മത്സരത്തില്‍ നിര്‍ണായകമായി. ജാസണ്‍ റോയ്‌- ജോണി ബെയര്‍സ്‌റ്റോ ഓപ്പണിങ്‌ സഖ്യമാണ്‌ ഈ ലോകകപ്പില്‍ ഇംഗ്ലണ്ട്‌ ജയങ്ങളുടെ അടിത്തറ. ഏഴു മത്സരങ്ങളില്‍ ആദ്യ പവര്‍പ്ലേയില്‍ ഒന്നില്‍ കൂടുതല്‍ വിക്കറ്റ്‌ പോകാതിരിക്കാന്‍ കാരണവും ഈ കൂട്ടുകെട്ടാണ്‌. എട്ട്‌ ഇന്നിങ്‌സുകളിലായി 40, 79 (നോട്ടൗട്ട്‌), 106 (നോട്ടൗട്ട്‌), 148, 41,40, 27, 67 എന്നിങ്ങനെ അടിച്ചു കൂട്ടിയ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ആണു ന്യൂസിലന്‍ഡിന്റെ കരുത്ത്‌. ഇന്ത്യക്കെതിരേ റോസ്‌ ടെയ്‌ലര്‍ (90 പന്തില്‍ 74) ഫോമിലേക്കു മടങ്ങിവന്നതും അവര്‍ക്ക്‌ അനുകൂലമായി. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ ഇതുവരെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുത്തില്ലെന്ന പോരായ്‌മയുണ്ട്‌. ഇംഗ്ലീഷ്‌ നിരയിലെ കരുത്തുറ്റ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ന്യൂസിലന്‍ഡിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്‌തമാണ്‌.
ടീം: ഇംഗ്ലണ്ട്‌- ജാസണ്‍ റോയ്‌, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്‌, ഒയിന്‍ മോര്‍ഗാന്‍ (നായകന്‍), ബെന്‍ സ്‌റ്റോക്‌സ്, ജോസ്‌ ബട്ട്‌ലര്‍, ക്രിസ്‌ വോക്‌സ്, ലിയാം പ്ലങ്കറ്റ്‌, ആദില്‍ റഷീദ്‌, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക്‌ വുഡ്‌.
ടീം: ന്യൂസിലന്‍ഡ്‌- മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍, ഹെന്റി നികോള്‍സ്‌, കെയ്‌ന്‍ വില്യംസണ്‍ (നായകന്‍), റോസ്‌ ടെയ്‌ലര്‍, ടോം ലാതം, ജിമ്മി നീഷാം, കോളിന്‍ ഡി ഗ്രാനോമെ, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ്‌ ഹെന്റി, ട്രെന്റ്‌ ബോള്‍ട്ട്‌, ലോകി ഫെര്‍ഗുസണ്‍.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW