Thursday, August 15, 2019 Last Updated 51 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 08.26 PM

ഇളംപ്രായത്തില്‍ താന്‍ അഭിമുഖീകരിച്ച വേദനയുടെ ദശാംശം പോലും പാര്‍വതിയുടെ കഥാപാത്രം അനുഭവിച്ചിട്ടുണ്ടാവില്ല: പോരാടി ഡോക്ടറായ ജീവിതകഥ തുറന്നു പറഞ്ഞൊരു കുറിപ്പ്

Facebook post,  Dr.Shahina Kunjumuhammed

ആസിഡ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ചിത്രമായിരുന്നു പാര്‍വതി മുഖ്യകഥാപാത്രമായ 'ഉയരെ'. സ്വന്തം കാമുകനില്‍ നിന്നുണ്ടായ ആസിഡ് ആക്രമണത്തിനു ഇരയാകേണ്ടി വന്നവളുടെ പോരാട്ടമായിരുന്നു ഉയരെ. സിനിമയെ സംബന്ധിച്ചും ആസിഡ് ആക്രമണവും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ ഇളംപ്രായത്തില്‍ പൊള്ളലേറ്റതോടെ അഭിമുഖീകരിക്കേണ്ടി വന്ന ദാരുണ അവസ്ഥ തുറന്നു പറഞ്ഞുകൊണ്ട് ജീവിതത്തില്‍ എത്തിപ്പിടിച്ച ഉയരം വെളിപ്പെടുത്തിയിരിക്കുകയാണ് ഡോക്ടര്‍ ഷാഹിന തന്റെ കുറിപ്പിലുടെ.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാൻ ഷാഹിന, ജീവിതം തകർന്നുപോയി എന്ന് നിരാശപെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഒന്ന് മോട്ടിവേറ്റ് ചെയ്യുക എന്ന ഉദ്ദേശം കൂടെ ഉണ്ട് എന്റെ ഈ പരിചയപ്പെടുത്തലിന്..

ഈ ചിത്രത്തിൽ കാണുന്നത് പോലെ, ഞാനും ഉയരെ സിനിമയും തമ്മിൽ ചെറിയ ഒരു ബന്ധമുണ്ട്. ഉയരെ എന്നത് കേവലം ഒരു സിനിമാ മാത്രം ആയിരുന്നില്ല എനിക്ക്, ഒരു പരിധിയോളം അതിലൂടെ എനിക്കെന്റെ ഇതുവരെയുള്ള ജീവിതത്തിലേക്കു ഒരെത്തിനോട്ടം കൂടി ആയിരുന്നു. ഉയരെ എന്ന സിനിമയിൽ പർവ്വതിയുടെ കഥാപാത്രമായ പല്ലവിക്ക്, ഒരു ആസിഡ് ആക്രമണം കൊണ്ടാണ് അവളുടെ ബാഹ്യ സൗന്ദര്യം നഷ്ടപെട്ടതെങ്കിൽ, ബാല്യകാലത്തിലെ അശ്രദ്ധമൂലമുണ്ടായ ഒരു അപകടമാണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. നാളിതുവരെ ഞാൻ അനുഭവിച്ചത്, നിങ്ങൾക്ക് ഊഹിക്കാവുന്ന അതിർവരമ്പുകൾക്കും അപ്പുറമാണ്.

എന്റെ 5-ആം വയസിൽ, ബാല്യത്തിലെ ഒരു കറുത്ത ദിനം, ആ കനൽ വിളക്ക് എന്നെ തള്ളിയിട്ടത് ഒരു തീച്ചൂളയിലേക് ആയിരുന്നു, അതും എന്റെ ജീവിതം പിടിച്ചു വാങ്ങുക എന്ന ലക്ഷ്യത്തോടെ. വസ്ത്രത്തുമ്പിലൂടെ പടർന്നുകയറിയ ആഴി എരിഞ്ഞമർത്തിയത് എന്റെ ജീവിതം ആയിരുന്നു. അതേ, എന്റെ ദേഹമാസകലം ചടുലനൃത്തം ആടിയ ആ ആഴിയിൽ ഞാൻ അമർന്നുപോകുന്നു എന്ന് തോന്നിയ നിമിഷം. ഞാൻ ആ ഇളം പ്രായത്തിൽ അഭിമുഖീകരിച്ച വേദനയുടെ ദശാംശം പോലും പാർവതിയുടെ കഥാപാത്രം അനുഭവിച്ചിട്ടുണ്ടാവില്ല, സിനിമയിൽ ആയിരുന്നാലും. എന്നാൽ ദൈവം എന്നെ കൈവെടിഞ്ഞില്ല, ഉണ്ടായിരുന്നു എനിക്കൊപ്പം. അതേപോലെ താങ്ങായും തണലായും ദിനരാത്രങ്ങൾ നോക്കാതെ എനിക്കൊപ്പം എന്റെ നല്ലവരായ മാതാപിതാക്കളും. കുറുമ്പ് കാട്ടി കളിച്ചു നടക്കേണ്ട എന്റെ ബാല്യകാലത്തിലെ സുന്ദര നാളുകൾ, കാലങ്ങളോളം വേദന കടിച്ചമർത്തി ഞാൻ ഹോസ്പിറ്റലിൽ ചിലവഴിച്ചു. അതിനു ശേഷം വീട്ടിലെ മുറിക്കുള്ളിലും. ആ ഒരു നിമിഷത്തിൽ സംഭവിച്ച അശ്രദ്ധ, കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കാൻ പോലും എന്നെ ഭീതിപ്പെടുത്തി. ആളുകളുടെയിടയിൽ നിന്നും ഒഴിഞ്ഞുമാറാൻ ഞാൻ സ്വയം സന്നദ്ധയായി. ഒരുപാട് കുത്തുവാക്കുകളും കുറ്റപ്പെടുത്തലും കളിയാക്കലും ഒറ്റപെടുത്തലുകളുമെല്ലാം ബാല്യകാലം മുതൽ ഞാൻ അനുഭവിച്ചിട്ടുണ്ട്..

നിങ്ങളുടെ ചിന്തകൾക്കതീതം ആണ്, എന്റെ ആ ഇളം പ്രായത്തിലെ പ്രയാസങ്ങൾ, ഞാൻ അനുഭവിച്ച നരകയാതനതകൾ.

പക്ഷെ എന്റെ ദൈവവും എന്റെ മാതാപിതാക്കളും കൂടപ്പിറപ്പുകളും എനിക്ക് പൂർണ്ണപിന്തുണ തന്ന് എന്റെയൊപ്പം നിന്നു, അവരുടെ പ്രാർഥനയും സ്നേഹവും കൂടി ആയപ്പോൾ, എന്റെ ശരീരത്തിലെ ബാഹ്യപൊള്ളലുകൾ എല്ലാം തരണം ചെയ്ത്, ജീവിതത്തെ ഞാൻ സധൈര്യം പോരാടി, പഠിച്ചു വളർന്നു, ദൈവകൃപയാൽ ഞാൻ ഇന്നൊരു ഡോക്ടർ ആയി. ഒരു പക്ഷെ രോഗികൾക്ക് ആശ്വാസം നൽകാനായി, അവർക്കു വേണ്ടി ജീവിതം സേവിക്കാൻ ആയിരിക്കും ദൈവം എനിക്ക് ഒരു രണ്ടാം ജന്മം തന്നത്.

എന്റെ ജീവിതത്തിലും ഉയരെയിലെ ടോവിനോയെ പോലെ ഒരുപാടു നല്ല വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു, എല്ലാത്തിനും എനിക്ക് പൂർണ്ണപിന്തുണ നൽകി അന്നും ഇന്നും അവർ താങ്ങായി തണലായി കൂടെ ഉണ്ട്. നമ്മുടെ സമൂഹത്തിൽ പല്ലവിയെ പോലെ അല്ലെങ്കിൽ എന്നെപ്പോലെ അനേകം ആളുകൾ ഉണ്ടാവും, ദുരന്തയാതനകളാൽ ക്ലേശിക്കുന്നവർ. അങ്ങനെ പ്രയാസങ്ങളാൽ വീടിനുള്ളിൽ ഒതുങ്ങി ജീവിക്കുന്നവർക് ഒരു പ്രചോദനം ആകട്ടെ ഉയരെ എന്ന സിനിമയും അതിലുപരി എന്റെ ഈ ജീവിതവും.

Written by DrShahina Kunjumuhammed

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW