Wednesday, August 21, 2019 Last Updated 50 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 03.05 PM

കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു

Congress, BJP
കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍

ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരവെ അഞ്ച് എം.എല്‍.എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു. സ്പീക്കര്‍ രമേഷ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എം.എല്‍.എമാരായ കെ. സുധാകര്‍, റോഷന്‍ ബെയ്ഗ്, എം.ടി.ബി നാഗരാജ്, മുനിരത്‌ന നായിഡു, ആനന്ദ് സിംഗ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

നേരത്തെ പത്ത് എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സുപ്രീം കോടതിയെ സമീപിച്ച എം.എല്‍.എമാരുടെ എണ്ണം 15 ആയി. നേരത്തെ കോടതിയെ സമീപിച്ച എം.എല്‍.എമാരുടെ ഹര്‍ജിയില്‍ അവരുടെ രാജി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രാജി സ്വീകരിക്കുന്നത് തന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്നും തിടുക്കത്തില്‍ തീരുമാനം എടുക്കാനാകില്ലെന്നുമായിരുന്നു സ്പീക്കര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എം.എല്‍.എമാര്‍ തന്നെ നേരിട്ട് വന്ന് കാണണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് പ്രകാരം പത്ത് എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജി കൈമാറി മടങ്ങിയിരുന്നു. ഹോട്ടലുകളിലേക്ക് തന്നെയാണ് എം.എല്‍.എമാര്‍ മടങ്ങിയത്. എം.എല്‍.എമാരുടെ നിയമപോരാട്ടവും സ്പീക്കറുടെ തീരുമാനവും നീണ്ടുപോകുന്ന സാഹചര്യത്തില്‍ കര്‍ണാടക പ്രതിസന്ധിക്ക് അടുത്ത ആഴ്ച മാത്രമേ അയവ് വരൂ എന്നാണ് സൂചന. എം.എല്‍.എമാരുടെ ഹര്‍ജികളില്‍ ഇനി ബുധനാഴ്ച മാത്രമേ സുപ്രീം കോടതിയില്‍ നിന്ന് തീരുമാനം വരൂ. രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതിനിടെ വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കി. വിമത എം.എല്‍.എ എം.ടി.ബി നാഗരാജ് രാജി പിന്‍വലിക്കാന്‍ തയ്യാറായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വിമത എം.എല്‍.എ നാഗരാജിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നാഗരാജ് വഴങ്ങിയത്. മറ്റ് എം.എല്‍.എമാരെയും അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനിടെ വിശ്വാസവോട്ട് നേടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചതും ഭരണപക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നു.

​​​

Ads by Google
Ads by Google
Loading...
TRENDING NOW