Sunday, August 18, 2019 Last Updated 57 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 03.39 PM

ഓരോ വീട്ടിലും ഓരോ പ്രഷര്‍ രോഗി

''വര്‍ധിച്ച രക്തസമ്മര്‍ദമുള്ളവരുടെ സംഖ്യ ലോകത്ത് ഭീതിതമാംവിധം വര്‍ധിച്ചുവരികയാണ്. 2000 - ല്‍ ആഗോളമായി 100 കോടി ആളുകള്‍ക്ക് കൂടിയ രക്തസമ്മര്‍ദം ഉണ്ടായിരുന്നു. 2025 ആകുമ്പോള്‍ ലോകജനസംഖ്യയുടെ മൂന്നിലൊന്നുപേരെയും ഈ രോഗാതുരത കീഴ്‌പ്പെടുത്തുന്നു''
High blood pressure

ഭൂമുഖത്ത് പ്രതിവര്‍ഷം ഏഴര ദശലക്ഷം പേരെ കൊന്നൊടുക്കിക്കൊണ്ട് അമിത രക്തസമ്മര്‍ദം ഏറെ ഭീഷണമായ ഒരു രോഗാതുരതയായി പടര്‍ന്നേറുകയാണ്. വികസിത രാജ്യങ്ങളില്‍ അകാല മരണത്തിനിടയാക്കുന്ന രോഗാവസ്ഥകളില്‍ നാലാം സ്ഥാനത്താണ് രക്താതിസമ്മര്‍ദം.

വികസ്വര രാജ്യങ്ങളില്‍ ഇത് ഏഴാം സ്ഥാനത്തും. ഹൃദ്രോഗവും സ്‌ട്രോക്കും ഹൃദയപരാജയവും കൂടി കണക്കിലെടുത്താല്‍ ആകെക്കൂടിയുള്ള മരണനിരക്കിന്റെ 50 ശാതമാനവും വര്‍ധിച്ച രക്തസമ്മര്‍ദത്തിലാണെന്ന് കാണാം.

പ്രമേഹബാധിതരിലെ 40 ശതമാനം മരണവും രക്തസമ്മര്‍ദം ഉയരുമ്പോഴുണ്ടാകുന്ന അപകടാവസ്ഥകള്‍കൊണ്ടുതന്നെ. ഗര്‍ഭാവസ്ഥയില്‍ മാതാവിന്റെയും കുട്ടിയുടെയും പെട്ടെന്നുള്ള മരണകാരണമായി ക്രമം തെറ്റുന്ന രക്തസമ്മര്‍ദത്തെ പരിഗണിക്കുന്നു.

കണക്കുകള്‍ ഞെട്ടിക്കുന്നു


വര്‍ധിച്ച രക്തസമ്മര്‍ദമുള്ളവരുടെ സംഖ്യ ലോകത്ത് ഭീതിതമാംവിധം വര്‍ധിച്ചുവരികയാണ്. 2000 - ല്‍ ആഗോളമായി 100 കോടി ആളുകള്‍ക്ക് കൂടിയ രക്തസമ്മര്‍ദം ഉണ്ടായിരുന്നു. 2025 ആകുമ്പോള്‍ ലോകജനസംഖ്യയുടെ മൂന്നിലൊന്നുപേരെയും ഈ രോഗാതുരത കീഴ്‌പ്പെടുത്തുന്നു. അതായത് 156 കോടി ആളുകള്‍.

ഇന്ത്യയിലെ പൊതുവായ കണക്കെടുത്താല്‍ നഗരവാസികളിലെ 25 ശതമാനം പേര്‍ക്കും ഗ്രാമീണരില്‍ 10 - 15 ശതമാനം പേര്‍ക്കും രക്താതിസമ്മര്‍ദം ഉണ്ടെന്ന് തെളിയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രഷര്‍ രോഗികളുള്ളത് മുംബൈയിലാണ്.

High blood pressure

അവിടുത്തെ 40 ശതമാനം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ട്. കേരളത്തിലെ സ്ഥിതി ഏറെ പരിതാപകരമാണ്. ഇവിടെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാളെങ്കിലും അമിത രക്തസമ്മര്‍ദമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഈയിടെ ലാന്‍സറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലില്‍ ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനത്തില്‍ ഫലം പ്രസിദ്ധീകരിക്കപ്പെട്ടത് ലോകശ്രദ്ധയാകര്‍ഷിച്ചു. കേരളത്തില്‍ 40 ശതമാനം പേര്‍ക്ക് അമിത രക്തസമ്മര്‍ദമുണ്ട്. മാത്രമല്ല, ഇക്കൂട്ടരില്‍ 15 ശതമാനം പേര്‍ മാത്രമാണ് പ്രഷര്‍ പരിധികള്‍ക്കുള്ളില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നത്.

75 ലക്ഷത്തിലധികം മലയാളികളില്‍ പ്രഷറിന്റെ ആപത്കരമായ സങ്കീര്‍ണതകള്‍ കാണപ്പെടുന്നതായി തെളിഞ്ഞു. ഉപ്പും കൊഴുപ്പും കൂടുതലുള്ള ഭക്ഷണ ശൈലിയും അമിത മദ്യവിനിയോഗവും കൈമുതലാക്കിയ മലയാളികള്‍ക്ക് വരും കാലയളവില്‍ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകര വില്ലന്‍ രക്താതിസമ്മര്‍ദം തന്നെ. ഇതാവട്ടെ അവരെ അകാല മരണത്തിലേക്ക് വലിച്ചിഴക്കുകതന്നെചെയ്യും.

സ്‌കൂള്‍ കുട്ടികളിലും രക്താതിസമ്മര്‍ദം


ഈ കഴിഞ്ഞ സെപ്തംബര്‍ മാസം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഹരിയാന, മണിപ്പൂര്‍, ഗുജറാത്ത്, ഗോവ എന്നീ സംസഥാനങ്ങളിലെ അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പഠനം ഏറെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നു.
High blood pressure

1500 സ്‌കൂള്‍ കുട്ടികളെയാണ് പഠനവിധേയമാക്കിയത്. ഈ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ കുട്ടികളില്‍ 23 ശതമാനം പേര്‍ക്ക് അപകടകരമായി ഉയര്‍ന്ന രക്താതിസമ്മര്‍ദം കണ്ടു. കുട്ടികളിലെ സാധാരണ കാണാവുന്ന പ്രഷര്‍ 120/80 എന്ന് സ്ഥിരപ്പെടുത്തി 135 / 90 ല്‍ കൂടുതല്‍ കണ്ടവരെയാണ് വര്‍ധിച്ച രക്തസമ്മര്‍ദമുള്ളവരായി കണക്കാക്കിയത്.

ഉപ്പ് കൂടിയും അശാസ്ത്രിയമായ ഭക്ഷണശൈലിയും അമിത വണ്ണവും വ്യായാമക്കുറവും മാനസികസമ്മര്‍ദവും കുട്ടികളില്‍ വര്‍ധിച്ച രക്തസമ്മര്‍ദത്തിന് കാരണമാകുന്നതായി കണ്ടെത്തി.

പിഴക്കുന്ന പരിശോധനാഫലം


രക്താതിസമ്മര്‍ദം കൃത്യമായി പരിശോധിച്ച് ഒരാളുടെ യഥാര്‍ഥ രക്തസമ്മര്‍ദം നിര്‍ണയിച്ച് ചികിത്സ സംവിധാനം ചെയ്യുന്നതില്‍ പല അപാകതകളും സംഭവിക്കുന്നു. ക്ലിനിക്കുകളില്‍ വച്ച് ഏതാനും മിനിട്ടുക ധൃതിയില്‍ അളക്കുന്ന പ്രഷര്‍ പലപ്പോഴും ശരിയാകണമെന്നില്ല. 'വൈറ്റ് കോട്ട് ഹൈപ്പര്‍ടെന്‍ഷന്‍' എന്നു വിളിക്കുന്ന കോട്ടിട്ട ഡോക്ടറെയോ നഴ്‌സിനെയോ പെട്ടെന്ന് കാണുമ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക വ്യതിയാനങ്ങള്‍ രോഗിയുടെ കൃത്യമായ പ്രഷര്‍ തിട്ടപ്പെടുത്തുവാന്‍ വിഘാതമായി നില്‍ക്കുന്നു.

വൈറ്റ് കോട്ട് ഇഫക്ട് മൂലം 20 - 35 ശതമാനം വരെ പ്രഷര്‍ താല്‍ക്കാലികമായി ഉയരാം. അടുത്തത് നേരെ വിപരീതമാണ്. ക്ലിനിക്കില്‍ വച്ച് സാധാരണ ബി.പി, പുറത്തിറങ്ങിയാല്‍ ഏറ്റക്കുറച്ചിലുകള്‍, ഇതിനെ 'മാസ്‌ക്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍' എന്നു വിളിക്കുന്നു. പകലും രാത്രിയിലും എടുക്കുന്ന പ്രഷറിന്റെ അളവുകളില്‍ വ്യതിയാനങ്ങളുണ്ട്. വെളുപ്പാന്‍ കാലത്ത് ഉറക്കമുണരുമ്പോള്‍ ചിലരില്‍ പ്രഷര്‍ കുതിച്ചുയരാറുണ്ട്.

ഇക്കൂട്ടര്‍ തലവേദനയുമായാണ് ഉണരുന്നത്. ഇവരില്‍ ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും ഹൃദയപരാജയവും വര്‍ധിച്ചതോതില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ ഒരുതവണ ധൃതിയില്‍ അളന്ന് രോഗനിര്‍ണയം നടത്തുന്നതിനു പകരം ദിവസത്തിന്റെ പലസമയങ്ങളില്‍ അളന്ന് രക്തസമ്മര്‍ദം അധികരിച്ചിട്ടുണ്ടോയെന്ന് തിട്ടപ്പെടുത്തണം.

രാത്രികാല പരിശോധന


രാത്രകാലത്ത് രേഖപ്പെടുത്തുന്ന പ്രഷറിന്റെ അളവുകളാണ് രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ കൂടുതല്‍ വിശ്വാസയോഗ്യമായതെന്നാണ് പുതിയ നിരീക്ഷണങ്ങള്‍. സാധാരണഗതിയില്‍ പകലുള്ള പ്രഷറിന്റെ 10 - 20 ശതമാനം രാത്രിയില്‍ കുറയ്ക്കുന്നു. ഇത് പാതിരാത്രിയ്ക്കു ശേഷം കൂടുതല്‍ പ്രകടമാകുന്നു. ഇക്കൂട്ടരെ 'ഡിപ്പേഴ്‌സ്' എന്നു വിളിക്കുന്നു.

പകലും രാത്രിയിലും ഒരുപോലെ പ്രഷര്‍ ഉള്ളവര്‍ 'നോണ്‍ ഡിപ്പേഴ്‌സ്' ആണ്. ഇനി രാത്രിയില്‍ പകലുള്ളതിനേക്കാള്‍ കൂടിയ പ്രഷറുള്ളവര്‍ക്ക് 'റിവേഴ്‌സ് ഡിപ്പേഴ്‌സ്' എന്നു വിളിക്കുന്നു. രാത്രിയില്‍ പ്രഷര്‍ കുറയാത്തവര്‍ക്കും, പകലിനേക്കാള്‍ കൂടുതലുള്ളവര്‍ക്കും ഉറക്കമുണരുമ്പോള്‍ കുതിച്ചുയരുന്നവര്‍ക്കും സ്‌ട്രോക്ക്, ഹാര്‍ട്ടറ്റാക്ക്, ഹൃദയ പരാജയം തുടങ്ങിയ മാരക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറി നില്‍ക്കുന്നു.

High blood pressure

ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കണം


24 മണിക്കൂറിലെ രക്തസമ്മര്‍ദം രേഖപ്പെടുത്തുന്ന സംവിധാനം ഇന്ന് പ്രചാരത്തിലുണ്ട്. 'ആംപുലേറ്ററി ബി.പി മോണിട്ടറിംങ്' (എ.ബി.പി.എം) എന്നാണ് ഇത് അറിയപ്പെടുന്നത്. അരയില്‍ ബെല്‍റ്റിനോട് ചേര്‍ത്ത് ഘടിപ്പിക്കുന്ന ഉപകരണവും 24 മണിക്കൂറില്‍ തുടര്‍ച്ചയായി രക്തസമ്മര്‍ദം അളക്കുന്ന സംവിധാനവുമാണിത്.

ഈ പരിശോധനകളുടെ വെളിച്ചത്തില്‍ പ്രഷറിന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കി ചികിത്സ കൃത്യമായി നിര്‍ദേശിക്കുവാന്‍ സാധിക്കും. രാത്രികളില്‍ മാത്രം പ്രഷര്‍ ഉയരുന്ന ചിലരുണ്ട്. അവര്‍ക്ക് തലവേദന, ഉറക്കക്കുറവ്, നെഞ്ചില്‍ അസ്വാസ്ഥ്യം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അപൂര്‍വമായി ഉണ്ടാകുന്നു. ഇക്കൂട്ടര്‍ക്ക് മരുന്നു കൊടുക്കുമ്പോള്‍ രാത്രിയിലെ പ്രഷര്‍ നിയന്ത്രിക്കുന്നവിധം പ്രത്യേക സമയങ്ങളില്‍ നല്‍കണം. ഒന്ന് എ.ബി.പി.എം പരിശോധന സമുചിതമായ പ്രഷര്‍ നിര്‍ണയത്തിന്റെ നെടും തൂണാണ്.

നിയന്ത്രിക്കപ്പെടാത്ത രക്തസമ്മര്‍ദം നിങ്ങളുടെ ശരീരത്തെ രോഗാതുരമാക്കുന്നു. ഹൃദയാഘാതം, ഹൃദയപരാജയം, സ്‌ട്രോക്ക്, വൃക്കരോഗം, അന്ധത, മറവിരോഗം, ലൈംഗിക ശേഷിക്കുറവ്, ഗര്‍ഭാവസ്ഥയിലെ എക്ലാംസിയ, ധമനീ രോഗം അങ്ങനെ രക്താതിസമ്മര്‍ദം നിങ്ങളുടെ ശരീരത്തെ മാരകമായ സങ്കീര്‍ണതകളിലേക്ക് വലിച്ചിഴക്കുന്നു.

നിസാരമായ പരിശോധനയിലൂടെ, വേണ്ടിവന്നാല്‍ എ.ബി.പി.എം ചെയ്ത് നിങ്ങളുടെ പ്രഷര്‍ തിട്ടപ്പെടുത്തുക. പ്രഷര്‍ ഉയര്‍ന്ന നിലയിലാണെങ്കില്‍ ക്രിയാത്മകമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങളിലൂടെയും വ്യായാമപദ്ധതികളിലൂടെയും ഔഷധങ്ങളിലൂടെയും പ്രഷര്‍ നിയന്ത്രിക്കുക. ഓര്‍ക്കുക, നിങ്ങളുടെ ആരോഗ്യവും സ്വസ്ഥ്യവും നങ്ങള്‍ക്കുതന്നെ പ്രധാനം.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ആശുപത്രി , എറണാകുളം

Ads by Google
Ads by Google
Loading...
TRENDING NOW