Friday, July 12, 2019 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
ഹേന പാനാപ്പുരയിൽ
Friday 12 Jul 2019 01.34 PM

ഇപ്പോൾ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാൻ പറഞ്ഞേനെ ‘മച്ചാനേ, നിങ്ങ പൊളിയാണ്’; പെണ്ണിന്റെ പിന്നിലെ വാലിനെപ്പറ്റി ഒരു പെണ്ണെഴുതുന്നത്

ഒരു മരത്തിന്റെയും നിഴലിൽ മാത്രം നിൽക്കേണ്ടവളല്ല അവളെന്നും പൊരി വെയിലത്തും കനത്ത മഴയിലും ധൈര്യമായി ഇറങ്ങി നടക്കാൻ ശേഷിയുള്ളവളാണ് ഏത് പെണ്ണുമെന്നും ഉള്ള തിരിച്ചറിവുണ്ടാകാൻ ആ വാൽ ഇല്ലാത്തതല്ലേ നല്ലത്?
uploads/news/2019/07/321331/hena.jpg

പെണ്ണിന്റെ പേരിന്റെ കൂടെ ഭർത്താവിന്റെ പേര് ചേർക്കണോ വേണ്ടയോ എന്നതാണല്ലോ ഇപ്പോഴത്തെ ചൂടൻ ചർച്ച !

ആ പേര് ചേർക്കുന്നത് അന്തസ്സാണെന്ന് ചിലർ......
അടിമത്തമാണെന്ന് മറ്റു ചിലർ....

സോഷ്യൽ മീഡിയയിൽ ഡിബേറ്റ് തകർക്കുമ്പോൾ ഈ വിഷയത്തിൽ ഒരിക്കൽ ഫ്യൂസടിച്ചു പോയ എന്റെ ചില അനുഭവങ്ങൾ പങ്കു വയ്ക്കുന്നു....

എന്റെ പേര് ഹേന പി എൻ എന്നാണ്.. അതെന്നേ, വെറും ഹേന പി എൻ...

സംഗതി ഹേന എന്നത് അത്രയ്ക്ക് അധികം കേൾക്കാത്ത പേരാണ് എന്നതൊക്കെ ശരി, എങ്കിലും ആ പേരിന് അത്ര പഞ്ച് പോരാ എന്ന് എനിക്ക് തോന്നിത്തുടങ്ങിയത് വടയാറിലെ മാർസ്ലീബാ സ്കൂളിൽ നിന്ന് വൈക്കം കോൺവെന്റ് സ്കൂളിൽ, സെന്റ്‌ ലിറ്റിൽ തെരേസാസ് ഹൈ സ്കൂളിൽ എത്തിയപ്പോൾ ആണ്..

കൂട്ടുകാരുടെ പേരൊക്കെ നല്ല സ്റ്റൈലൻ പേരുകൾ. സ്കൂളിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം ഗംഭീര പേരുകളാണ്.
വിനീത കരൺ, മാഗി വർഗീസ്, അനു സുരേന്ദ്രൻ, ശാന്തി ബേബി.. അങ്ങനെ അങ്ങനെ...
ജാതി വാല് ഉള്ളവർ വേറെ.

എന്നാൽ എനിക്കോ, വെറും ഹേന പി എൻ, ഒരു വിലയുമില്ല...

ഇപ്പോഴത്തെ ന്യൂജൻ സിനിമ ഡയലോഗ് കടമെടുത്തു പറഞ്ഞാൽ "ഹേന പി എൻ, അയ്യേ ദാരിദ്ര്യം.... !"

പരാതിയുമായി ഞാൻ അച്ഛനെ സമീപിച്ചു. എന്റെ പേര് ഒന്നു പരിഷ്കരിക്കണം. ഗസറ്റിൽ പബ്ലിഷ് ചെയ്താൽ മതി.

അച്ഛൻ എന്നെ നോക്കി.
അച്ഛന്റെ പേര് നടരാജൻ എന്നാണ്. ആവേശത്തോടെ പുതിയ പേരിന്റെ പല പല ഓപ്ഷൻസ് ഞാൻ കൊടുത്തു....

ഹേന നടരാജൻ,
ഹേന രാജൻ,
ഹേന എൻ രാജൻ (നടരാജനെ ഒന്നു പരിഷ്കരിച്ചതാണ് ),
ഹേന പി രാജൻ (പി - വീട്ടു പേര് )

എന്റെ വിവരണം കേട്ട് അന്തം വിട്ടിരിക്കുന്ന അച്ഛനെ ഒളികണ്ണിട്ട് നോക്കി അവസാനത്തെ പേരും ഇറക്കി,

ഹേന പി രാജ്... !

അത്‌ ഏറ്റു, അച്ഛൻ ചാടി എഴുന്നേറ്റു.....

ഏറ്റത് തിരിച്ചായിപ്പോയി എന്ന് കുറച്ചു കഴിഞ്ഞാണ് മനസ്സിലായത്.

കടുത്ത കമ്മ്യൂണിസ്റ്റും പുരോഗമന വാദിയുമായ അച്ഛൻ അസന്നിഗ്ധമായി പ്രഖ്യാപിച്ചു,

"അത്തരം പേരുകളൊന്നും വേണ്ട, ഈ പേര് ഇങ്ങനെയിരിക്കട്ടെ "

ദുഃഖിതയായ എന്നെ നോക്കി പറഞ്ഞു, "ഹേന പി എൻ, എന്താ അതിൽ ഒരു കുറവ്??

കൊച്ചേ, സ്ത്രീകൾ പേരിന്റെ വാല് കൊണ്ടല്ല കരുത്തരാകേണ്ടത്, അവർ ഉള്ളിൽ ബലമുള്ളവരാകണം.

ഏത് സാഹചര്യവും തരണം ചെയ്യുന്നവരാകണം !
പ്രതിസന്ധികളെ പുഷ്പം പോലെ നേരിടണം. വിദ്യാഭ്യാസം നേടണം, ജോലി സമ്പാദിക്കണം, നാടിന് നന്മ ചെയ്യണം.
അല്ലാതെ പേര് മാത്രം വലുതായിട്ട് ഒന്നിനും കൊള്ളാതെയിരിക്കുന്നവരാകരുത്."

അച്ഛന്റെ ഈ ഉപദേശമൊന്നും പിടിക്കാതെ മുഖം വീർപ്പിച്ചിരിക്കുന്ന എന്നെ നോക്കി അച്ഛൻ അവസാന തുറുപ്പു ചീട്ടിറക്കി.

"ഇനി നിനക്ക് പേര് മാറ്റണമെങ്കിൽ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ പേര് ചേർത്ത് മാറ്റിക്കോ, ഇപ്പോൾ ഇങ്ങനെ മതി "

അപ്പോൾ നാണത്തോടെ "ഒന്ന് പോ അച്ഛാ "എന്നൊക്കെ തട്ടി വിട്ടെങ്കിലും ആ വാക്കുകൾ മനസ്സിൽ കയറി പതിഞ്ഞു.....

പിന്നീട് കോളേജിൽ ഒക്കെ വച്ച് ഓരോ പ്രൊപോസലുകൾ വരുമ്പോൾ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ആ പേര് എന്റെ പേരിന്റെ നേരേ ഒന്ന് ചേർത്ത് വച്ച് നോക്കും.....

ചിലതൊക്കെ പേരിന് ഒരു ഗുമ്മില്ലാത്തതിനാൽ തട്ടിക്കളഞ്ഞിട്ടുണ്ട്.

എന്തൊക്കെ ആയാലും ശരി വർഷങ്ങൾക്ക് ശേഷം അച്ഛൻ മരിച്ച ശേഷം ശ്രീമാൻ സി കെ സനിലിനെ വിവാഹം ചെയ്തപ്പോൾ ഞാനങ്ങു തീരുമാനിച്ചു, പേര് മാറ്റിക്കളയാം, 'ഹേന സനിൽ 'വല്യ കുഴപ്പമില്ല, ആവശ്യത്തിന് പഞ്ചൊക്കെ ഉണ്ട്.

പക്ഷേ കെട്ടിയവനും പുരോഗമനവാദിയായിരുന്നല്ലോ.

പേര് മാറ്റാം എന്നൊക്കെ പറഞ്ഞു നോക്കിയപ്പോൾ അങ്ങേര് എന്നെ രൂക്ഷമായി ഒരു നോട്ടം നോക്കി. 'വിപ്ലവ നായിക എന്നു വിചാരിച്ച് ഞാൻ കെട്ടിയത് ഈ നാട്ടിൻപുറംകാരിയെ ആയിരുന്നോ' എന്ന ഒരർത്ഥം ആ നോട്ടത്തിൽ ഉണ്ടായിരുന്നില്ലേ എന്ന സംശയം എനിക്ക് ഇന്നും മാറിയിട്ടില്ല.....

"ഒരു സ്ത്രീയുടെ ഐഡന്റിറ്റി ആണ് പേര് എന്നത് നീ മറക്കരുത് " എന്ന ഒരു തരം സെമി ക്ലാസ്സിക്‌ ഡയലോഗും കേട്ട ശേഷം ഞാൻ തീരുമാനിച്ചു, പേര് മാറ്റണ്ട. "പവർ കുറഞ്ഞാലും ഐഡന്റിറ്റി മാറ്റുന്നില്ല' എന്ന മറു ഡയലോഗും തട്ടി...

പിന്നീട് ck അറിയാതെ ഇമെയിൽ ഐഡി ഹേനസനിൽ ആക്കി നിഗൂഡമായി സന്തോഷിച്ചു.

ശേഷം ഫേസ്ബുകിൽ ഒക്കെ വന്നപ്പോൾ പേരിന്റെ കൂടെ സ്വന്തം വീട്ടുപേര് ചേർത്ത് ഹേന പാനാപ്പുരയിൽ ആക്കി കുടുംബക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

തൂലികാ നാമവും അത്‌ തന്നെ എന്ന് നിശ്ചയിച്ചു. (ഇത് വരെ കാര്യമായിട്ടൊന്നും എഴുതിയിട്ടില്ലെങ്കിലും ഞാൻ സ്വന്തമായി ഒരു തൂലികാ നാമം എനിക്കിട്ടതാണേ !)

പെണ്ണിന്റെ പേരിന്റെ കൂടെ അച്ഛന്റെ /ഭർത്താവിന്റെ പേര് ചേർക്കുന്നത് സ്ത്രീയുടെ സ്വത്വം ഇല്ലാതാക്കലാണെന്നുള്ള എന്റെ അച്ഛന്റെയും ഭർത്താവിന്റെയും കാഴ്ചപ്പാട് എനിക്ക് വരാൻ കാലം കുറച്ച് വൈകി.

ഇന്ന് ഈ കാലഘട്ടത്തിൽ ഉൽപതിഷ്ണുക്കളായ പുരുഷ/സ്ത്രീ സുഹൃത്തുക്കൾ സ്വന്തം പേരിന്റെ കൂടെ അമ്മയുടെ പേര് കൂടി കൂട്ടി ചേർക്കാറുണ്ട്, സ്വന്തമായി പേര് പരിഷ്കരിക്കാറുണ്ട്... ഇതൊക്കെ കണ്ട് ഞാൻ ആഹ്ലാദം കൊള്ളാറുണ്ട്.

പെണ്ണിന്റെ പുറകിൽ ഒരു വാൽ, അത് അത്യാവശ്യമല്ല.

മറിച്ച് അവളെ കരുത്തുറ്റ ഒരുവളാക്കാനുള്ള സാഹചര്യം നൽകലാണ് ഏറ്റവും പ്രധാനം എന്ന് ഇന്ന് ഞാൻ വിശ്വസിക്കുന്നു.

പെൺകുട്ടി എന്നത് പിതാവിന്റെയോ ഭർത്താവിന്റെയോ നിഴൽ മാത്രമല്ല എന്ന ബോധ്യം ഉണ്ടാക്കലും അന്ന് ആ ഇനിഷ്യൽ മാത്രം ചേർക്കുന്നതിൽ ഉണ്ടായിരുന്നു എന്നറിയുന്നു..

ഒരു മരത്തിന്റെയും നിഴലിൽ മാത്രം നിൽക്കേണ്ടവളല്ല അവളെന്നും പൊരി വെയിലത്തും കനത്ത മഴയിലും ധൈര്യമായി ഇറങ്ങി നടക്കാൻ ശേഷിയുള്ളവളാണ് ഏത് പെണ്ണുമെന്നും ഉള്ള തിരിച്ചറിവുണ്ടാകാൻ ആ വാൽ ഇല്ലാത്തതല്ലേ നല്ലത്?

ആ കാഴ്ചപ്പാട് വർഷങ്ങൾക്ക് മുൻപേ ഉണ്ടായിരുന്ന, നടപ്പിലാക്കിയ അച്ഛനെ ഓർത്ത് എന്റെ ഹൃദയം സന്തോഷത്താൽ വിങ്ങുന്നു....

ഇപ്പോൾ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഉറപ്പായിട്ടും ഞാൻ പറഞ്ഞേനെ "മച്ചാനേ, നിങ്ങ പൊളിയാണ് ".

അതിന് മറുപടിയായി ഒരു യോയോയും തംസ് അപ്പും അച്ഛൻ തന്നേനെ...

NB : പേരിന്റെ പിന്നിൽ വാൽ ആൺപ്രജകൾക്കും ഉണ്ട്. അത് പിതാവിന്റെ ആണെന്ന് മാത്രം. വിദേശത്താണെങ്കിൽ സർ നെയിം ആകുന്നു.

Ads by Google
ഹേന പാനാപ്പുരയിൽ
Friday 12 Jul 2019 01.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW