Tuesday, August 20, 2019 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.33 AM

ജനാധിപത്യത്തെ നാണംകെടുത്തിയ ഗോവ

uploads/news/2019/07/321193/editorial.jpg

കര്‍ണാടകയില്‍ രാഷ്‌ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടെ ഗോവയില്‍ വലിയ രാഷ്‌ട്രീയ അട്ടിമറി നടന്നിരിക്കുകയാണ്‌. ഗോവ നിയമസഭയിലെ 15 കോണ്‍ഗ്രസ്‌ എം.എല്‍.എമാരില്‍ പത്തുപേരും ഒരുമിച്ച്‌ ബി.ജെ.പിയില്‍ ലയിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാവ്‌ ചന്ദ്രകാന്ത്‌ കവ്‌ലേക്കര്‍ അടക്കം മറുകണ്ടം ചാടിയതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം തുടര്‍ച്ചയായുണ്ടാകുന്ന തിരിച്ചടിയും അന്ധാളിപ്പും കോണ്‍ഗ്രസിനെ വിട്ടു പോകുന്നില്ല എന്ന അവസ്‌ഥയായിരിക്കുകയാണ്‌. ഇതോടെ ഭരണകക്ഷിയായ ബി.ജെ.പിയുടെ അംഗസംഖ്യ 27 ആയി കുതിച്ചുയര്‍ന്നു. ബുധനാഴ്‌ച വരെ പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ അഞ്ചായി കുറഞ്ഞു. മറ്റു കക്ഷികള്‍ക്കെല്ലാമായി എട്ടു സീറ്റുകളാണുള്ളത്‌.

ഗോവ സംസ്‌ഥാനം നിലവില്‍ വന്ന 1987 മേയ്‌ 30-നു ശേഷം ഇന്നേവരെ ഒരു മുഖ്യമന്ത്രി പോലും അഞ്ചുവര്‍ഷം തികച്ചു ഭരിക്കാത്തവിധം രാഷ്‌ട്രിയ അനിശ്‌ചിതത്വമാണ്‌ അരങ്ങേറിയിട്ടുള്ളത്‌. ഒരു പാര്‍ട്ടി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ചാല്‍ തന്നെ മുഖ്യമന്ത്രിമാര്‍ മാറിമാറി വരുന്നതായിരുന്നു അവസ്‌ഥ. 2012 മുതല്‍ മനോഹര്‍ പരീക്കറും പിന്നീട്‌ ലക്ഷ്‌മീകാന്ത്‌ പര്‍സേക്കറും ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരായി. എന്നാല്‍, 2017 ഫെബ്രുവരിയില്‍ ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പ്‌ ഫലത്തെ തകിടം മറിക്കുന്ന അട്ടിമറിയാണ്‌ ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായത്‌. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നിലെത്തിയ കോണ്‍ഗ്രസ്സിന്‌ 17 സീറ്റു കിട്ടിയെങ്കിലും സര്‍ക്കാരുണ്ടാക്കിയത്‌ 13 സീറ്റ്‌ മാത്രമുള്ള ബി.ജെ.പിയായിരുന്നു. ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടി, മഹാരാഷ്‌ട്ര ഗോമന്തക്‌ പാര്‍ട്ടി, രണ്ട്‌ സ്വതന്ത്രന്മാര്‍ എന്നിവരുടെ പിന്തുണയോടെ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിന്‌ നോക്കിനില്‍ക്കാനേ സാധിച്ചുള്ളു. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ്‌ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, പത്ത്‌ അംഗങ്ങള്‍ ഒരുമിച്ച്‌ മറുപക്ഷത്തേക്ക്‌ പോയത്‌ കോണ്‍ഗ്രസ്സിന്‌ പ്രതീക്ഷയ്‌ക്കും അപ്പുറമായിരുന്നു.

കൂറുമാറിയ പത്ത്‌ എം.എല്‍.എമാരും ബി.ജെ.പിയില്‍ ലയിച്ചതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പേരില്‍ നടപടിയുണ്ടാകില്ല. നിയമത്തിന്റെ മുന്നില്‍ അവരുടെ നടപടി തെറ്റായിരിക്കില്ല. പക്ഷേ, തങ്ങളെ തെരഞ്ഞെടുത്ത വോട്ടര്‍മാരെ ഒന്നടങ്കം വിഡ്‌ഢികളാക്കി അവര്‍ നടത്തിയ ഈ നാടകം ജനാധിപത്യത്തിനു തീരാക്കളങ്കമാണ്‌. ഗോവയില്‍ അധികാരത്തിന്റെ ശീതളിമ തേടിപ്പോയ എം.എല്‍.എമാര്‍ സ്വന്തം നേട്ടം മാത്രമാണ്‌ തങ്ങളുടെ മുന്‍ഗണന എന്ന്‌ സംശയത്തിനിടയില്ലാത്ത വിധം തെളിയിച്ചിരിക്കുകയാണ്‌. അവര്‍ക്ക്‌ പാര്‍ട്ടി മാറണമെങ്കില്‍ രാജിവച്ചിട്ട്‌ ആകാമായിരുന്നു. അതായിരുന്നു രാഷ്‌ട്രീയ മര്യാദയും ജനാധിപത്യ അന്തസ്സും. കൂറുമാറ്റത്തിന്‌ കാരണമായി ഇവര്‍ പറയുന്ന ഒരു കാര്യം പ്രതിപക്ഷത്തിരുന്നിട്ട്‌ കാര്യമില്ലെന്നതാണ്‌. അധികാരത്തിന്റെ സുഖം നുകരുന്നതുമാത്രമല്ല പ്രതിപക്ഷത്ത്‌ പ്രവര്‍ത്തിക്കുന്നതും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നു മനസ്സിലാക്കാത്ത ഇവര്‍ ജനപ്രതിനിധികളാകാന്‍ യോഗ്യരേയല്ല. ഇത്തരം പുഴുക്കുത്തുകളെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

Ads by Google
Friday 12 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW