Tuesday, August 20, 2019 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.30 AM

സഭാ തര്‍ക്കം: വഴികാണാതെ സര്‍ക്കാര്‍

മലങ്കര സഭാ തര്‍ക്കം രൂക്ഷമായിത്തുടരുന്നതിനിടെ പ്രശ്‌നപരിഹാരത്തിനു വഴി കാണാതെ സംസ്‌ഥാന സര്‍ക്കാര്‍. എന്തു നിലപാട്‌ സ്വീകരിച്ചാലും ഒരു സഭ പിണങ്ങും. മറുവശത്ത്‌ സുപ്രീം കോടതിയുടെ ഉഗ്രശാസനയും. ഇതിനിടെ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതോടെ ബി.ജെ.പിയുടെ ഇടപെടലും വ്യക്‌തമായി. കോടതി വിധി നടപ്പാക്കാതെ അനുരഞ്‌ജന ചര്‍ച്ചയ്‌ക്കു തയാറല്ലെന്ന്‌ ഓര്‍ത്തഡോകസ്‌ സഭ പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും ഇല്ലാതായി. എന്നാല്‍ യാക്കോബായ സഭ ഇന്നലെ മന്ത്രിസഭാ ഉപസമിതി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇരു വിഭാഗവും വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നു വ്യക്‌തമാക്കിയതോടെ സര്‍ക്കാരിനു മുമ്പില്‍ രണ്ടു വഴികളാണുള്ളത്‌. ഒന്നുകില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളുടെ ഭരണാവകാശം സുപ്രീം കോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ നല്‍കണം. അത്തരമൊരു തീരുമാനത്തിന്‌ സര്‍ക്കാര്‍ തയാറായാല്‍ യക്കോബായ വിഭാഗം പിണങ്ങും. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ അന്നത്തെ മന്ത്രിസഭാ ഉപസമിതി ശിപാര്‍ശ ചെയ്‌ത പാക്കേജ്‌ നടപ്പാക്കുക എന്നതാണു മറ്റൊരു വഴി. ഇതു രണ്ടു സഭകളെയും വിശ്വാസത്തിലെടുത്തുമാത്രമേ ചെയ്യാന്‍ കഴിയൂ.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ. ബാബു, ഇബ്രാഹിം കുഞ്ഞ്‌ എന്നിവരാണ്‌ മന്ത്രിസഭാ ഉപസമിതിയിലുണ്ടായിരുന്നത്‌. ഇവര്‍ നല്‍കിയ ഒത്തുതീര്‍പ്പ്‌ ഫോര്‍മുല ഇങ്ങനെയായിരുന്നു: തര്‍ക്കമുള്ള പള്ളികളില്‍ അമ്പതു ശതമാനത്തിനു മുകളില്‍ ഏതു വിഭാഗക്കാരാണോ അവര്‍ക്ക്‌ പള്ളി നല്‍കുക. ന്യൂനപക്ഷമായ മറുവിഭാഗത്തിനു പുതിയ പള്ളി നിര്‍മിക്കുന്നതിനാവശ്യമായ സ്‌ഥലവും പണവും ഭൂരിപക്ഷ വിഭാഗം നല്‍കുക. സെമിത്തേരിയില്‍ ഇരു വിഭാഗത്തിനും തുല്യപ്രാധാന്യം നല്‍കുക. വിശ്വാസികള്‍ക്ക്‌ ഇഷ്‌ടമുളള വൈദികനെ ഉപയോഗിച്ചു സെമിത്തേരിയില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്താം. ഈ ഒത്തുതീര്‍പ്പു നിര്‍ദേശം പൊതുവേ അന്നു സ്വീകാര്യമായിരുന്നെങ്കിലും ചില രാഷ്‌ട്രീയ ഇടപെടലുകള്‍ ഉണ്ടായതോടെ ഇരു വിഭാഗവും തള്ളിക്കളഞ്ഞു. കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ യാക്കോബായ വിഭാഗം ഈ ഫോര്‍മുല അംഗീകരിക്കാന്‍ ഇപ്പോള്‍ തയാറാണ്‌. എന്നാല്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം യോജിക്കുന്നില്ല. കോടതി വിധി യാക്കോബായ വിഭാഗം അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ക്ക്‌ പ്രസ്‌കതിയുള്ളുവെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പറയുന്നത്‌.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന വാദമാണു ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്‌. സര്‍ക്കാരിന്റെ ഈ നിലപാട്‌ തന്നെയാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ചൂണ്ടിക്കാണിക്കുന്നത്‌.

Ads by Google
Friday 12 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW