Tuesday, August 20, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.28 AM

ഭവനനിര്‍മാണ ബോര്‍ഡിന്‌ പിരിഞ്ഞുകിട്ടാന്‍ 214 കോടി

കോഴിക്കോട്‌: വായ്‌പ നല്‍കിയ ഇനത്തില്‍ ഭവനനിര്‍മാണ ബോര്‍ഡിന്‌ 214 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ടെന്നു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കുടിശിക അടയ്‌ക്കാത്തതിന്റെ പേരില്‍ ഒരാളെപ്പോലും സ്വന്തം വീട്ടില്‍നിന്നു പുറത്താക്കാന്‍ സര്‍ക്കാരിനുദ്ദേശമില്ല, എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവരില്‍നിന്നു കുടിശിക തിരിച്ചു കിട്ടാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഭവന നിര്‍മാണ ബോര്‍ഡില്‍നിന്നു വായ്‌പയെടുത്ത്‌ കുടിശിക വരുത്തിയവര്‍ക്കായുള്ള കുടിശിക നിവാരണ അദാലത്ത്‌ കോഴിക്കോട്ട്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പണം തിരിച്ചടയ്‌ക്കാന്‍ കഴിയാത്തവിധം പരിതാപകരമായ അവസ്‌ഥയിലുള്ളവരുടെ പ്രശ്‌നത്തിനു പരിഹാരം കാണുമെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിവുള്ള സാമ്പത്തിക ശേഷിയുള്ളവരുടെ കുടിശിക തള്ളിക്കളയാനാവില്ല. സാമ്പത്തിക ശേഷിയുള്ളവര്‍ സൗജന്യം പ്രതീക്ഷിക്കരുത്‌. കുടിശിക തിരിച്ചടയ്‌ക്കാന്‍ കഴിവുള്ളവര്‍ക്ക്‌ മൂന്നു മാസത്തെ കാലാവധി നല്‍കും. വായ്‌പയെടുത്തവരുടെ സാമ്പത്തിക ശേഷിയെക്കുറിച്ചന്വേഷിക്കാന്‍ ഭവന നിര്‍മാണ ബോര്‍ഡ്‌ ഉദ്യോഗസ്‌ഥരും റവന്യൂ ഉദ്യോഗസ്‌ഥരും സംയുക്‌ത പരിശോധന നടത്തിയിട്ടുണ്ട്‌. 1971-നു ശേഷം ഏഴു ലക്ഷം പേര്‍ക്കു ഭവന നിര്‍മാണ വായ്‌പ നല്‍കാന്‍ കഴിഞ്ഞ സ്‌ഥാപനമാണ്‌ ഭവന നിര്‍മാണ ബോര്‍ഡ്‌.
ഹഡ്‌കോയില്‍നിന്നു വായ്‌പയെടുത്താണ്‌ വ്യക്‌തികള്‍ക്കു വായ്‌പ നല്‍കിയിരുന്നത്‌. എന്നാല്‍ വ്യക്‌തികള്‍ വായ്‌പ തിരിച്ചടവ്‌ മുടക്കിയതോടെ വായ്‌പ നല്‍കുന്ന പദ്ധതി തന്നെ ഭവനനിര്‍മാണ ബോര്‍ഡിനു ഉപേക്ഷിക്കേണ്ടിവന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ജില്ലാ കലക്‌ടര്‍ സാംബശിവറാവു മുഖ്യപ്രഭാഷണം നടത്തി. ഭവന നിര്‍മാണ ബോര്‍ഡ്‌ ചെയര്‍മാന്‍ പി. പ്രസാദ്‌, മെമ്പര്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Friday 12 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW