Wednesday, August 21, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 01.14 AM

സീസണില്‍ റബര്‍വില തകര്‍ക്കാന്‍ ടയര്‍ ലോബി

uploads/news/2019/07/321163/k8.jpg

കോട്ടയം : കേരളത്തില്‍ ടാപ്പിങ്‌ സീസണാകുമ്പോള്‍ റബര്‍ വില കുറയ്‌ക്കുന്നതിനുള്ള തന്ത്രങ്ങളുമായി ടയര്‍ ലോബി. ആഭ്യന്തര വിപണിയില്‍നിന്ന്‌ ഇപ്പോള്‍ ഒരു കിലോ റബര്‍പോലും വാങ്ങാത്ത ടയര്‍ കമ്പനികള്‍ രാജ്യാന്തര വിപണിയില്‍ വിലയിടിഞ്ഞതോടെ വരും മാസങ്ങളിലേക്കായി ബുക്ക്‌ ചെയ്യുന്നതു ടണ്‍ കണക്കിനു റബര്‍. രാജ്യാന്തര വിപണിയില്‍ ഒരു മാസത്തിനിടെ 17 രൂപയുടേയും ഒരാഴ്‌ചയ്‌ക്കുള്ളില്‍ 8.50 രൂപയുടേയും കുറവുണ്ടായതോടെയാണ്‌ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ റബര്‍ ബുക്ക്‌ ചെയ്യുന്നത്‌.
മുന്‍കൂര്‍ ബുക്കിങ്ങ്‌ നടത്തിയിരിക്കുന്ന റബര്‍ ഇറക്കുമതി ചെയ്‌തു രാജ്യത്തെത്തുമ്പോഴേക്കും ഇവിടെ ടാപ്പിങ്‌ സീസണ്‍ ആരംഭിക്കും. പിന്നാലെ, ആഭ്യന്തര വില തകരുകയും ചെയ്യും. ഇപ്പോള്‍ റബറിനു ലഭിക്കുന്ന 150 രൂപ കര്‍ഷകരെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം.
മലേഷ്യ, തായ്‌ലന്‍ഡ്‌, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഉല്‍പാദനം പൂര്‍ണ തോതില്‍ എത്തിയതോടെയാണു രാജ്യാന്തര വിപണി തകര്‍ന്നത്‌. ഇന്നലെ മാത്രം തായ്‌ലന്‍ഡ്‌ മാര്‍ക്കറ്റില്‍ ആര്‍.എസ്‌.എസ്‌. നാല്‌ ഗ്രേഡ്‌ ഇനം റബറിന്റെ വിലയില്‍ 3.96 രൂപയുടെ കുറവുണ്ടായി.
ജൂണ്‍ 11നു 138.78 രൂപയായിരുന്ന രാജ്യാന്തര വില ബുധനാഴ്‌ച 125.81 രൂപയും ഇന്നലെ 121.85 രൂപയുമായി താഴ്‌ന്നു. വില അനുദിനം താഴുന്നതോടെ ആഭ്യന്തര വിപണിയിലെ നാമമാത്ര സ്‌റ്റോക്ക്‌ വാങ്ങുന്നതിനേക്കാള്‍ കമ്പനികള്‍ക്കു ലാഭം രാജ്യാന്തര വിപണിയില്‍ നിന്നു വാങ്ങുന്നതാണ്‌. ഉല്‍പാദനം പൂര്‍ണ തോതിലായതിനാല്‍ 110 രൂപയ്‌ക്കു പോലും മലേഷ്യന്‍ കമ്പനികള്‍, ഇന്ത്യയില്‍നിന്നുള്ള ബുക്കിങ്ങ്‌ സ്വീകരിക്കുന്നുണ്ട്‌. ഇത്തരത്തില്‍ കുറഞ്ഞ വിലയ്‌ക്കു റബര്‍ മുഴുവന്‍ വരും മാസങ്ങളില്‍ ആഭ്യന്തര വിപണിയിലേക്ക്‌ എത്തിത്തുടങ്ങും.
നിലവില്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ ഒരു കമ്പനി മാത്രമാണു സജീവമായി റബര്‍ വാങ്ങുന്നത്‌. ഇതിനൊപ്പം ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുമെന്ന ബജറ്റ്‌ പ്രഖ്യാപനത്തെത്തുടര്‍ന്നു വാഹനവിപണിയില്‍ പെട്ടെന്നുണ്ടായ ഇടിവും റബര്‍ മേഖലയ്‌ക്കു തിരിച്ചടിയായിട്ടുണ്ട്‌.
അതേസമയം, രാജ്യാന്തര വിപണിയിലും വരുംനാളുകളില്‍ തകര്‍ച്ചയ്‌ക്കുള്ള സൂചനയാണു മലേഷ്യ ഉള്‍പ്പെടെയുള്ള റബര്‍ ഉല്‍പാദക രാജ്യങ്ങളും കാണുന്നത്‌.
രാജ്യാന്തര സാമ്പത്തിക വര്‍ഷാവസാനത്തോടെ റബര്‍ വില്‍പ്പനയില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണു തായ്‌ലന്‍ഡ്‌ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കണക്കുകൂട്ടല്‍. ഇതും റബര്‍ വിപണിക്കു നല്ല പ്രതീക്ഷയല്ല നല്‍കുന്നത്‌.

ഷിന്റോ തോമസ്‌

Ads by Google
Friday 12 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW