Sunday, August 18, 2019 Last Updated 54 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jul 2019 05.16 PM

പുഴയൊരുക്കുന്ന സൗന്ദര്യ വിസ്മയം

''ചാലക്കുടിപ്പുഴയുടെ അഴക് നുകര്‍ന്ന്, അതിരപ്പിള്ളി വാഴച്ചാലിന്റെ സൗന്ദര്യം ആസ്വദിച്ചൊരു യാത്ര.''
athirappilly waterfalls

വന്യസൗന്ദര്യം കവിഞ്ഞൊഴുകുന്നവയായിരുന്നു കേരളത്തിലെ പുഴകള്‍. വിശേഷിച്ചും മൊത്തം ഭൂവിസ്തൃതിയുടെ പകുതിയിലേറെ വനാവൃതമായിരുന്ന കാലത്ത്. പെരിയാറും ചാലിയാറും കബനിയുമെല്ലാം അതിസുന്ദരമായിരുന്നു.

ഇടതൂര്‍ന്ന നിത്യഹരിത വനങ്ങളേയും അര്‍ദ്ധ നിത്യഹരിത വനങ്ങളേയും ഇലപൊഴിയും കാടുകളേയും തഴുകി മലമടക്കുകള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകുന്ന ചെറുചോലകള്‍ മുതല്‍ വിസ്തൃതമായ പുഴകള്‍ വരെ നിറഞ്ഞതാണ് സഹ്യപര്‍വ്വത നിരകള്‍.

മിനുസമാര്‍ന്ന ഉരുളന്‍കല്ലുകള്‍ നിറഞ്ഞ, കണ്ണീരുപോലെ തെളിഞ്ഞ ജലവുമായി ഒഴുകുന്ന കുന്തിപ്പുഴ സൈലന്റ് വാലി കാടുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയാണോ അതോ കാട് പുഴയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയാണോ എന്ന് പറയുക അസാധ്യം. തട്ടേക്കാടിന് ഏറെ മുകളില്‍ കടുത്ത വേനലില്‍ പോലും നല്ല ഒഴുക്കുള്ള പൂയംകുട്ടിയാറ് ഏത് ശിലാഹൃദയത്തേയും തരളമാക്കും.

പശ്ചിമഘട്ടമലനിരകളില്‍ നിന്നുല്‍ഭവിക്കുന്ന മിക്ക പുഴകളും സമുദ്രനിരപ്പില്‍ നിന്നു 2000 മുതല്‍ 6000 അടി വരെയും അധിലധികവും ഉയരത്തില്‍ നിന്നൊഴുകിയെത്തുന്നവയാണ്. ചെറിയ ദൂരം സഞ്ചരിക്കുമ്പോഴേക്കും ഇവയെല്ലാം ഇടനാട്ടിലെത്തുകയാണ്. ഇതിനിടയില്‍ പലയിടത്തും ഇവ പാറക്കെട്ടുകളില്‍ നിന്നു താഴേക്ക് കുത്തിചാടുന്നു. ഒന്നോ രണ്ടോ അടിമുതല്‍ നൂറുകണക്കിന് അടിവരെ താഴേക്ക് പതിക്കുന്ന ജലപാതങ്ങള്‍ മഴക്കാലത്ത് നമ്മുടെ മലനിരകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കാണാനാകും.

ചെറുനീര്‍ച്ചോലകള്‍ മുതല്‍ വലിയ കൈവഴികള്‍വരെ കുതിച്ചു ചാടുന്ന വെള്ളച്ചാട്ടങ്ങളുണ്ട് കേരളത്തില്‍. എന്നാല്‍ പുഴയൊന്നാകെ താഴേക്ക് പതിക്കുന്നത് അപൂര്‍വ്വമാണ്. അത്തരം ജലപാതങ്ങളാണ് ചാലക്കുടിപ്പുഴയെ സവിശേഷമാക്കുന്നത്.

വാല്‍പ്പാറയില്‍ നിന്നുല്‍ത്ഭവിക്കുന്ന ഷോളയാറാണ് പുഴയുടെ പ്രധാന കൈവഴി. കേരളത്തിലെ രണ്ടാമത്തെ കടുവാസങ്കേതമായ പറമ്പിക്കുളത്ത് നിന്നും രണ്ട് പ്രധാന കൈവഴികള്‍ പിറക്കുന്നുണ്ട്. പറമ്പിക്കുളം ആറും കുരുയാന്‍കുട്ടിയാറും. ഈ കൈവഴികള്‍ പറമ്പിക്കുളം ഡാമിന് എട്ട് കിലോമീറ്റര്‍ താഴെ കുരിയന്‍കുട്ടി പാലത്തിനടുത്ത് ഒന്നുചേര്‍ന്ന് പടിഞ്ഞാറോട്ടൊഴുകുന്നു.

ചാലക്കുടിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മരത്തടികള്‍ കൊണ്ടുവരാനായി നിര്‍മ്മിച്ച കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവേയുടെ ഭാഗമായിരുന്നു കുരിയാന്‍കുട്ടി പാലം. ഇവിടെ നിന്ന് താഴോട്ടൊഴുകുന്ന പുഴയില്‍ 10 കിലോമീറ്റര്‍ കഴിയുമ്പോള്‍ ഷോളയാര്‍ ചേരുന്നു. വീണ്ടും രണ്ട് കിലോമീറ്ററോളം ഒഴുകി ഒരുകൊമ്പന്‍കുട്ടിയിലെത്തുന്ന പുഴയില്‍ നെല്ലിയാമ്പതി മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന കാരാപ്പാറയാര്‍ കൂടി ചേരുന്നതോടെ അത് ചാലക്കുടിപ്പുഴയായി.

athirappilly waterfalls

ഒരുകൊമ്പന്‍കുട്ടിയില്‍ നിന്ന് തെക്ക്്പടിഞ്ഞാറ് ദിശയില്‍ 15 കിലോമീറ്ററോളം സഞ്ചരിച്ച് പെരിങ്ങല്‍കുത്തിയിലെത്തുമ്പോഴാണ് പുഴ അപ്പാടെ ആദ്യം താഴേക്ക് പതിക്കുന്നത്. കുത്ത് എന്ന പദം വെള്ളച്ചാട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അതിരപ്പിള്ളിയേക്കാള്‍ വലുതായിരുന്നു എന്ന് പണ്ടുള്ളവര്‍ പറയുന്ന പെരിങ്ങല്‍കുത്ത് വെള്ളച്ചാട്ടം പക്ഷേ ഇന്നില്ല.

1958ല്‍ പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി നിര്‍മ്മിച്ചതോടെ ഈ ജലപാതം ഇല്ലാതാകുകയായിരുന്നു. പെരിങ്ങല്‍കുത്ത് പവര്‍ഹൗസില്‍ നിന്നും പുറത്ത് വരുന്ന പുഴ രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴേക്കും വാഴച്ചാലിലും വീണ്ടും അഞ്ച് കിലോമീറ്റര്‍ താഴെ അതിരപ്പിള്ളിയിലുമെത്തുന്നു.

അതിരപ്പിള്ളിവാഴച്ചാല്‍


ജനങ്ങളുടെ പ്രതിരോധം ഇല്ലായിരുന്നുവെങ്കില്‍ പെരിങ്ങല്‍കുത്തിന്റെ വഴിയേ തന്നെ വാഴച്ചാല്‍, അതിരപ്പിള്ളി ജലപാതങ്ങളും അപ്രത്യക്ഷമാകുമായിരുന്നു. ഈ ജലപാതങ്ങള്‍ ഉള്‍പ്പെടെ 7.82 കിലോമീറ്റര്‍ ദൂരം പുഴ ഇല്ലാതാകുംവിധമാണ് 1980കളില്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വിഭാവനം ചെയ്തത്. പില്‍ക്കാലത്ത് നിയന്ത്രിതമായി ജലപാതം നിലനിര്‍ത്താമെന്ന വാഗ്ദാനം ഉണ്ടായി. എന്നാല്‍ അപ്പോഴേക്കും വെള്ളച്ചാട്ടങ്ങളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അഞ്ചില്‍ നാല് ഭാഗവും നഷ്ടപ്പെടുമായിരുന്നു.

4050 ഡിഗ്രി ചരിവുള്ള പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ 150 മീറ്ററോളം പതഞ്ഞൊഴുകുന്ന വാഴച്ചാല്‍ ജലപാതം സവിശേഷമായൊരു ദൃശ്യാനുഭവമാണ്. പതിനഞ്ചോ പതിനാറോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മഴക്കാലത്തെ ഒരു പൗര്‍ണമി രാവില്‍ കണ്ട വാഴച്ചാല്‍ ജലപാതത്തിന്റെ ദൃശ്യം വാക്കുകള്‍ കൊണ്ട് വരച്ചിടാനാകില്ല.

പെരിങ്ങല്‍കുത്തിലെ ഷട്ടറുകള്‍ തുറന്നിരുന്നതിനാല്‍ നിറഞ്ഞൊഴുകിയിരുന്നു അന്ന് പുഴ. പൗര്‍ണമിയാണെങ്കിലും മഴമേഘങ്ങള്‍ ചന്ദ്രനെ പൂര്‍ണ്ണമായി മറച്ചിരുന്നു. ഇടയ്‌ക്കെപ്പോഴോ ക്ഷണനേരത്തേക്ക് മേഘങ്ങള്‍ നീങ്ങി ചന്ദ്രന്‍ തെളിയാന്‍ തുടങ്ങി. ചന്ദ്രന്‍ പുറത്ത് വരുന്നതിനനുസരിച്ച് കിഴക്ക് നിന്ന് വെള്ളച്ചാട്ടത്തിന് മുകളിലേക്ക് ആയിരം വിളക്കുകള്‍ തെളിഞ്ഞ പ്രഭ പടരാന്‍ തുടങ്ങി. നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന ആ കാഴ്ചയെ അടുത്ത മേഘം മറച്ചുവെങ്കിലും മനസ്സിലിന്നും ആ ദൃശ്യം തെളിമയോടെയുണ്ട്.

പാറകള്‍ക്കിടയിലൂടെ മൂന്ന് ചാട്ടങ്ങളായി പതിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഇന്ന് എല്ലാവര്‍ക്കും പരിചിതമാണ്. നല്ല മഴക്കാലത്ത് പക്ഷേ കൂടുതല്‍ പരന്ന് ചാടുന്ന ജലപാതം ദൃശ്യമാകും. പാറക്കെട്ടുകളെ പൂര്‍ണ്ണമായി മറച്ച് പുഴ നിറഞ്ഞ് ചാടുന്ന ദൃശ്യത്തിന്റെ രൗദ്രസൗന്ദര്യം പറഞ്ഞറിയിക്കാനാകാത്തതാണ്. 1980കളുടെ അവസാനം മുതല്‍ മാത്രമാണ് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. എന്നാല്‍ 1960കള്‍ മുതലെങ്കിലും നിരവധി ചലച്ചിത്ര ഗാനരംഗങ്ങള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട് ഈ ജലപാതം. വനദേവത എന്ന ചിത്രത്തിലെ ഗാനത്തിന്റെ ഈ വരികളേക്കാള്‍ മനോഹരമായി ഈ പ്രദേശത്തെ വര്‍ണ്ണിക്കാനാകില്ല.

സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലിനീര്‍ത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയില്‍ അഴകെഴുന്നതത്രയും
ഇവിടെയൊന്നലിഞ്ഞു ചേര്‍ന്നതോ...

മഴക്കാലത്ത് അതിരപ്പിള്ളിയും, വാഴച്ചാലും കാണാനെത്തുന്നവര്‍ക്ക് ബോണസ്സായി ചാര്‍പ്പ വെള്ളച്ചാട്ടവുമുണ്ട്. വടക്ക്തെക്ക് ദിശയിലൊഴുകുന്ന ചാര്‍പ്പതോട് പ്രധാന പുഴയില്‍ ചേരുന്നതിന് തൊട്ടുമുമ്പാണ് പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്നത്.

athirappilly waterfalls

പരിസ്ഥിതി സൗഹൃദ ടൂറിസം


പ്രകൃതി ഒരുക്കിയ സമൃദ്ധിയും സൗന്ദര്യവുമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത്. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി പക്ഷേ വികസനത്തിന്റെ പേര് പറഞ്ഞ് പ്രകൃതിയെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിലൊരു കുഞ്ഞുപങ്ക് വിനോദസഞ്ചാര വ്യവസായ മേഖലയ്ക്കും ഉണ്ട്. പ്രാദേശിക പ്രകൃതിക്കും ആവാസ വ്യവസ്ഥകള്‍ക്കും അനുയോജ്യമല്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ സൃഷ്ടിക്കുന്ന മലിനീകരണം, വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സം തുടങ്ങിയവയാണ് ടൂറിസം മേഖലയുടെ പ്രധാന പ്രത്യാഘാതങ്ങള്‍.

പ്രകൃതിക്കിണങ്ങുന്ന വിധത്തില്‍ കൃത്യമായ ആസൂത്രണത്തോടെ വിനോദസഞ്ചാരം വളര്‍ത്തുന്നതിലൂടെ ഈ വെല്ലുവിളികള്‍ മറികടക്കാനാകും. ഇതിനായി പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹരിത മാസ്റ്റര്‍ പ്ലാനുകള്‍ ഉണ്ടാകണം. ഓരോ പ്രദേശത്തിന്റേയും വാഹകശേഷി പഠനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ വേണം ഈ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍.

അതിരപ്പിള്ളിയില്‍ വിശേഷ ദിവസങ്ങളില്‍ ഇപ്പോള്‍ അനിയന്ത്രിതമായ തിരക്കാണ്. വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കാനാകാത്തത് മറ്റൊരു വെല്ലുവിളിയാണ്. എവിടെ നിന്നോ വാങ്ങി കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് അവിടത്തെ കടകളില്‍ വില്‍പ്പനക്കുള്ളത്. എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിനനുസരിച്ചുള്ള വരുമാനം അവിടെ ലഭിക്കുന്നുണ്ടെന്ന് പറയാനാകില്ല. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുന്നതാവണം അതിരപ്പിള്ളി മേഖലയുടെ മാസ്റ്റര്‍ പ്ലാന്‍.

വിശേഷ ദിവസങ്ങളില്‍ മുന്‍കൂട്ടിയുള്ള ബുക്കിങ്ങ് വഴി ചില നിയന്ത്രണങ്ങള്‍ ആലോചിക്കാവുന്നതാണ്. വെറ്റിലപ്പാറയ് ക്കും പിള്ളപ്പാറയ്ക്കും ഇടയില്‍ അനുയോജ്യമായ സ്ഥലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമിയില്‍ ഏതാനും ഏക്കര്‍ തിരിച്ചെടുത്ത് അവിടെ പാര്‍ക്കിംഗ് സംവിധാനം ഒരുക്കാവുന്നതാണ്. അവിടെ നിന്നു അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കും ഉള്ള ഗതാഗത സൗകര്യം വനംവകുപ്പിന്റെ ചുതലയില്‍ ഒരുക്കാനാകും.

ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കി വാഴച്ചാലിന്റെ കൈയ്യൊപ്പ് പതിഞ്ഞ പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കണം. ബയോഗ്യാസ് സംവിധാനത്തോടുകൂടിയ വൃത്തിയുള്ള ശുചിമുറികള്‍ ഉണ്ടാകണം. കാഞ്ഞിരപ്പിള്ളിയിലെ പഴയ കോവിലകം ഒരു റിവര്‍ മ്യൂസിയത്തിന് അനുയോജ്യമായ സ്ഥലമാണ്. സാധ്യതകള്‍ ഇനിയും ഏറെയുണ്ടാകും.

athirappilly waterfalls

**ചോലയാര്‍ എന്നായിരുന്നു ചാലക്കുടിപ്പുഴയുടെ പഴയകാലത്തെ പേര്. വാല്‍പ്പാറയിലെ ചോലപുല്‍മേടുകളില്‍ നിന്നും ഉല്‍ഭവിക്കുന്നതിനാലാണോ അതോ ഷോളയാര്‍ കാടുകളിലൂടെ ഒഴുകി വരുന്നതിനാലാണോ ഈ പേര് വന്നതെന്നറിയില്ല. പില്‍ക്കാലത്ത് പുഴത്തടത്തിലെ പ്രധാന പട്ടണമായ ചാലക്കുടിയുടെ പേര് പുഴയ്ക്ക് ലഭിക്കുകയായിരുന്നു. നാടിന്റെ പേര് പുഴയ്ക്ക് ലഭിക്കുന്നത് അഭിമാനകരമാണെങ്കിലും പുഴയുടെ സൗന്ദര്യത്തെ പ്രതിഫലിപ്പിക്കാന്‍ ഒരു പക്ഷേ ചോലയാറിനാണ് കൂടുതല്‍ അറിയുക.

സഞ്ചാരികളോട്


നഗരത്തിന്റെ തിരക്കും സംഘര്‍ഷവും പദവിയുടെ ഭാരവും അവിടെ തന്നെ ഇറക്കിവച്ചിട്ട് വരിക. എന്നിട്ട് ഈ പ്രകൃതിയുടെ ഭാഗമാവുക. നമ്മെ നിലനിര്‍ത്തുന്ന കാടിനെ മനസ്സുകൊണ്ട് വണങ്ങുക. പുഴയുമായി സൗഹൃദം സ്ഥാപിക്കുക. അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തില്‍ നിന്നും ചിതറി തെറിക്കുന്ന ജലകണങ്ങളുടെ കുളിര് ആവോളം ആസ്വദിക്കുക. വാഴച്ചാലില്‍ കണ്ണ് നിറയെ വെള്ളച്ചാട്ടം കാണുക. എന്നിട്ട് അല്‍പ സമയം കണ്ണടച്ച് നിന്ന് പുഴയുടെ സംഗീതം ഉള്ളിലേക്കാവാഹിക്കുക. തീര്‍ച്ചയായും നിങ്ങള്‍ ഏറെ സമ്പന്നനായാണ് മടങ്ങുക. വീണ്ടും വരണമെന്ന മോഹത്തോടെ.

എസ്.പി. രവി
(ചാലക്കുടിപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി)

Ads by Google
Ads by Google
Loading...
TRENDING NOW