Sunday, August 18, 2019 Last Updated 54 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 04.43 PM

അതിരപ്പിള്ളിയുടെ വന്യത

'' അതിഗംഭീരമായ വെള്ളച്ചാട്ടവും പുഴയുടെ ഇരുകരകളിലുമുള്ള പുഴയോരക്കാടുകളും എത്ര കണ്ടാലും മതിവരില്ല . ''
athirappilly waterfalls

സഞ്ചാരികളുടെയെല്ലാം ഹൃദയം കവരുന്ന, ലോക വിനോദസഞ്ചാര ഭൂപടത്തില്‍ തെന്നിന്ത്യയുടെ തനത് അടയാളമായി മാറിയ അതിരപ്പിള്ളിവാഴച്ചാല്‍ മേഖലക്ക് ജീവന്‍ കൊടുക്കുന്നതാണ് ചാലക്കുടി പുഴയും അനുബന്ധ ജലപാതങ്ങളും. അതിഗംഭീരമായ അതിരപ്പിള്ളി വെള്ളച്ചാട്ടവും പുഴയുടെ ഇരുകരകളിലും പെരിങ്ങല്‍കുത്ത് മുതല്‍ തുമ്പൂര്‍മുഴി വരെ പച്ച അരഞ്ഞാണം പോലെയുള്ള പുഴയോരക്കാടുകളും മികച്ച കാഴ്ചാനുഭവം നല്‍കുന്നു.

വലിയ ആധുനിക സൗകര്യങ്ങളും വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രങ്ങളും ഒന്നുമില്ലാത്ത അതിരപ്പിള്ളിയിലേക്ക് ഇത്രയധികം ആളുകളെ ആകര്‍ഷിക്കുന്നത് എന്താണെന്ന് പലവട്ടം ആലോചിച്ച് നോക്കിയിട്ടുണ്ട്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെ നീണ്ട പുഴയോരകാടുകളെകുറിച്ചും വേഴാമ്പലുകളെകുറിച്ചുമുള്ള പഠനയാത്രയില്‍, അതിരപ്പിള്ളി അണക്കെട്ട് വന്നാല്‍ മുങ്ങിപോകുന്ന നൈസര്‍ഗ്ഗിക പുഴയോര വനങ്ങളെകുറിച്ചുള്ള ചിന്തകളും ആശങ്കയുണര്‍ത്തിയിട്ടുണ്ട്. ജനകീയ സമരങ്ങളെല്ലാം തന്നെ വീണ്ടും വീണ്ടും സൂചിപ്പിക്കുന്നത് ദക്ഷിണേന്ത്യയിലെ തന്നെ രണ്ടാമത്തെ ഉയരം കൂടിയ വെള്ളച്ചാട്ടമായ തെന്നിന്ത്യന്‍ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും പാറക്കെട്ടുകളില്‍കൂടി പതഞ്ഞൊഴുകുന്ന വാഴച്ചാല്‍ ജലപാതവും ഇരുകരകളിലുമുള്ള നിത്യഹരിത പുഴയോര വനങ്ങളും അത് വാസസ്ഥാനമാക്കിയിരിക്കുന്ന വേഴാമ്പലുകളും, ആനയും, സിംഹവാലന്‍ കുരങ്ങുകളും, ചൂരലാമകളും ഇല്ലാതാകുമെന്നുതന്നെയാണ്.

athirappilly waterfalls

വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍, പുഴയുടെ കുളിര്‍മ, ചീവീടുകളുടെ തായമ്പകയുടെ പശ്ചാത്തലത്തില്‍ പച്ചവിരിച്ച പുഴയോരകാടിന്റെ ദൃശ്യമനോഹാരിത തുടങ്ങിയവ ഏതൊരാളിന്റേയും മനം കവരും. ഇതാസ്വദിക്കാനായി കഴിഞ്ഞ അവധിക്കാലത്ത് മാത്രം പത്ത് ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ഇവിടം സന്ദര്‍ശിച്ചത്.

അപകടകരമായ മേഖലയില്‍ പുഴയില്‍ ഇറങ്ങി നിരവധി ജീവനുകളും പൊലിഞ്ഞിട്ടുണ്ട്. എങ്കിലും അതിരപ്പിള്ളിയുടെ വന്യതയുടെ വിളികേട്ട് സഞ്ചാരികള്‍ വീണ്ടും വീണ്ടും എത്തിക്കൊണ്ടിരിക്കുന്നു. തദ്ദേശവാസികള്‍, ആദിവാസികള്‍ എന്നിവര്‍ സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുന്നതിനും സുരക്ഷക്കും, മാലിന്യ നിര്‍മാര്‍ജനത്തിനും വനം വകുപ്പിനോട് ചേര്‍ന്ന്
സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.

പുഴയോരകാടുകളെ കുറിച്ചുള്ള പഠനം തുടങ്ങിയ കാലഘട്ടത്തില്‍ (20002001) സ്ഥിരമായി അതിരപ്പിള്ളിയില്‍ ഇറങ്ങി വാഴച്ചാലിലേക്ക് റോഡിലൂടെയോ പുഴയോരത്തുകൂടിയോ നടക്കുമായിരുന്നു. അന്ന് വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കുറവായിരുന്നു. അതിരപ്പിള്ളി കഴിഞ്ഞാല്‍ ചീവീടുകളുടേയും പുഴയുടേയും സംഗീതം മാത്രമാണുണ്ടാവുക. നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലകളില്‍ നിന്നും താഴോട്ട് നീങ്ങുന്ന ആനകൂട്ടങ്ങള്‍ ഇട്ട്യാനിയിലോ, ചങ്ങലപോക്കറ്റിലോ, വാഴച്ചാല്‍ പാലത്തിനടുത്തോ എത്തിയിട്ടുണ്ടാകും.

athirappilly waterfalls

കേരളത്തില്‍ വാഴച്ചാലിലും ആറളത്തും മാത്രം കാണപ്പെടുന്ന പാണ്ടന്‍ വേഴാമ്പലുകളെ വലിയ കൂട്ടമായി കണ്ടതും ഈ യാത്രകളിലാണ്. വര്‍ഷകാലത്ത് കാടിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണ്ണതയിലെത്തും.

വഴിയിലെ ഓരോ ചാലുകളും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളായി മാറും. ഇട്യാനിയുടെ കയറ്റം കയറുമ്പോള്‍ റോഡിന്റെ ഇരുകരകളിലും പുഴയുടെ ഒരു സൂക്ഷ്മ മാതൃകപോലെ ഒഴുകുന്ന ചാലുകള്‍ക്ക് ഇരുവശങ്ങളിലും പലതരത്തിലുള്ള ബാല്‍സം പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നുണ്ടാകും.

ചുവപ്പിന്റെ പലഭേദങ്ങള്‍ വാരിവിതറുന്ന അനവധി ബാല്‍സം പൂക്കള്‍ക്കിടയില്‍ കടും നീല നിറത്തിലുള്ള പതനഭോജികളായ യൂട്രിക്കുലേറിയ ചെടികള്‍ സൃഷ്ടിക്കുന്ന ദൃശ്യമനോഹാരിത മറ്റൊന്നിനും പകരം വയ്ക്കാനാകില്ല.

പിന്നീട് നടന്ന ആഴത്തിലുള്ള പഠനങ്ങളാണ് ഈ വന വൈവിധ്യത്തിന്റെ പ്രധാന കാരണം ചാലക്കുടിപ്പുഴയുടെ പുഴയോരകാടുകളുടെ അപൂര്‍വ്വത തന്നെയാണ് എന്ന് മനസ്സിലായത്. തുമ്പൂര്‍മുഴി മുതല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ട് വരെയുള്ള ചാലക്കുടിപുഴ സമുദ്ര നിരപ്പില്‍ നിന്നും അമ്പത് മീറ്റര്‍ മുതല്‍ 250 മീറ്റര്‍ വരെ ഉയരത്തിലാണ്.

ഇത്രയും താഴ്ന്ന ഉന്നതിയില്‍ പശ്ചിമഘട്ടത്തില്‍ എവിടെയും പരന്നൊഴുകുന്ന പുഴയോ, പുഴയോരകാടുകളോ ഇല്ല. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയിലെ മൂന്ന് തരം വേഴാമ്പലുകള്‍(മലമുഴക്കി, പാണ്ടന്‍, കേഴി വേഴാമ്പലുകള്‍)ഒന്നിച്ച് കൂട് വയ്ക്കുന്ന അപൂര്‍വ്വ സ്ഥലം കൂടിയാവുകയാണിവിടെ.

athirappilly waterfalls

ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്ന ഉന്നതിയില്‍ കാണപ്പെടുന്ന മലമുഴക്കിയുടെ കൂട്, ഏറ്റവും അധികം ശുദ്ധജല മത്സ്യങ്ങള്‍ കാണപ്പെടുന്ന ചാലക്കുടിപുഴ(105 ഇനങ്ങള്‍), ഏറ്റവുമധികം മത്സ്യങ്ങള്‍ കാണപ്പെടുന്ന മൂന്ന് പ്രദേശങ്ങള്‍(ഒരുകൊമ്പന്‍കുട്ടി, വാഴച്ചാല്‍, വെറ്റിലപ്പാറ), ആനമല പ്രദേശത്തെ ആനകളുടെ ഏറ്റവും പ്രധാന സഞ്ചാരപാത, ഇട്യാനിയിലും വാഴച്ചാലിലും പുഴമണലില്‍ വേനലില്‍ സ്ഥിരമായി കാണുന്ന കടുവയുടെ കാല്‍പാദങ്ങള്‍, വാഴച്ചാലില്‍ ആദ്യമായി കണ്ടെടുക്കപ്പെട്ട, അവിടെമാത്രം കാണപ്പെടുന്ന ലാജിനാന്‍ഡ്രനായരി അടക്കം അഞ്ചിനം അപൂര്‍വ്വ സസ്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ മാത്രമാണുള്ളത്.

വംശമറ്റ് പോയെന്ന് വിശ്വസിച്ചിരുന്ന തും എന്നാല്‍ പിന്നീട് കാണപ്പെട്ട വംശനാശ ഭീഷണി നേരിടുന്ന ചൂരലാമ, കേരളത്തിന്റെ സംസ്ഥാന ഉഭയജീവിയായി പ്രഖ്യാപിക്കാന്‍ പോകുന്ന പര്‍പ്പിള്‍ ബലൂണ്‍ തവള, സ്ഥിരമായി കാണാറുള്ള രാജവെമ്പാലയും, മലമ്പാമ്പും, 245 ഇനങ്ങളില്‍പ്പെട്ട പക്ഷികളും, വംശനാശ ഭീഷണി നേരിടുന്ന 54 ഇനം അപൂര്‍വ്വ സസ്യങ്ങളും എന്നിങ്ങനെ ജൈവവൈവിധ്യത്തിന്റെ കലവറയ്ക്ക് പശ്ചാത്തലമൊരുക്കുന്ന പുഴയും നൂറ് ഹെക്ടറില്‍ താഴെ വരുന്ന പുഴയോരവനങ്ങളും ഇവിടെയാണ്.

ഡോ.കെ.എച്ച്. അമിതാബച്ചന്‍, ഗവേഷകന്‍

Ads by Google
Ads by Google
Loading...
TRENDING NOW