Tuesday, August 20, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 06.57 AM

ജോലിയില്‍ കയറുമ്പോള്‍ സൂരജിന് വെറും നാലുലക്ഷത്തിന്റെ സ്വത്ത്; ഐഎഎസ് ലഭിച്ച ശേഷം അഴിമതിക്കേസില്‍ കുടുങ്ങിയപ്പോള്‍ നൂറുകോടിയിലേറെയും

uploads/news/2019/07/320717/100719aTOSoorajIAS.jpg

കോഴിക്കോട്: വനംവകുപ്പില്‍ റേഞ്ച് ഓഫീസറായാണ് ടി.ഒ. സൂരജ് സര്‍ക്കാര്‍ സര്‍വീസില്‍ തന്റെ ജീവിതം തുടങ്ങുന്നത്. അന്നുണ്ടായിരുന്നത് നാലുലക്ഷം രൂപ മൂല്യമുണ്ടായിരുന്ന കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു. എന്നാല്‍ ഐ.എ.എസ്. ലഭിച്ചതോടെ അഴിമതിയുടെ ആള്‍രൂപമായി മാറിയ സൂരജ് വിവിധ തസ്തികകളിലിരുന്ന് അനധികൃതമായി സമ്പാദിച്ചത് നൂറുകോടിയിലേറ വിലമതിക്കുന്ന സ്വത്തുവകകള്‍. പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി സൂരജിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള അനധികൃത സമ്പാദ്യമായ ഈ സ്വത്തുക്കളെല്ലാം ജപ്തിചെയ്യാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

കണ്‍ഫേഡ് ഐ.എ.എസുകാരനായാണ് സൂരജ് കലക്ടര്‍ പദവിയില്‍ എത്തുന്നത്. കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്താണ് അഴിമതിയുടെ അവസരങ്ങളിലേക്ക് സൂരജ് ആഴ്ന്നിറങ്ങിയത്. കോഴിക്കോട് കലക്ടറായിരിക്കേ മാറാട് കലാപത്തില്‍ ആരോപണ വിധേയനായതോടെയാണ് അദ്ദേഹം രാഷ്ട്രീയ നേതൃത്വവുമായി ബന്ധം സുദൃഢമാക്കിയത്. കലാപം തടയുന്നതില്‍ സൂരജ് വീഴ്ച വരുത്തിയെന്ന് മാറാട് ജുഡീഷ്യല്‍ അനേ്വഷണ കമ്മിഷനായ തോമസ് പി. ജോസഫ് കണ്ടെത്തിയിരുന്നു. മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ച സൂരജ് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ ഉദാസീനത കാട്ടിയെന്നായിരുന്നു ആരോപണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട്പ്രകാരം സൂരജിനെതിരേ ശിക്ഷാനടപടികളൊന്നുമുണ്ടായില്ല.

രസതന്ത്രത്തിലും നിയമത്തിലും ബിരുദവും മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയ സൂരജ് ഒരുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലിനോക്കിയിരുന്നു. പിന്നീടാണ് വനംവകുപ്പില്‍ റേഞ്ചറായെത്തിയത്. റേഞ്ച് ഓഫീസറായിരിക്കുമ്പോള്‍ മുതല്‍ അഴിമതിക്കേസുകളില്‍ സൂരജ് കുടുങ്ങിയിട്ടുണ്ട്. അതിനുശേഷം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ഡപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പിലെത്തി. കൃത്യം എട്ടുവര്‍ഷം തികഞ്ഞപ്പോള്‍, 1994ല്‍ സൂരജിന് സര്‍ക്കാര്‍ ഐ.എ.എസ്. പദവി സമ്മാനിച്ചു.

ഐ.എ.എസ്. കിട്ടിയതോടെ പാലായിലും മൂവാറ്റുപുഴയിലും ആര്‍.ഡി.ഒ, എറണാകുളം സബ് കലക്ടര്‍ എന്നീ പദവികളിലൂടെ തൃശൂരും കോഴിക്കോടും കലക്ടറായി എത്തി. താക്കോല്‍സ്ഥാനങ്ങളിലേക്കു കുതിച്ചെത്തുന്നതിന് രാഷ്ട്രീയ സിരാകേന്ദ്രങ്ങളിലെ ബന്ധം വഴിയൊരുക്കി. ഇടതു-വലതു സര്‍ക്കാറുകള്‍ അധികാരത്തില്‍ മാറിമാറി വരുമ്പോള്‍ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം നിര്‍ണായകമായ വകുപ്പുകളുടെ ചുമതലകള്‍ സൂരജിനെത്തേടിവന്നത് ഉന്നത നേതൃത്വവുമായുള്ള അവിഹിത ബന്ധത്തിലൂടെയാണെന്ന് അങ്ങാടിപ്പാട്ടായിരുന്നു. വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും അദ്ദേഹം എത്തിയതു മുതിര്‍ന്ന ഐ.എ.എസുകാരെ മറികടന്നായിരുന്നു. പതിനായിരക്കണക്കിനു കോടികളുടെ ഇടപാട് നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി പദവിയില്‍ എത്തിയതോടെയാണ് സൂരജിന്റെ അഴിമതി എല്ലാ പരിധിയും ലംഘിച്ചത്.

ഭവനനിര്‍മാണ വകുപ്പ് സെക്രട്ടറിയുടെ ചുമതല, രജിസ്‌ട്രേഷന്‍ ഐ.ജി, ടൂറിസം ഡയറക്ടര്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തുടങ്ങിയ പദവികളും സൂരജ് വഹിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിനും നികുതി വെട്ടിപ്പിനും 2009 മുതല്‍ സൂരജ് ആദായനികുതി, വിജിലന്‍സ് അനേ്വഷണങ്ങള്‍ നേരിടുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ്രെടെബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ടായി. എന്നിട്ടും 2011 ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു.

ഐ.എ.എസ്. ലഭിച്ചതിനുശേഷം സൂരജ് രണ്ടു ഡസനോളം വിജിലന്‍സ് കേസുകളിലും അനേ്വഷണങ്ങളിലും കുടുങ്ങി. കോഴിക്കോട് കലക്ടറായിരിക്കുമ്പോള്‍ 12 സ്ഥാപനങ്ങളില്‍നിന്നും ഒരു വ്യക്തിയില്‍നിന്നും കലക്ടറുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടിന്റെ പേരില്‍ 1.25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്.

കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ രണ്ടാം പ്രതിയായിരുന്നു. മണല്‍ക്കടത്ത് നടത്തിയ വാഹനങ്ങള്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളമശേരി ഭൂമി തട്ടിപ്പ് കേസിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ടി.ഒ. സൂരജിന് 11 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണു കണ്ടെത്തിയത്. വരുമാനത്തെക്കാള്‍ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW