Tuesday, August 20, 2019 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.36 AM

ജര്‍മന്‍ യുവതി എവിടെ?

uploads/news/2019/07/320714/editorial.jpg

കേരളത്തിലെത്തിയ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ കാണാതായിട്ട്‌ നാലുമാസം പിന്നിടുമ്പോഴും അവരെ പറ്റി ഒരു സൂചനയും കിട്ടാതെ ഇരുട്ടില്‍ തപ്പുകയാണു പോലീസ്‌. കഴിഞ്ഞ മാര്‍ച്ച്‌ ഏഴിനാണ്‌ ഇവര്‍ തിരുവനന്തപുരത്ത്‌ വിമാനമിറങ്ങിയത്‌. പിന്നീട്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും മകളെക്കുറിച്ച്‌ ഒരു അറിവുമില്ലെന്ന്‌ അവരുടെ അമ്മ ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതോടെയാണ്‌ ഇവരെ കേരളത്തില്‍നിന്നു കാണാതായതായി വ്യക്‌തമാകുന്നതുതന്നെ. യുവതിയെക്കുറിച്ചു പോലീസ്‌ സാമൂഹിക മാധ്യമങ്ങളിലടക്കം പരസ്യം നല്‍കിയിട്ടും ആര്‍ക്കും സൂചന നല്‍കാന്‍ കഴിയുന്നില്ല. ആകെ ദുരൂഹതമാത്രം ബാക്കിനില്‍ക്കുന്നു.

ഒപ്പം വന്ന മുഹമ്മദലി എന്നയാള്‍ തിരികെ ബ്രിട്ടനിലേക്കു പോയതായി കണ്ടെത്തുകയും ചെയ്‌തതാണ്‌ ഇവരുടെ തിരോധാനത്തെ ഏറെ ദുരൂഹമാക്കുന്നത്‌. യുവതി കേരളത്തിലോ കേരളത്തിനു പുറത്തു മറ്റെവിടെയെങ്കിലുമോ ഉണ്ടോ അതോ ഇന്ത്യയില്‍നിന്നു മടങ്ങിയോ എന്നൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. വിശാലമായ രാജ്യത്ത്‌ ഒരു വ്യക്‌തിയെ കണ്ടെത്തുക എന്നത്‌ തികച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്‌. എന്നാല്‍, രാജ്യാന്തര സര്‍വീസ്‌ നടത്തുന്ന വിമാനത്താവളങ്ങളിലെ രേഖകള്‍ പരിശോധിച്ചാല്‍ അവര്‍ പുറത്തേക്കു പോയോ എന്നു കണ്ടെത്താം. അതും ഇതുവരെ സാധിച്ചിട്ടില്ലെന്നത്‌ പോലീസിനു നാണക്കേടുതന്നെയാണ്‌. കേരളത്തിലേക്കു വരുന്നതിനു മുന്‍പ്‌ തന്നെ ഇവര്‍ മതം മാറിയിരുന്നതായും സൂചനയുണ്ട്‌. അതിന്റെ ചുവടുപിടിച്ച്‌ തീവ്രമതനിലപാടുകള്‍ പുലര്‍ത്തുന്ന സംഘടനകളുടെ കേന്ദ്രത്തില്‍ ഇവരുണ്ടോ എന്നതും അന്വേഷിക്കപ്പെടുന്നു. യുവതിയെ അപായപ്പെടുത്തിയതാണെങ്കിലും അതല്ല, അവര്‍ സ്വമേധയാ ഏതെങ്കിലും താവളത്തില്‍ ഒളിച്ചതാണെങ്കിലും അതു ഗുരുതരം തന്നെ. കേരളത്തില്‍ സഞ്ചാരത്തിനെത്തിയ യുവതി ആക്രമിക്കപ്പെടുകയോ ഏതെങ്കിലും തടങ്കലിലാക്കപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അതു പുറംലോകത്തിനു നല്‍കുന്ന സൂചന നല്ലതല്ല. യുവതി സ്വമേധയാ ഏതെങ്കിലും കേന്ദ്രത്തില്‍ രഹസ്യതാമസമാണെങ്കില്‍ അതും ഗൗരവമുള്ള കാര്യമാണ്‌. ഒരു വ്യക്‌തിക്ക്‌, അതും വിദേശിക്ക്‌, നമ്മുടെ നാട്ടില്‍ എല്ലാ നിരീക്ഷണങ്ങളെയും കബളിപ്പിച്ച്‌ ഒളിച്ചിരിക്കാനാകുമെങ്കില്‍ അതു രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണ്‌. രണ്ടായാലും അവരെ കണ്ടെത്തേണ്ടത്‌ രാജ്യത്തിന്റെ തന്നെ ആവശ്യമാണ്‌.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ ലാറ്റ്‌വിയന്‍ സ്വദേശിയായ യുവതി കോവളത്ത്‌ കൊല്ലപ്പെട്ടത്‌. ഇവരെ കാണാനില്ലെന്നു പരാതി കിട്ടിയശേഷം പോലീസ്‌ വ്യാപകമായി അന്വേഷിച്ചെങ്കിലും ഒരു മാസത്തിനുശേഷം കോവളത്ത്‌ ഇവരുടെ മൃതദേഹം കണ്ടുകിട്ടുകയായിരുന്നു. ഇവരെ പീഡനത്തിനിരയാക്കി വധിക്കുകയായിരുന്നെന്നാണു പോലീസ്‌ പറയുന്നത്‌. ഈ യുവതിയെ കാണാതായതിനു സമീപത്തു തന്നെ പോലീസ്‌ സ്‌റ്റേഷന്‍ ഉള്ളതാണ്‌. പക്ഷേ, പരാതി കിട്ടിയിട്ടും അന്വേഷണം ഇഴയുകയായിരുന്നെന്നു മരിച്ച യുവതിയുടെ സഹോദരി പിന്നീട്‌ പറഞ്ഞിരുന്നു. വിദേശയുവതികള്‍ തുടരെ കേരളത്തില്‍ അപ്രത്യക്ഷമാകുന്നത്‌ രാജ്യാന്തരതലത്തില്‍ കേരളത്തിനു മോശം പ്രതിച്‌ഛായ ഉണ്ടാക്കാന്‍ ഇടയാക്കും. അല്ലെങ്കില്‍തന്നെ കേരളത്തിലെത്തുന്ന, പുറത്തുനിന്നുള്ള വനിതകള്‍ ഇവിടെ മോശം അനുഭവങ്ങള്‍ ഉള്ളതായി പരാതി പറഞ്ഞിട്ടുണ്ട്‌. ഇത്തരം അനുഭവങ്ങളൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ കുറിക്കപ്പെട്ടാല്‍ ലോകം മുഴുവന്‍ അതു പ്രചരിക്കും. ഇവിടേക്ക്‌ സഞ്ചാരികള്‍ വരാതിരിക്കാന്‍ ഇതു കാരണമാകും. പ്രതിച്‌ഛായാ നഷ്‌ടത്തിനൊപ്പം വരുമാന നഷ്‌ടവും വരുത്തിവയ്‌ക്കാനേ ഇതിടയാക്കൂ. അതിനാല്‍, ജര്‍മന്‍ യുവതി ലിസയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കുക തന്നെ വേണം.

Ads by Google
Wednesday 10 Jul 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW