Tuesday, August 20, 2019 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.30 AM

മുടി നീട്ടിയവനെ കിട്ടിയാല്‍ മാലക്കേസ്‌ ചാര്‍ത്തിക്കൊല്ലും

uploads/news/2019/07/320706/bft2.jpg

സുഹൃത്തുമൊത്ത്‌ പെണ്‍കുട്ടിയോടു സംസാരിച്ചുനിന്നു. പോരാത്തതിനു മുടി നീട്ടിവളര്‍ത്തിയിരിക്കുന്നു! തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കണ്ടന്‍വീട്ടില്‍ വിനായകനെ(19)ന്ന ദളിത്‌ യുവാവിനെ കൊല്ലാക്കൊല ചെയ്യാന്‍ പോലീസിന്‌ ഇത്രയും മതിയായിരുന്നു. പിടിച്ചുകൊണ്ടുവന്നു ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നായതോടെ മാലമോഷണക്കേസ്‌ കെട്ടിയേല്‍പ്പിക്കാന്‍ ക്രൂരമര്‍ദനം. മുടി നീട്ടിവളര്‍ത്തിയതിനു തല്ലു വേറേ...
ദേഹത്തേറ്റ മര്‍ദനത്തേക്കാള്‍, മനസിനേറ്റ മുറിവിന്റെ നീറ്റല്‍ ആ ദളിത്‌ യുവാവിനു മറക്കാനായില്ല. ജാമ്യത്തിലിറങ്ങിയശേഷം വീട്ടിലെത്തിയ അവന്‍ തൂങ്ങിമരിച്ചു. സംഭവം കസ്‌റ്റഡി മരണക്കേസായെങ്കിലും ശിക്ഷ രണ്ടു സി.പി.ഒമാരില്‍ ഒതുങ്ങി. പതിവു പട്രോളിങ്ങിനിടെയാണു വിനായകനും സുഹൃത്ത്‌ ശരത്തും ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചുനില്‍ക്കുന്നതു പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. കൈയോടെ മൂവരെയും പാവറട്ടി സ്‌റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയെ പിതാവിനൊപ്പം പറഞ്ഞയച്ചെങ്കിലും വിനായകനും സുഹൃത്തിനും കസ്‌റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റു. വിനായകനെ അന്വേഷിച്ചെത്തിയ പിതാവ്‌ ഏങ്ങണ്ടിയൂര്‍ കണ്ടന്‍വീട്ടില്‍ കൃഷ്‌ണന്‍കുട്ടിക്ക്‌ മകനെ മര്‍ദിക്കുന്നതു കണ്ടുനില്‍ക്കേണ്ടിവന്നു. വിനായകന്‍ മുടി നീട്ടിവളര്‍ത്തിയെന്നതും പോലീസിന്റെ കണ്ണില്‍ കുറ്റമായി. ആദ്യം പെണ്‍വിഷയത്തില്‍ കുടുക്കാനായിരുന്നു ശ്രമം. എന്നാല്‍, പെണ്‍കുട്ടി പരാതിപ്പെടാത്തതിനാല്‍ ബൈക്കിനു മതിയായ രേഖയില്ലെന്ന കുറ്റം ചുമത്തി. അയല്‍വാസിയുടെ മാല മോഷ്‌ടിക്കപ്പെട്ട കേസില്‍ കുറ്റം ഏറ്റെടുക്കണമെന്നും നീട്ടിവളര്‍ത്തിയ മുടി മുറിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.
പിതാവിന്റെ ജാമ്യത്തില്‍ വിട്ടയയ്‌ക്കപ്പെട്ടെങ്കിലും വീട്ടിലെത്തിയ വിനായകന്‍ അപമാനഭാരത്താല്‍ തുങ്ങിമരിച്ചു. 2017 ജൂലൈ 18-നായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന്‌ ശക്‌തമായ പ്രക്ഷോഭമുയര്‍ന്നതോടെ ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ഫിറോസ്‌ എം. ഷഫീക്‌ കസ്‌റ്റഡി മര്‍ദനക്കേസ്‌ അന്വേഷിച്ചു. വിനായകനെയും സുഹൃത്തിനെയും കസ്‌റ്റഡിയിലെടുത്തത്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും അറിഞ്ഞിരുന്നു. മാല മോഷണക്കേസ്‌ അടിച്ചേല്‍പ്പിക്കാന്‍ ഉന്നതസമ്മര്‍ദം ഉണ്ടായതോടെയാണു പോലീസുകാര്‍ വിനായകനുമേല്‍ താണ്ഡവമാടിയത്‌. കസ്‌റ്റഡി മര്‍ദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതാകട്ടെ സാജന്‍, ശ്രീജിത്ത്‌ എന്നീ പോലീസുകാര്‍ മാത്രം. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ ഇവരും ജോലിയില്‍ തിരിച്ചുകയറി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ്‌ ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്‌.

വിനായകന്റെ വഴിയേ ബൈജുവും...
വിനായകന്‍ മരിച്ച്‌ ഒരാഴ്‌ചയ്‌ക്കകം തൃശൂരില്‍ സമാനമായ മറ്റൊരു ആത്മഹത്യകൂടി നടന്നു. 2017 ജൂലൈ 23-നു പട്ടിക്കാട്‌ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസില്‍ ഹാജരായ ചേരുംകുഴി സ്വദേശി ബൈജുവിനെയാണു പിറ്റേന്നു വീടിനടുത്ത ഷെഡ്‌ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്‌. ബൈജുവിന്റെ ദേഹത്തു 19 മുറിവുകളും ക്രൂരമര്‍ദനത്തിന്റെ അടയാളങ്ങളുമുള്ളതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. വനംകൊള്ളമുതലിന്റെ വിഹിതം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌, ഉന്നതോദ്യോഗസ്‌ഥരുടെ അറിവോടെയായിരുന്നു മര്‍ദനമെങ്കിലും വനംവകുപ്പിലെയും പോലീസിലെയും നാലു സാദാ ഉദ്യോഗസ്‌ഥരില്‍ കേസ്‌ ഒതുങ്ങി.

'അദ്ദേഹം' മുഖ്യനൊപ്പം വിട്ടു; കുരുക്കിലായത്‌ എസ്‌.ഐ.
കേരളം കണ്ട ആദ്യത്തെ ദുരഭിമാനക്കൊലപാതകമായിരുന്നു കോട്ടയത്തു കെവിന്റേത്‌. പ്രണയിച്ച നീനുവുമായുള്ള വിവാഹത്തിനു സംയുക്‌ത അപേക്ഷ സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹമാണു നീനുവിനു തിരിച്ചുകിട്ടിയത്‌. കെവിനെ തട്ടിക്കൊണ്ടുപോയെന്നു നീനു സ്‌റ്റേഷനിലെത്തി കരഞ്ഞുപറഞ്ഞിട്ടും കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയോ അടിയന്തര അന്വേഷണം നടത്തുകയോ ചെയ്‌തില്ലെന്ന ആക്ഷേപം നേരിടുന്ന അന്നത്തെ ഗാന്ധിനഗര്‍ എസ്‌.ഐ: എം.എസ്‌. ഷിബു ജോലിയില്‍നിന്നുള്ള പിരിച്ചുവിടലിന്റെ വക്കിലാണ്‌. കുറ്റകൃത്യത്തിനു മുമ്പ്‌ സംശയകരമായ സാഹചര്യത്തില്‍ പ്രതികളെ കണ്ടിട്ടും രണ്ടായിരം രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചെന്ന പേരില്‍ എ.എസ്‌.ഐ. ബിജുവിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോട്ടയം സന്ദര്‍ശനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നെന്ന ഷിബുവിന്റെ വിശദീകരണം ഉന്നതങ്ങളില്‍ സ്വീകാര്യമായില്ല. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകണമെന്നു ഷിബുവിനു നിര്‍ദേശം നല്‍കിയതു ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്‌ഥനാണ്‌.
സംഭവം വിവാദമായതോടെ ഉന്നതന്‍ തലയൂരി. പിരിച്ചുവിടല്‍ ഒഴിവാക്കി സംസ്‌ഥാന പോലീസിലെ ഏറ്റവും ജൂനിയര്‍ എസ്‌.ഐയായി തിരിച്ചെടുക്കാന്‍ ഉത്തരവിറങ്ങി. അതു പുതിയ വിവാദത്തിലേക്കു വഴിതുറന്നു. ഉത്തരവ്‌ മരവിപ്പിച്ചതോടെ ഷിബു സര്‍വീസിനു പുറത്താണ്‌. മുഖ്യനൊപ്പം പോകാന്‍ ഷിബുവിനു നിര്‍ദേശം നല്‍കിയ ഉന്നതന്‍ സുരക്ഷിതന്‍.

കാളിമുത്തുവിനെ ആരും കൊന്നില്ല!

ഈ സര്‍ക്കാരിന്റെ പോലീസിന്‌ "കൊല്ലുന്ന പോലീസ്‌" എന്നു ക്രൂരതയുടെ മെഡല്‍ ചാര്‍ത്തിക്കിട്ടാന്‍ കാരണമായ പ്രകടനം തുടങ്ങിയത്‌ കാളിമുത്തുവിന്റെ മരണം അടക്കമുള്ള സംഭവങ്ങളോടെയാണ്‌. സേലം സ്വദേശിയായിരുന്നു തലശേരിയില്‍ കസ്‌റ്റഡിയിലായ കാളിമുത്തു.
സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. മോഷണശ്രമത്തിനിടെയാണു നാട്ടുകാര്‍ പിടികൂടിയതെന്നു പോലീസ്‌ പറയുന്നു. ഏതായാലും മോഷണക്കേസ്‌ ചുമത്തി കേസെടുത്തു. സ്‌റ്റേഷനില്‍ വച്ച്‌ കാളിമുത്തുവിന്റെ മരണം സംഭവിച്ചു. 2016 ഒക്‌ടോബര്‍ ഒന്‍പതിനായിരുന്നു സംഭവം. അറസ്‌റ്റിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ല, കൃത്യസമയത്ത്‌ കോടതിയില്‍ ഹാജരാക്കിയില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേരളാ പോലീസിനോടു വിശദീകരണം തേടി. അസ്വാഭാവിക മരണത്തിനു കേസെടുത്തതല്ലാതെ ഒന്നുമുണ്ടായില്ല. മരണവിവരം പുറത്തുവന്നതിനു പിന്നാലെ സമരരംഗത്തിറങ്ങിയ പ്രതിപക്ഷത്തെയും പിന്നീടു കണ്ടില്ല. കസ്‌റ്റഡിയില്‍ ഇതരസംസ്‌ഥാനക്കാരനായ ഒരു കാളിമുത്തു മരിച്ചു എന്നൊരു കേസ്‌ ഫയല്‍ എവിടെയെങ്കിലുമുണ്ടാകും.

(തുടരും)

തയാറാക്കിയത്‌: ജോയ്‌ എം. മണ്ണൂര്‍, ഷാലു മാത്യു, കെ. സുജിത്ത്‌

Ads by Google
Wednesday 10 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW