Tuesday, August 20, 2019 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.30 AM

മതി, സാമ്പത്തിക അച്ചടക്കം ജനത്തിനുമാത്രം!

സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞു മുണ്ടുമുറുക്കിയുടുക്കാന്‍ ജനത്തെ പ്രേരിപ്പിക്കുന്ന സംസ്‌ഥാന സര്‍ക്കാര്‍ വയോധികരായ രാഷ്‌ട്രീയ, ഉദ്യോഗസ്‌ഥവൃന്ദത്തിനായി ചെലവഴിക്കുന്നതു കോടികള്‍. വിരമിച്ചശേഷവും അധികാര ശീതളിമ കൊതിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കും വിരമിക്കലില്ലാത്ത രാഷ്‌ട്രീയരംഗത്തെ പഴയ സിംഹങ്ങള്‍ക്കും വേതനം നികുതിപ്പണത്തില്‍നിന്ന്‌. ഇന്ധന, വൈദ്യുതി നിരക്കുവര്‍ധനകളിലൂടെ ജനത്തിനുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുമ്പോള്‍ ആവര്‍ത്തിക്കുന്നത്‌ സാമ്പത്തിക അച്ചടക്കമെന്ന നല്ല പാഠവും!
തലമുതിര്‍ന്ന നേതാക്കള്‍ക്കു തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍നിന്നു "നിര്‍ബന്ധിത വിരമിക്കല്‍" വിധിക്കുമ്പോഴേ സുരക്ഷിതതാവളങ്ങള്‍ ഒരുങ്ങിയിരിക്കും. ഗവര്‍ണര്‍പദവും വിവിധ സമിതി, കമ്മിഷന്‍ അധ്യക്ഷസ്‌ഥാനങ്ങളുമൊക്കെയാണു ലാവണങ്ങള്‍. സുദീര്‍ഘമായ സര്‍വീസ്‌ കാലാവധിക്കുശേഷവും "ജനസേവന" ത്വരയുള്ള ഉദ്യോഗസ്‌ഥവൃന്ദത്തിന്റെ വിശ്രമജീവിതം സര്‍ക്കാര്‍ ചെലവില്‍ സുരക്ഷിതം. സര്‍വീസിലിരിക്കെ ഭരണകൂടങ്ങളുടെ കണ്ണിലെ കരടാകരുതെന്നു മാത്രം. ഇഷ്‌ടക്കാരുടെ ഗണത്തില്‍പ്പെട്ടാല്‍ സര്‍വീസിലുള്ളതിനേക്കാള്‍ വേതനം കീശയിലെത്തുന്ന "ജോലി"കള്‍ രാഷ്‌ട്രീയക്കാര്‍തന്നെ തരപ്പെടുത്തി നല്‍കും. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന ഭരണം കൈയാളുന്നവര്‍ വ്യത്യസ്‌തരല്ലെന്നതിനുതെളിവുകള്‍ നിരവധി.
ധൂര്‍ത്ത്‌ ഒഴിവാക്കുമെന്ന പ്രഖ്യാപനവുമായി അധികാരമേറിയ പിണറായിസര്‍ക്കാര്‍ രൂപംനല്‍കിയ ഭരണപരിഷ്‌കാര കമ്മിഷന്‍തന്നെ ദുര്‍ച്ചെലവിന്‌ ഉദാഹരണം. തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍പിടിച്ച്‌ ഇടതിന്‌ അധികാരമുറപ്പിച്ച വി.എസ്‌. അച്യുതാനന്ദനെ മന്ത്രിസഭാ രൂപീകരണവേളയില്‍ അവഗണിച്ചെന്ന പരാതി ഒഴിവാക്കാനും അനുനയിപ്പിക്കാനുമുള്ള മാര്‍ഗമായിരുന്നു 2016 ഓഗസ്‌റ്റിലെ കമ്മിഷന്‍ രൂപീകരണം. അധ്യക്ഷന്‍ എന്ന നിലയില്‍ വി.എസിനും അംഗങ്ങളായ വിരമിച്ച ഐ.എ.എസ്‌. ഉദ്യോഗസ്‌ഥര്‍ക്കുമായി ഇതുവരെ ചെലവഴിച്ചത്‌ 5.9 കോടി രൂപ. ഇതില്‍ ഭൂരിഭാഗവും ശമ്പളയിനത്തിലാണെന്നതാണു ശ്രദ്ധേയം. വി.എസ്‌: 23.43 ലക്ഷം, അംഗങ്ങളായ സി.പി. നായര്‍: 25.56 ലക്ഷം, നീലാ ഗംഗാധരന്‍: 7.55 ലക്ഷം, മെമ്പര്‍ സെക്രട്ടറി ഷീലാ തോമസ്‌: 38.37 ലക്ഷം രൂപ എന്നിങ്ങനെ വേതനയിനത്തില്‍ കൈപ്പറ്റിയപ്പോള്‍ ജീവനക്കാര്‍ക്കു പ്രതിമാസം 8.4 ലക്ഷം രൂപയാണു ശമ്പളച്ചെലവ്‌.
ആയിരം രൂപയാണ്‌ വി.എസിന്റെ പ്രതിമാസ ശമ്പളമെങ്കിലും ഡി.എ: 1000 രൂപ, നിയോജക മണ്ഡലം ബത്ത: 12,000 രൂപ, ഇന്ധനച്ചെലവ്‌: 10,500 രൂപ എന്നിവയും യാത്രാബത്തയും ലഭിക്കും. ക്യാബിനറ്റ്‌ പദവിയുള്ളതിനാല്‍ മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളുമുണ്ട്‌.
ഇതിനെല്ലാം പുറമേയാണു വാഹനത്തിനും ഓഫീസിനുമായി ചെലവഴിച്ച ലക്ഷങ്ങള്‍. കമ്മിഷനു സ്വന്തമായി വാഹനങ്ങളില്ല. എന്നാല്‍ ചെയര്‍മാന്റെയും മെമ്പര്‍ സെക്രട്ടറിയുടെയും ഉപയോഗത്തിനു വിനോദ സഞ്ചാരവകുപ്പില്‍നിന്ന്‌ ഓരോ വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. കമ്മിഷന്‍ അംഗം സി.പി. നായര്‍, പാര്‍ട്ട്‌ടൈം അംഗം നീലാ ഗംഗാധരന്‍ എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്ക്‌ അവര്‍ ആവശ്യപ്പെടുന്ന മുറയ്‌ക്കു വാഹനങ്ങള്‍ അനുവദിക്കും. ഓഫീസ്‌ ആവശ്യങ്ങള്‍ക്കായി രണ്ടു വാഹനങ്ങള്‍ വേറെ. വി.എസിന്റെ പത്തിലധികം പഴ്‌സണല്‍ സ്‌റ്റാഫിനും പ്രതിമാസം ലക്ഷങ്ങളുടെ ചെലവുണ്ട്‌. പഴ്‌സണല്‍ അസിസ്‌റ്റന്റിനുമാത്രം പ്രതിമാസ ശമ്പളം 88,922 രൂപ.
പ്രളയാനന്തര പുനര്‍നിര്‍മാണമാണു ധൂര്‍ത്തിനു മറ്റൊരു ഉദാഹരണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുറിയടക്കമുള്ള സൗകര്യങ്ങളില്ലാതെ വലഞ്ഞ സര്‍ക്കാര്‍ കണ്ടെത്തിയത്‌ സെക്രട്ടേറിയറ്റിനു സമീപത്തെ കെട്ടിടസമുച്ചയം. ലക്ഷങ്ങളാണ്‌ ഈ കെട്ടിടത്തിനു വാടക. ഈ തുക പോകുന്നതോ കെട്ടിടം ഉടമയായ സി.പി.എം. നേതാവിന്റെ പോക്കറ്റിലേക്കും! പ്രളയത്തില്‍ സര്‍വവും നഷ്‌ടപ്പെട്ട നിരാലംബര്‍ അര്‍ഹതപ്പെട്ട നഷ്‌ടപരിഹാരത്തിനായി അലയുമ്പോള്‍ കെട്ടിട നവീകരണത്തിനു പൊടിക്കുന്നത്‌ ഒരു കോടിയോളം രൂപ!
ഖജനാവു കാലിയാണെന്നു സദാസമയവും വിലപിക്കുന്ന ധനവകുപ്പിനും സാമ്പത്തിക അച്ചടക്കം വാക്കുകളില്‍ മാത്രം. വാഹനങ്ങളോടാണു വകുപ്പിനു പ്രിയം. തലങ്ങും വിലങ്ങും ഓടാന്‍ ആവശ്യത്തിനു വണ്ടിയുള്ളപ്പോള്‍ കോടികള്‍ ചെലവിട്ട്‌ പുതിയവ വാങ്ങാന്‍ ട്രഷറിവകുപ്പിന്‌ യാതൊരു മടിയുമില്ല. സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ സാക്ഷരതാ മിഷനില്‍ സാങ്കല്‍പ്പിക തസ്‌തിക സൃഷ്‌ടിച്ചതും പതിനായിരങ്ങള്‍ ക്രമവിരുദ്ധമായി ശമ്പളമായി നല്‍കുന്നതും ഇതേ വകുപ്പുതന്നെ!
ഈവിധത്തില്‍ പരിധിയില്ലാ ദുര്‍ച്ചെലവിനു കൈയയച്ചു പണം നല്‍കുന്നതിന്‌ ഉദാഹരണങ്ങള്‍ അനവധി. അതേസമയം പകലന്തിയോളം പാടത്തു പണിത്‌ വിളയിച്ചെടുക്കുന്ന നെല്ല്‌ സപ്ലൈകോയ്‌ക്ക്‌ നല്‍കിയ ഇനത്തില്‍ കര്‍ഷകര്‍ക്കു കൊടുക്കാനുള്ളത്‌ 250 കോടി രൂപയാണ്‌. കെ.എസ്‌.ആര്‍.ടി.സിയിലേതടക്കം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ്‌ കോടികള്‍ ധൂര്‍ത്തടിക്കുന്നത്‌.

സുനില്‍ ജെ. സണ്ണി

Ads by Google
Wednesday 10 Jul 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW