Wednesday, August 21, 2019 Last Updated 46 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.21 AM

മഴക്കളി ; ഫലം ഇന്ന്‌ , മത്സരം ഇന്നലെ നിര്‍ത്തിയിടത്തു നിന്ന്‌ ഇന്നു മൂന്നിനു പുനഃരാരംഭിക്കും

uploads/news/2019/07/320661/s1.jpg

മാഞ്ചസ്‌റ്റര്‍: 2019 ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ്‌ ഒന്നാം സെമിഫൈനലില്‍ മഴയുടെ കളി. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 46.1 ഓവറില്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 211 റണ്‍സ്‌ എടുത്തുനില്‍ക്കെ മഴയെത്തുകയായിരുന്നു.
തുടര്‍ന്ന്‌ ഒരു പന്തുപോലും എറിയാനാകാതെ മത്സരം ഇന്നലത്തേക്ക്‌ ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നു ന്യൂസിലന്‍ഡ്‌ ഇന്നിങ്‌സ് 46.1 ഓവറില്‍ നിന്നു പുനഃരാരംഭിക്കും. മഴയെത്തുടര്‍ന്ന്‌ മത്സരം 20 ഓവറെങ്കിലും ആക്കി ചുരുക്കി ഇന്നലെത്തന്നെ വിജയികളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഒഴിയാതെ നിന്ന മഴ ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
20 ഓവറാക്കി ചുരുക്കിയിരുന്നെങ്കില്‍ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം 148 റണ്‍സ്‌ ഇന്ത്യ പിന്തുടരേണ്ടി വന്നേനെ. മഴയില്‍ കുതിര്‍ന്ന പിച്ചില്‍ അത്തരമൊരു ചേസ്‌ ദുഷ്‌കരമാണെന്നിരിക്കെ ഇന്ത്യ അനുകൂലമായി മഴയെത്തുകയായിരുന്നു.
ഗ്രൂപ്പ്‌ തലത്തിലും ഇന്ത്യ-ന്യൂസിലന്‍ഡ്‌ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യയുടെ മത്സരം അടുത്ത ദിവസത്തേക്കു മാറ്റുന്നത്‌ ഇതു രണ്ടാം തവണയാണ്‌. നേരത്തെ ഇംഗ്ലണ്ടില്‍ തന്നെ നടന്ന 1999 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട്‌ മത്സരം മഴയെത്തുടര്‍ന്ന്‌ രണ്ടാം ദിവസമാണ്‌ പൂര്‍ത്തിയാക്കിയത്‌.
ഇന്നലെ ടോസ്‌ നേടിയ ന്യൂസിലന്‍ഡ്‌ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന്‌ അനുകൂലമെന്നു പ്രവചിച്ച പിച്ചില്‍ പക്ഷേ ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ന്യൂസിലന്‍ഡ്‌ ഓപ്പണര്‍മാര്‍ ചൂളി.
റണ്‍സ്‌ കണ്ടെത്താന്‍ കിവീസ്‌ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്‌ടിലിനും ഹെന്റ്‌റി നിക്കോള്‍സിനും കഴിഞ്ഞില്ല. ജസ്‌പ്രീത്‌ ബുംറയെറിഞ്ഞ ആദ്യ ഓവര്‍ ഗുപ്‌ടിലും ഭുവനേശ്വര്‍ എറിഞ്ഞ രണ്ടാം ഓവര്‍ നിക്കോളാസും മെയ്‌ഡനാക്കി. നാലമത്തെ ഓവറിലെ മൂന്നാം പന്തില്‍ ബുംറയ്‌ക്ക് വിക്കറ്റ്‌ സമ്മാനിച്ച്‌ ഗുപ്‌ടില്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ്‌.
14 പന്ത്‌ നേരിട്ട ഗുപ്‌ടിലിന്‌ നേടിയത്‌ ഒരു റണ്‍. ബുംറയുടെ പന്തിന്റെ ഗതി മനസിലാക്കാതെ ബാറ്റുവച്ച ഗുപ്‌ടിലിനെ സ്ലിപ്പില്‍ കോഹ്ലി പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ വില്യംസണ്‍ നിക്കോളാസിനൊപ്പം ചേര്‍ന്നതോടെ സ്‌കോര്‍ബോര്‍ഡ്‌ മെല്ലെ ചലിക്കാന്‍ തുടങ്ങി.
എങ്കിലും ആദ്യ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 10 ഓവറില്‍ വെറും 27 റണ്‍സ്‌ മാത്രമായിരുന്നു കിവീസിനു നേടാനായത്‌. വില്യംസണ്‍-നിക്കോള്‍സ്‌ കൂട്ടുകെട്ട്‌ അധികം മുന്നോട്ടുപോയില്ല. 19-ാം ഓവറില്‍ രവീന്ദ്ര ജഡേജ അതിന്‌ അന്ത്യം കുറിച്ചു.
51 പന്ത്‌ നേരിട്ട്‌ രണ്ടു ബൗണ്ടറികളുള്‍പ്പടെ 28 റണ്‍സ്‌ നേടിയ നിക്കോള്‍സ്‌ ക്ലീന്‍ ബൗള്‍ഡ്‌. പുറത്താകും മുമ്പ്‌ നായകനൊപ്പം നിര്‍ണായകമായ 68 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്താന്‍ നിക്കോള്‍സിനായി.
ഇതിനു ശേഷം നാലാമനായി ഇറങ്ങിയ റോസ്‌ ടെയ്‌ലര്‍ വില്യംസണ്‌ മികച്ച പിന്തുണ നല്‍കിയതോടെ കിവീസ്‌ പതിയെ കരകയറി. മൂന്നാം വിക്കറ്റില്‍ 65 റണ്‍സാണ്‌ ഇവര്‍ കൂട്ടിച്ചേര്‍ത്തത്‌. എന്നാല്‍ മെല്ലെപ്പോക്കായിരുന്നു ഇരുവരുടേതും.
36-ാം ഓവറിന്റെ രണ്ടാം പന്തില്‍ വില്യംസണെ ജഡേജയുടെ കൈയില്‍ എത്തിച്ച്‌ യൂസ്‌വേന്ദ്ര ചഹാലാണ്‌ ഈകൂട്ടുകെട്ട്‌ പൊളിച്ചത്‌. 95 പന്തില്‍ നിന്ന്‌ ആറു ബൗണ്ടറികളുള്‍പ്പടെ 67 റണ്‍സാണ്‌ വില്യംസണ്‍ നേടിയത്‌.
റണ്‍റേറ്റുയര്‍ത്താനായി സ്‌ഥാനക്കയറ്റം കിട്ടിയ ജയിംസ്‌ നീഷാം ആയിരുന്നു അടുത്തതായി മടങ്ങിയത്‌. 18 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറി ഉള്‍പ്പടെ 12 റണ്‍സ്‌ നേടിയ നീഷാമിനെ ഹര്‍ദ്ദിക്‌ പാണ്ഡ്യയുടെ പന്തില്‍ ദിനേഷ്‌ കാര്‍ത്തിക്‌ പിടികൂടി.
പിന്നീടെത്തി്യ ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോമാണ്‌ കിവീസ്‌ സ്‌കോര്‍ ഉയര്‍ത്തിയത്‌. 10 പന്തില്‍ രണ്ടു ബൗണ്ടറികളുള്‍പ്പടെ 16 റണ്‍സ്‌ നേടിയ ഗ്രാന്‍ഡ്‌ഹോം ടെയ്‌ലറിനൊപ്പം 22 പന്തില്‍ നിന്ന്‌ 38 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.
അപകടകാരമായി വളര്‍ന്നേക്കുമായിരുന്ന ഈ കൂട്ടുകെട്ടു പൊളിച്ച്‌ ഭുവനേശ്വര്‍ കുമാറാണ്‌ ഇന്ത്യക്ക്‌ നിര്‍ണായക ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്‌. വിക്കറ്റിനു പിന്നില്‍ ധോണിക്കായിരുന്നു ക്യാച്ച്‌.
തുടര്‍ന്ന്‌ ഒരു എല്‍ബി അപ്പീല്‍ ഡി.ആര്‍.എസിലൂടെ മറികടന്ന ടെയ്‌ലര്‍ ആറാമനായെത്തിയ ടോം ലതാമിനൊപ്പം ന്യൂസിലന്‍ഡ്‌ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ്‌ മഴയെത്തിയത്‌. 46.1 ഓവറി 211/5 എന്നനിലയിലായിരുന്നു ന്യൂസിലന്‍ഡ്‌ അപ്പോള്‍. ഇന്ത്യയ്‌ക്കായി ബൗള്‍ ചെയ്‌ത ഭുവനേശ്വര്‍, ബുംറ, ചഹാല്‍, ജഡേജ, പാണ്ഡ്യ എന്നിവരെല്ലാം ഓരോവിക്കറ്റ്‌ വീതം വീഴ്‌ത്തി.

Ads by Google
Wednesday 10 Jul 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW