Thursday, August 22, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

പൈലറ്റ്‌ വാഹനം 'ചതിച്ചു'; മുഖ്യമന്ത്രിക്കു വഴി തെറ്റി

പാലക്കാട്‌ : ജില്ലാ ജയില്‍ ഉദ്‌ഘാടനത്തിനു ഗവ: ഗസ്‌റ്റ്‌ ഹൗസില്‍നിന്നു മലമ്പുഴയിലേക്ക്‌ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു വഴി തെറ്റി. ഇന്നലെ രാവിലെയാണു സംഭവം. പാലക്കാടുനിന്നു വരുമ്പോള്‍ മന്തക്കാട്‌ ജങ്‌ഷനില്‍നിന്നു വലത്തോട്ട്‌ തിരിഞ്ഞ്‌ കനാലിനു സമീപത്തുകൂടിയുള്ള റോഡിലൂടെയാണു പുതിയ ജില്ലാ ജയിലിലേക്ക്‌ പോകേണ്ടത്‌. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്‌ ഏറ്റവും മുന്നില്‍പോയ അഡ്വാന്‍സ്‌ഡ്‌ പൈലറ്റ്‌ ശരിയായ വഴിയൂടെ പോയപ്പോള്‍ ഇതിനു പിന്നില്‍വന്ന പൈലറ്റ്‌ വാഹനമാണ്‌ വഴിയറിയാതെ നേരേ കുതിച്ചത്‌.
മലമ്പുഴ പോലീസ്‌ സ്‌റ്റേഷനിലേക്കുള്ള വഴിയിലേക്ക്‌ തിരിഞ്ഞ്‌ മുന്നോട്ടുപോയപ്പോഴാണു പൈലറ്റ്‌ വാഹനത്തിന്‌ വഴി പിഴച്ചകാര്യം വ്യക്‌തമായത്‌. അപ്പോഴേക്കും വലത്തേക്ക്‌ തിരിഞ്ഞ്‌ മലമ്പുഴ സ്‌കൂളിന്‌ മുന്നിലൂടെ പ്രധാനറോഡിലേക്കെത്താനുള്ള വഴിയും മറികടന്നിരുന്നു. അതിനാല്‍ ഇടത്തോട്ട്‌ തിരിഞ്ഞ്‌ എസ്‌.പി. ലൈനിന്‌ സമീപത്തുകൂടി പ്രധാന റോഡിലേക്കിറങ്ങിയാണ്‌ ഉദ്‌ഘാടന വേദിയിലേക്ക്‌ മടങ്ങിയത്‌.
കസബ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്കായിരുന്നു പൈലറ്റ്‌ വാഹനത്തിന്റെ ചുമതല. അഡ്വാന്‍സ്‌ഡ്‌ പൈലറ്റ്‌ വാഹനവുമായുള്ള അകലംകൂടിയതാണ്‌ പൈലറ്റ്‌ വാഹനത്തെ വട്ടംകറക്കിയത്‌. ചടങ്ങുകള്‍ക്ക്‌ നിശ്‌ചയിച്ച സമയം തെറ്റാതെ എത്താറുള്ള മുഖ്യമന്ത്രിയെ മലമ്പുഴ വട്ടംചുറ്റി കാണിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുമെന്നാണ്‌ വിവരം.
സംഭവിച്ച പാളിച്ചയ്‌ക്ക്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ മുഖ്യമന്ത്രിയെ കണ്ട്‌ ഖേദപ്രകടനം നടത്തിയതായും സൂചനയുണ്ട്‌. മുമ്പും പാലക്കാട്‌ നഗരത്തില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‌ വഴിതെറ്റിയിരുന്നു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW