Tuesday, August 20, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jul 2019 01.15 AM

കട്ടച്ചിറ പള്ളിക്കേസ്‌ ബെഞ്ച്‌ മാറ്റിയതില്‍ അസ്വാഭാവികത: യാക്കോബായ വിഭാഗം

കായംകുളം: സുപ്രീംകോടതി രജിസ്‌ട്രിയിലെ ക്രമക്കേടില്‍ കട്ടച്ചിറ പള്ളിേക്കസും ഉള്‍പെടുന്നുവെന്ന്‌ യാക്കോബായ വിഭാഗം.
വിവിധ ബെഞ്ചുകള്‍ക്ക്‌ കേസുകള്‍ ക്രമം തെറ്റിച്ച്‌ പട്ടിക ചെയ്യുന്നെന്ന ആരോപണത്തെ തുടര്‍ന്ന്‌ സി.ബി.ഐക്കും ഡല്‍ഹി പോലീസിനും അന്വേഷണച്ചുമതല നല്‍കിയ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയിയുടെ നിലപാട്‌ സ്വാഗതാര്‍ഹമാണെന്നും യാക്കോബായ വിഭാഗം പറഞ്ഞു.
സഭാതര്‍ക്കത്തില്‍പെട്ട കട്ടച്ചിറ പള്ളിക്കേസ്‌ ചില ബെഞ്ചുകളില്‍ വരുന്നതില്‍ അസ്വാഭാവികത ഉണ്ടെന്നും ഇതിനെതിരേ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്‌ അഭിഭാഷകന്‍ വഴി കട്ടച്ചിറ പള്ളിക്കേസിലെ കക്ഷികള്‍ പരാതി നല്‍കിയിരുന്നു. ചീഫ്‌ ജസ്‌റ്റിസ്‌ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച്‌ പരിഗണിച്ചിരുന്ന കട്ടച്ചിറ പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, കേവിയറ്റ്‌ ഹര്‍ജി നല്‍കിയിരുന്ന തങ്ങളെ അറിയിക്കാതെ മറ്റൊരു രണ്ടംഗ ബെഞ്ചിലേക്ക്‌ കേസ്‌ മാറ്റിയത്‌ സംബന്ധിച്ചാണ്‌ കത്ത്‌ നല്‍കിയത്‌. കേവിയറ്റ്‌ ഹര്‍ജി നിലവിലുള്ളപ്പോള്‍ കക്ഷികള്‍ക്ക്‌ നോട്ടീസ്‌ നല്‍കാതെ ഇതുസംബന്ധിച്ച അപ്പീലുകള്‍ ഫയലില്‍ സ്വീകരിച്ചു കൂടാ. തങ്ങള്‍ക്കെതിരായ ഹര്‍ജി സ്വീകരിച്ച്‌ 25 ദിവസം കഴിഞ്ഞാണ്‌ വിവരം അറിയുന്നതെന്നും കേസ്‌ രണ്ടംഗ ബെഞ്ചിന്‌ വിടാതെ മൂന്നംഗ ബെഞ്ച്‌ കേള്‍ക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
2018 ഓഗസ്‌റ്റ്‌ 28-ന്‌ ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗോഗോയ്‌, നവീന്‍ സിംഹ, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിയുടെ അടിസ്‌ഥാനത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം കേരള ഹൈക്കോടതിയില്‍ പോലീസ്‌ സംരക്ഷണത്തിന്‌ ഹര്‍ജി നല്‍കിയിരുന്നു. പോലീസ്‌ സംരക്ഷണം ആവശ്യമില്ലെന്നും പള്ളി ഭരണസമിതിക്ക്‌ തടസം കൂടാതെ പ്രവര്‍ത്തിക്കാമെന്നുമായിരുന്നു ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ മാര്‍ച്ച്‌ 13 ലെ വിധി. ഇതിനെതിരേയുള്ള അപ്പീലിലാണ്‌ ബെഞ്ച്‌ മാറ്റം നടന്നത്‌.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ കട്ടച്ചിറ പള്ളിയിലെ കക്ഷികള്‍ രജിസ്‌ട്രാര്‍ക്ക്‌ കത്ത്‌ നല്‍കിയത്‌. ഈ കേസില്‍ കട്ടച്ചിറ പള്ളി നല്‍കിയ കത്തും പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ വീണ്ടും ചീഫ്‌ ജസ്‌റ്റിസിന്‌ കത്ത്‌ നല്‍കുമെന്ന്‌ പള്ളി ഭാരവാഹികള്‍ പറഞ്ഞു.

Ads by Google
Wednesday 10 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW