Tuesday, August 20, 2019 Last Updated 45 Min 13 Sec ago English Edition
Todays E paper
Ads by Google
തല്ലിയവര്‍ കൊണ്ടറിയും തല്ലിച്ചവരെ കൊണ്ടാടും / എന്‍. രമേഷ്‌
Tuesday 09 Jul 2019 12.20 AM

'ഏമാന്റെ വാക്കു കേട്ടു തല്ലല്ലേ, കുടുംബം പട്ടിണിയാകും'

uploads/news/2019/07/320459/2.jpg

നെടുങ്കണ്ടം കസ്‌റ്റഡി മരണക്കേസില്‍ എസ്‌.ഐയും പോലീസ്‌ ഡ്രൈവറും അറസ്‌റ്റിലാവുകയും ഇടുക്കി എസ്‌.പിയെ "സൗകര്യപ്രദമായ" പദവിയിലേക്കു സ്‌ഥലംമാറ്റുകയും ചെയ്‌തശേഷം പോലീസുകാരുടെ ഒരു വാട്‌സ്‌ആപ്‌ ഗ്രൂപ്പില്‍ പ്രചരിക്കുന്ന ട്രോളുകളിലൊന്ന്‌ ഇങ്ങനെ:

"ഒരു പ്രതിയെ പിടിച്ചാല്‍ ക്രെഡിറ്റ്‌;
...ന്‌ കിട്ടിയ രഹസ്യവിവരത്തേത്തുടര്‍ന്ന്‌,
...ന്റെ നിര്‍ദേശപ്രകാരം,
...ന്റെ മേല്‍നോട്ടത്തില്‍,
...ന്റെ നേതൃത്വത്തില്‍,
...ഉം ...ഉം ചേര്‍ന്നു പിടികൂടി.
കൂടെ, സി.പി.ഒ. ശശിയും ഉണ്ടായിരുന്നു.

ഇനി ആ പിടികൂടപ്പെട്ടയാള്‍ക്ക്‌ എന്തെങ്കിലും
സംഭവിച്ചാലോ,
ശശീ, നീയെന്തിനാ അവനെ പിടിച്ചത്‌?
ആരു പറഞ്ഞിട്ട്‌?
വാറന്റ്‌ ഉണ്ടോ?
100 ചോദ്യങ്ങളും മൊത്തം കുറ്റവും.
അവസാനം ശശി സോമനാകും"

വായിക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും, ചിരിയുണര്‍ത്തുന്ന ഈ ട്രോളിനു പിന്നില്‍ ഒരു സാദാ പോലീസുകാരന്റെ മുഴുവന്‍ വേവലാതിയുമുണ്ട്‌. പ്രമാദമായ കേസില്‍ പ്രതിയെ പിടിച്ചാല്‍ ക്രെഡിറ്റെല്ലാം ഏമാന്‍മാര്‍ക്ക്‌. പിടിക്കാന്‍ പോയ പോലീസുകാരുടെ പേരാകട്ടെ ഇനിഷ്യല്‍ പോലുമില്ലാതെ പത്രക്കുറിപ്പിന്റെ ഒടുവില്‍. പിടിക്കപ്പെട്ടവന്‌ എന്തെങ്കിലും സംഭവിച്ചാല്‍, സ്‌റ്റേഷന്‍ ചുമതലക്കാരും പിടിക്കാന്‍ ഒപ്പം പോയവരും കുടുങ്ങും. പണി പോകുമെന്നു മാത്രമല്ല, അഴിയും എണ്ണും. പിടിക്കാനും അടിക്കാനും നിര്‍ദേശിച്ച മേലാളന്‍മാര്‍ ഏറിയാല്‍ ഒന്നു സ്‌ഥലംമാറ്റപ്പെടും. സംഭവം വിസ്‌മൃതിയിലായാല്‍ യഥേഷ്‌ടം സ്‌ഥാനക്കയറ്റവും.

"അവനവന്റെ തൊഴില്‍സുരക്ഷ നോക്കുക...മേലാധികാരികളുടെ വാക്കും കേട്ട്‌, റിസ്‌ക്കെടുത്ത്‌ എന്തെങ്കിലും തെളിയിക്കാന്‍ പോയാല്‍ കൈയടി പങ്കിടാന്‍ ഒത്തിരിപ്പേരുണ്ടാകും. പക്ഷേ, പണി പാളിയാല്‍ സ്വന്തം നിഴലും കുടുംബവും മാത്രമേ ഒപ്പമുണ്ടാകൂ. മസിലും വീര്‍പ്പിച്ച്‌, മഫ്‌തിയില്‍ താന്‍ വല്യ സംഭവമാണെന്നൊക്കെ കരുതി നടക്കുന്ന സ്‌ക്വാഡുകാര്‍ ഇതോര്‍ത്താല്‍ അവനവന്റെ കുടുംബത്തിനു കൊള്ളാം..."- പോലീസുകാരുടെ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന മറ്റൊരു സന്ദേശമിങ്ങനെ.

ഇനി ചില യഥാര്‍ഥ സംഭവങ്ങള്‍: പാലക്കാട്‌ പുത്തൂരിലെ ഷീല വധക്കേസ്‌ പ്രതി സമ്പത്തിന്റെ കസ്‌റ്റഡി മരണക്കേസില്‍ സി.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌തവരില്‍ ചിലര്‍ അന്വേഷണമികവിനു പേരുകേട്ട ഉദ്യോഗസ്‌ഥരായിരുന്നു. വീട്ടമ്മയായ ഷീലയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ 2010 മാര്‍ച്ച്‌ 29-നാണ്‌ സമ്പത്തിനെ തമിഴ്‌നാട്ടില്‍നിന്നു കേരളാ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങിയത്‌. തുടര്‍ന്ന്‌, ഉന്നതോദ്യോഗസ്‌ഥന്റെ നിര്‍ദേശപ്രകാരം, മലമ്പുഴയിലെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യല്‍.

പിറ്റേന്നു പുലര്‍ന്നപ്പോള്‍ പ്രതിയുടെ ദേഹത്തു ജീവന്റെ തുടിപ്പുപോലും ശേഷിച്ചിരുന്നില്ല. പ്രമാദമായ കേസില്‍ പേരും പ്രശസ്‌തിയും ലക്ഷ്യമിട്ടുള്ള അമിതാവേശം പോലീസിനു തിരിച്ചടിയായി. തമിഴ്‌നാട്‌ പോലീസിനെ ഉപയോഗിച്ച്‌ സമ്പത്തിനെ പിടികൂടിയതു മുതല്‍ എല്ലാ കാര്യങ്ങളിലും കേരളാ പോലീസിലെ ഒരു ഉന്നതോദ്യോഗസ്‌ഥന്റെ പങ്ക്‌ വ്യക്‌തമായിരുന്നു. എന്നാല്‍, കസ്‌റ്റഡി മരണക്കേസിന്റെ ക്ലൈമാക്‌സില്‍ ഉന്നതന്‍ ചിത്രത്തിലുണ്ടായിരുന്നില്ല.

സാദാ പോലീസുകാരന്‍ മുതല്‍ ഡിവൈ.എസ്‌.പി. വരെയുള്ളവരില്‍ അന്തിമപ്രതിപ്പട്ടിക ഒതുങ്ങി. അവര്‍ക്കെല്ലാം സസ്‌പെന്‍ഷന്‍, അറസ്‌റ്റ്‌, ജയില്‍വാസം, പണിഷ്‌മെന്റ്‌ റോള്‍ (പി.ആര്‍). തിരികെ സര്‍വീസില്‍ എത്തിയവര്‍ക്കു സ്‌ഥാനക്കയറ്റമില്ല, വിരമിച്ചപ്പോള്‍ ആനൂകൂല്യങ്ങളില്ല. ആകെ 12 പേര്‍ക്കെതിരേയാണു സി.ബി.ഐ. കുറ്റപത്രം നല്‍കിയത്‌. ഒരാളൊഴികെ ബാക്കിയെല്ലാം പോലീസുകാര്‍. നിലവില്‍ വിചാരണ കാത്തു കഴിയുകയാണിവര്‍.

സമ്പത്തിനെ സ്‌റ്റേഷനില്‍ കൊണ്ടുവരാതെ രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യാന്‍ നിര്‍ദേശിച്ചതും അതിനായി മലമ്പുഴ റിവര്‍സൈഡ്‌ കോട്ടേജ്‌ ഒരുക്കിയതും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥനായിരുന്നു. സമ്പത്ത്‌ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടശേഷം കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ ഒതുങ്ങുമെന്നു കരുതിയെങ്കിലും ചില വമ്പന്‍ശക്‌തികള്‍ കളത്തിലിറങ്ങി. മുന്‍നിര അഭിഭാഷകര്‍ കോടതിയിലെത്തി. സി.ബി.ഐ. അന്വേഷണം വന്നു. സമ്പത്തിനെ ഐ.പി.എസുകാര്‍ ഉപയോഗിക്കുന്ന ബാറ്റണ്‍ കൊണ്ടു മര്‍ദിച്ചതിന്റെ പാടുണ്ടെന്ന പരാമര്‍ശം അന്നത്തെ തൃശൂര്‍ റേഞ്ച്‌ ഐ.ജിയേയും പാലക്കാട്‌ എസ്‌.പിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇവര്‍ക്കെതിരേ കോടതിയില്‍നിന്നു സി.ബി.ഐ. അറസ്‌റ്റ്‌ വാറന്റും വാങ്ങി.

എന്നാല്‍, സ്‌ഥാനക്കയറ്റം ലഭിച്ച ഇരുവരും അറസ്‌റ്റില്‍നിന്ന്‌ ഒഴിവായി. ഇവരെ ഉചിതമായ സമയത്ത്‌ അറസ്‌റ്റ്‌ ചെയ്യാമെന്ന ഉറപ്പില്‍ എറണാകുളം സി.ജെ.എം. കോടതിയില്‍ വാറന്റ്‌ മടക്കി. പിന്നീട്‌, ഇവര്‍ കേസില്‍നിന്ന്‌ ഒഴിവാക്കപ്പെട്ടു. ഡിവൈ.എസ്‌.പി: സി.കെ. രാമചന്ദ്രന്‍, എസ്‌.ഐമാരായിരുന്ന പി.വി. രമേഷ്‌, ടി.എന്‍. ഉണ്ണിക്കൃഷ്‌ണന്‍, പോലീസുകാരന്‍ ശ്യാമപ്രസാദ്‌ എന്നിവരെയാണു സി.ബി.ഐ. ആദ്യം അറസ്‌റ്റ്‌ ചെയ്‌തത്‌. ജയിലിലായവരില്‍ ചിലരുടെ വീട്ടില്‍ മോഷണം നടന്നു. മക്കളുടെ വിദ്യാഭ്യാസവായ്‌പ മുടങ്ങി. രക്ഷിതാക്കളുടെ അസുഖം മൂര്‍ഛിച്ചു. കേസില്‍ ഉള്‍പ്പെട്ടവരെല്ലാം രണ്ടുവര്‍ഷവും മൂന്നുമാസവും സസ്‌പെന്‍ഷനില്‍ കഴിഞ്ഞു. ഇക്കാലയളവിലെ ഇന്‍ക്രിമെന്റുകള്‍ നഷ്‌ടപ്പെട്ടു.

2016-ല്‍ ഐ.പി.എസിനു പരിഗണിക്കുന്ന 13 പേരുടെ പട്ടികയില്‍ ഏഴാമനായിരുന്നു സി.കെ. രാമചന്ദ്രന്‍. സമ്പത്ത്‌ കേസില്‍ തെളിവു നശിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ടതോടെ ഐ.പി.എസ്‌. കൈവിട്ടു. വിരമിച്ചപ്പോള്‍, പി.എഫ്‌. ഒഴികെയുള്ള ആനുകൂല്യങ്ങളും കിട്ടിയില്ല. എന്‍.ഐ.എ. കേസില്‍ പ്രതിയായ ഐ.പി.എസുകാരനുവരെ സ്‌ഥാനക്കയറ്റം ലഭിക്കുമ്പോഴാണിത്‌. കസ്‌റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ ഉന്നതോദ്യോഗസ്‌ഥരിലൊരാള്‍ പിന്നീടു ഡി.ജി.പിയായാണു വിരമിച്ചത്‌.

കേസില്‍ ഉള്‍പ്പെട്ട എ.എസ്‌.ഐ: രാമചന്ദ്രന്‍ പിന്നീട്‌ എസ്‌.ഐയായെങ്കിലും ആനുകൂല്യങ്ങളൊന്നും കിട്ടാതെ വിരമിച്ചു. ഡിവൈ.എസ്‌.പിയായി ലഭിച്ച സ്‌ഥാനക്കയറ്റം റദ്ദാക്കി, എ. വിപിന്‍ദാസിനെ സി.ഐ. തസ്‌തികയിലേക്കു തരംതാഴ്‌ത്തിയത്‌ അടുത്തിടെയാണ്‌. മറ്റുള്ളവര്‍ സ്‌പെഷല്‍ യൂണിറ്റുകളിലെ അപ്രധാന തസ്‌തികകളില്‍ ഒതുങ്ങിക്കൂടുന്നു.

(തുടരും .... നാളെ: മുടി നീട്ടിയവന്റെ തലയില്‍ മാലമോഷണക്കുറ്റം!)

----- തയാറാക്കിയത്‌: എന്‍. രമേഷ്‌

Ads by Google
തല്ലിയവര്‍ കൊണ്ടറിയും തല്ലിച്ചവരെ കൊണ്ടാടും / എന്‍. രമേഷ്‌
Tuesday 09 Jul 2019 12.20 AM
Ads by Google
Loading...
TRENDING NOW