Tuesday, August 20, 2019 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jul 2019 12.14 AM

ആണവ കരാറില്‍ നിന്ന്‌ ഇറാനും പിന്‍മാറി

uploads/news/2019/07/320416/2.jpg

ടെഹ്‌റാന്‍: 2015ലെ ആണവകരാര്‍ പ്രകാരം നിശ്‌ചയിച്ച 3.67 ശതമാനം യുറേനിയം സമ്പുഷ്‌ടീകരണമെന്ന പരിധി മറികടന്നതായി ഇറാന്‍. നേരത്തെ അമേരിക്ക കരാറില്‍നിന്നു പിന്മാറിയിരുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ കരാര്‍ വാഗ്‌ദാനം നടപ്പാക്കില്ലെന്ന്‌ ആരോപിച്ചാണ്‌ ഇറാന്റെ നടപടി. പ്രശ്‌നകാരണം അമേരിക്കയാണെന്നു കരാറില്‍ ഒപ്പിട്ട റഷ്യയും ചൈനയും കുറ്റപ്പെടുത്തി. എന്നാല്‍, ഇറാനെതിരേ കൂടുതല്‍ ഉപരോധം വരുമെന്നു അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ മുന്നറിയിപ്പ്‌ നല്‍കി.
ആറ്റമിക്‌ എനര്‍ജി ഓര്‍ഗനൈസേഷന്‍ വക്‌താവ്‌ ബെഹറൂസ്‌ കമല്‍വാന്ദിയാണ്‌ യുറേനിയം സമ്പുഷ്‌ടീകരണം കുട്ടിയതായി അറിയിച്ചത്‌. 2015 ലെ ആണവ കരാര്‍ പ്രകാരം വൈദ്യുതി ഉല്‍പാദനത്തിന്‌ ആവശ്യമായ 3.67% സമ്പുഷ്‌ട യുറേനിയം മാത്രമേ ഇറാനു സൂക്ഷിക്കാനാകൂ. അധികമുള്ളതു വിദേശത്തു വില്‍പന നടത്തണം. അഞ്ച്‌ ശതമാനം യുറേനിയം സൂക്ഷിക്കാനാണ്‌ ഇറാന്റെ തീരുമാനം. ബുഷേര്‍ ആണവ നിലയത്തിലെ ഉല്‍പാദനം ശക്‌തമാക്കുന്നതിനാണ്‌ 3.67ല്‍ നിന്ന്‌ അഞ്ച്‌ ശതമാനത്തിലേക്ക്‌ സമ്പുഷ്‌ടീകരണമെന്നാണ്‌ ഉപവിദേശകാര്യമന്ത്രി അബ്ബാസ്‌ അറാഗ്‌ഷിയുടെ നിലപാട്‌.
ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്‌ഥയിലാണ്‌ 2015ല്‍ അന്നത്തെ യു.എസ്‌. പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ നേതൃത്വത്തില്‍ വന്‍ശക്‌തികള്‍ ഇറാനുമായി ആണവക്കരാര്‍ ഒപ്പുവച്ചത്‌. എന്നാല്‍, 2018 മേയില്‍ ട്രംപ്‌ ഭരണകൂടം ഏകപക്ഷീയമായി കരാറില്‍ നിന്നു പിന്മാറുകയായിരുന്നു. എണ്ണ കയറ്റുമതി അനുവദിക്കാമെന്ന വാഗ്‌ദാനമായിരുന്നു 2015 ലെ കരാര്‍ ഇറാന്‌ ആകര്‍ഷകമാക്കിയത്‌. ലോകമെമ്പാടുമായി ഇറാനുള്ള 10,000 കോടി ഡോളറിന്റെ ആസ്‌തി മരിപ്പിച്ചത്‌ പിന്‍വലിക്കാമെന്നും വാഗ്‌ദാനമുണ്ടായിരുന്നു. എണ്ണ കയറ്റുമതിക്ക്‌ അനുവാദം ലഭിച്ചെങ്കിലും മറ്റ്‌ വാഗ്‌ദാനങ്ങള്‍ നടപ്പായില്ല. കരാറില്‍നിന്നു പിന്മാറാന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ യു.എസ്‌. തീരുമാനിച്ചതോടെ എണ്ണ കയറ്റുമതിക്ക്‌ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്‌തു. എങ്കിലും ഫ്രാന്‍സ്‌, ജര്‍മനി, ഇംഗ്ലണ്ട്‌ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയുടെ നീക്കത്തെ പൂര്‍ണമായി പിന്തുണച്ചിരുന്നില്ല. എന്നാല്‍ അവരും അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങിയതോടെയാണ്‌ ഇറാന്‍ നിലപാട്‌ മറ്റിയത്‌.

യുറേനിയം സമ്പുഷ്‌ടീകരണവും ബോംബ്‌ നിര്‍മാണവും:
യാഥാര്‍ഥ്യമിങ്ങനെ

3.67 ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയമാണ്‌ ഊര്‍ജ ആവശ്യത്തിന്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍, 90 ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയമാണ്‌ അണുബോംബ്‌ ഉണ്ടാക്കാന്‍ വേണ്ടത്‌. 3.7 ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയം ഒരിക്കല്‍ ആണവ റിയാക്‌ടറില്‍ നിറച്ചാല്‍ ഒരു വര്‍ഷം വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. അണുവികിരണ ഭീഷണിയുള്ള ഇന്ധനാവശിഷ്‌ടം നീക്കം ചെയ്‌തു പുതിയതു നിറയ്‌ക്കാന്‍ ഒരു മാസം വേണ്ടിവരും. അഞ്ച്‌ ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയം ഉപയോഗിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ വര്‍ഷത്തിലേറെ ഇന്ധനം ഉപയോഗിക്കാം. ഇതു കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നു മക്‌മാസ്‌റ്റര്‍ സര്‍വകലാശാലയിലെ പ്രഫ. ജോണ്‍ ലക്‌സാറ്റ്‌ അറിയിച്ചു.
ആയിരം മെഗാവാട്ടിന്റെ ഒരു ആണവ റിയാക്‌ടറില്‍ 27 ടണ്‍ ഇന്ധനമാണു വേണ്ടത്‌. എന്നാല്‍, ആണവ കരാര്‍ പ്രകാരം ഇറാന്‌ 300 കിലോഗ്രാം ഇന്ധനം സൂക്ഷിക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇറാന്‌ ആണവ വൈദ്യുത നിലയം ഇല്ല. ഗവേഷണ ആവശ്യയത്തിനായാണ്‌ യുറേനിയം ഉപയോഗിക്കുന്നത്‌. മറ്റു രാജ്യങ്ങളില്‍ ഗവേഷണ ആവശ്യത്തിന്‌ യുറേനിയം 20 ശതമാനം വരെ സമ്പുഷ്‌ടീകരണം നടത്താന്‍ അനുവദിക്കാറുണ്ട്‌. 1945 ല്‍ അമേരിക്ക ഹിരോഷിമയില്‍ പ്രയോഗിച്ച അണുബോംബില്‍ 80 ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയമാണ്‌ ഉപയോഗിച്ചത്‌.
തങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ പരിശോധിക്കാനും കരാറില്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നു. ഊര്‍ജ ഉല്‍പാദനത്തിനു മാത്രമേ യുറേനിയം ഉപയോഗിക്കൂവെന്നാണ്‌ ഇറാന്റെ പ്രഖ്യാപിത നിലപാട്‌.

Ads by Google
Tuesday 09 Jul 2019 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW