Thursday, August 22, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 08 Jul 2019 12.57 AM

തലയും വാലും തലവിധിയും

uploads/news/2019/07/320258/s1.jpg

അഞ്ച്‌ ആഴ്‌ചകള്‍ക്കും 45 മത്സരങ്ങള്‍ക്കും ഏറെ മഴപ്പെയ്‌ത്തുകള്‍ക്കും ശേഷം 2019 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഒടുവില്‍ സെമിഫൈനലിലേക്ക്‌. 10 ടീമുകളില്‍ ഇനി ശേഷിക്കുന്നത്‌ നാലു പേര്‍ മാത്രം. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലന്‍ഡ്‌ എന്നിവരാണ്‌ കിരീട പ്രതീക്ഷകളുമായി അവസാനവട്ട യുദ്ധങ്ങള്‍ക്കിറങ്ങുന്നത്‌.
നാളെ മാഞ്ചസ്‌റ്ററില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ സെമിഫൈനലോടെ നോക്കൗട്ട്‌ പോരാട്ടങ്ങള്‍ ആരംഭിക്കാനിരിക്കെ ഗ്രൂപ്പ്‌ ഘട്ടത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം.

നാണയ ഭാഗ്യം
ടോസ്‌ ജയിക്കുക, ആദ്യം ബാറ്റ്‌ ചെയ്യുക, മത്സരം ജയിക്കുക... ഈ ലോകകപ്പിലെ വിജയരഹസ്യം ഇതാണ്‌. നാണയഭാഗ്യം ടീമുകളെ ഇത്രയേറെ തുണച്ച മറ്റൊരു ലോകകപ്പ്‌ ഉണ്ടായിട്ടില്ല.
ഇതോടെ സെമി, ഫൈനല്‍ മത്സരങ്ങളില്‍ വിജയിയെ മത്സരം ആരംഭിക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ നാണയം എറിഞ്ഞു കണ്ടെത്താം എന്നുവരെയായി ട്രോളുകള്‍. ടോസ്‌ ജയിക്കുന്ന ടീമിന്‌ മുന്‍തൂക്കം ലഭിക്കുന്നതാണ്‌ 98 ശതമാനം മത്സരങ്ങളിലും കണ്ടത്‌.
ലോകകപ്പ്‌ പോലുള്ള വലിയ ചാമ്പ്യന്‍ഷിപ്പിന്റെ സമ്മര്‍ദ്ദം കൊണ്ടാകാം, അല്ലെങ്കില്‍ കാലാവസ്‌ഥ കണക്കിലെടുത്താകാം, പിച്ചിന്റെ സാഹചര്യം നിമിത്തമാകാം; ഈ ലോകകപ്പില്‍ ടോസ്‌ ജയിച്ച ടീമുകള്‍ എല്ലാം തന്നെ ഒട്ടുമിക്ക മത്സരങ്ങളിലും ആദ്യം ബാറ്റിങ്‌ ആണ്‌ തെരഞ്ഞെടുത്തത്‌.
രണ്ടാമത്‌ ബാറ്റ്‌ ചെയ്യാന്‍ ഇഷ്‌ടപ്പെടുന്ന ഇംഗ്ലണ്ട്‌ പോലും ഗ്രൂപ്പ്‌ ഘട്ടത്തിന്റെ അവസാനം ആദ്യം ബാറ്റിങ്‌ തെരഞ്ഞെടത്തത്‌ ഈ വിജയരഹസ്യം മനസിലാക്കിയാണ്‌. സെമിയില്‍ കടക്കാന്‍ അവര്‍ക്ക്‌ അവസാന രണ്ടു മത്സരങ്ങളില്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും എതിരേ ജയം അനിവാര്യമായിരുന്നു. രണ്ടിലും ടോസ്‌ ജയിച്ച അവര്‍ ബാറ്റിങ്‌ തെരഞ്ഞെടുത്തു. രണ്ടും ജയിച്ചു.
റണ്‍റേറ്റ്‌ കുരുക്ക്‌
മുന്‍ ലോകകപ്പുകളില്‍ പല വമ്പന്മാരെയും വീഴ്‌ത്തിയ റണ്‍റേറ്റ്‌ കുരുക്കില്‍ ഇക്കുറി കുടുങ്ങിയത്‌ പാകിസ്‌താന്‍. ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ വഴങ്ങിയ വമ്പന്‍ തോല്‍വിയാണ്‌ പാകിസ്‌താനെ സെമിയില്‍ നിന്നു പുറന്തള്ളിയതെന്നു പറഞ്ഞാല്‍ അതിശയോക്‌തിയാകില്ല. വെസ്‌റ്റിന്‍ഡീസിനെതിരേ 21.2 ഓവറില്‍ 105 റണ്‍സിന്‌ ഓള്‍ഔട്ടായതിന്റെ ക്ഷീണം പിന്നീട്‌ എട്ടു മത്സരങ്ങള്‍ കളിച്ചിട്ടും പാകിസ്‌താന്‌ നികത്താനായില്ല.
നാലാം സ്‌ഥാനക്കാരായി സെമിയില്‍ ഇടംപിടിച്ച ന്യൂസിലന്‍ഡിനും പാകിസ്‌താനും 11 പോയിന്റ്‌ വീതം. പക്ഷേ റണ്‍റേറ്റില്‍ പാകിസ്‌താന്‍ ബഹുദൂരം പിന്നില്‍. കിവീസിന്‌ 0.175ഉം പാകിസ്‌താന്‌ -0.430ഉം.
ഇതോടെ ടൈബ്രേക്കറായി റണ്‍റേറ്റ്‌ പരിശോധിക്കുന്നതിലെ അപാകതയെക്കുറിച്ചു വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്‌. വിജയത്തിനായി ശ്രമിച്ചു വിക്കറ്റ്‌ കളഞ്ഞു റണ്‍റേറ്റ്‌ താഴാതിരിക്കാന്‍ പലപ്പോഴും പല ടീമുകളും അവസാന ഓവറുകളില്‍ നെഗറ്റീവ്‌ ക്രിക്കറ്റ്‌ കളിക്കുന്നത്‌ കാണാറുണ്ട്‌. അതിനാല്‍ റണ്‍റ്റേ്‌ ടൈബ്രേക്കറായി ഉപയോഗിക്കുന്നത്‌ നിര്‍ത്തണമെന്നാണ്‌ വിമര്‍ശകരുടെ ആവശ്യം. ഒരേ പോയിന്റ്‌ പങ്കിട്ടാല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ ഫലം കണക്കിലെടുക്കണമെന്നാണ്‌ ആവശ്യം.
റെക്കോഡുകളില്‍ റെക്കോഡ്‌
റെക്കോഡ്‌ സ്‌കോറുകളുടെ ചാമ്പ്യന്‍ഷിപ്പ്‌ ആകുമെന്നായിരുന്നു ലോകകപ്പ്‌ തുടങ്ങും മുമ്പേയുള്ള പ്രവചനം. ഏകദിന ക്രിക്കറ്റില്‍ ആദ്യമായി 500 റണ്‍സ്‌ പിറക്കുന്ന ലോകകപ്പ്‌ ഇതായിരിക്കുമെന്നു ആരാധകര്‍ വിശ്വസിച്ചു. എന്നാല്‍ 45 മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു ടീമിനും 400 റണ്‍സ്‌ പോലും തികയ്‌ക്കാനായില്ല. 397 റണ്‍സ്‌ നേടിയ ഇംഗ്ലണ്ടാണ്‌ അതിന്‌ അടുത്തെങ്കിലും എത്തിയത്‌.
പക്ഷേ, റെക്കോഡ്‌ സ്‌കോര്‍ പിറന്നില്ലെങ്കിലും റെക്കോഡുകള്‍ ഏറെ പിറന്ന ലോകകപ്പാണിത്‌. ഇംഗ്ലണ്ട്‌ 397 റണ്‍സ്‌ നേടിയ മത്സരത്തില്‍ 17 സിക്‌സറുകള്‍ പായിച്ച്‌ ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരമെന്ന റെക്കോഡ്‌ നായകന്‍ ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കി.
അഞ്ചു സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഉപനായകന്‍ രോഹിത്‌ ശര്‍മ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോഡ്‌ നേടി. കൂടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി(ആറ്‌) എന്ന സച്ചിന്‍ തെണ്ടുല്‍ക്കറുശട റെക്കോഡിന്‌ ഒപ്പമെത്താനും രോഹിതിനായി. മറ്റൊരു റെക്കോഡ്‌ രോഹിതിനു തൊട്ടരികെ നില്‍ക്കുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ എന്ന സച്ചിന്റെ റെക്കോഡിന്‌(673), 26 റണ്‍സ്‌ മാത്രം അകലെയാണ്‌ രോഹിത്‌.
ഇന്ത്യന്‍ ഉപനായകനു പുറമേ മറ്റു രണ്ടു പേര്‍ കൂടി 600 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്‌തിട്ടുണ്ട്‌. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണറും(637), ബംഗ്ലാദേശ്‌ താരം ഷാക്കീബുള്‍ ഹസനും(606).
ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും ഒരു റെക്കോഡ്‌ നേട്ടത്തിനു സാക്ഷ്യം വഹിക്കാനായേക്കും. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌ എന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ റെക്കോഡിന്‌(26) ഒപ്പമെത്തിയിരിക്കുകയാണ്‌ ഓസീസിന്റെ തന്നെ മിച്ചല്‍ സ്‌റ്റാര്‍ക്ക്‌. ഇംഗ്ലണ്ടിതെിരായ സെമിയില്‍ സ്‌റ്റാര്‍ക്കിന്‌ ഈ റെക്കോഡ്‌ സ്വന്തമാക്കാനായേക്കും.
സൂപ്പര്‍ ഫ്‌ളോപ്പുകള്‍
മിന്നിയവരെക്കാള്‍ മങ്ങിയവരുടെ ലോകകകപ്പ്‌ കൂടിയാണിതെന്നു നിസംശയം പറയാം. കരുത്തുറ്റ ബാറ്റിങ്‌ നിരയും കരുത്തുറ്റ ബൗളിങ്‌ നിരയുമായി എത്തിയ ദക്ഷിണാഫ്രിക്ക, റണ്ണൊഴുകുന്ന പിച്ചില്‍ വെടിക്കെട്ടു വീരന്മാര്‍ നിറഞ്ഞ വെസ്‌റ്റിന്‍ഡീസ്‌... ഫ്‌ളോപ്പായ ടീമുകള്‍ തന്നെ രണ്ട്‌. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നു പ്രതീക്ഷിച്ച ഇവര്‍ ഏഴാമതും ഒമ്പതാമതുമായി സെമി കാണാതെ മടങ്ങി.
ഒമ്പതു മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കു ജയിക്കാനായത്‌ വെറും മൂന്നെണ്ണത്തില്‍ മാത്രം. വിന്‍ഡീസിനാകട്ടെ രണ്ടെണ്ണത്തിലും. ആദ്യ മത്സരത്തില്‍ പാകിസ്‌താനെ 105-ന്‌ പുറത്താക്കി തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ അവര്‍ക്കു പിന്നീട്‌ ജയിക്കാനായത്‌ അവസാന മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാനെതിരേ.
റാഷിദ്‌ ഖാന്‍... ട്വന്റി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍. ഈ ലോകകപ്പില്‍ റാഷിദ്‌ ഖാന്റെ അദ്‌ഭുത പ്രകടനം പ്രതീക്ഷിച്ചവര്‍ എല്ലാം നിരാശരായി. ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ 5.79 എക്കണോമിയില്‍ വെറും ആറു വിക്കറ്റുകള്‍ നേടാനേ റാഷിദിനായുള്ളു. റാഷിദിന്റെ മികവില്‍ അഫ്‌ഗാനിസ്‌ഥാനിലും ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. എന്നാല്‍ ഒമ്പതില്‍ ഒമ്പതും തോറ്റ്‌ സംപൂജ്യരായാണ്‌ അവര്‍ കന്നി ലോകകപ്പില്‍ നിന്നു മടങ്ങുന്നത്‌.
ഇതു മഴയുടെയും ലോകകപ്പ്‌
താരങ്ങള്‍ക്കും ടീമുകള്‍ക്കും പുറമേ ഈ ലോകകപ്പില്‍ 'മികച്ച പ്രകടനം' കാഴ്‌ചവച്ച മറ്റൊരാള്‍ കൂടിയുണ്ട്‌; മഴ. തകര്‍ത്തുപെയ്‌തതു കൂടാതെ റെക്കോഡും സ്‌ഥാപിച്ചാണ്‌ മഴ 2019 ക്രിക്കറ്റ്‌ ലോകകപ്പ്‌ അവിസ്‌മരണീയമാക്കിയത്‌. മഴമൂലം ഏറ്റവും കൂടുതല്‍ മത്സരം ഉപേക്ഷിക്കപ്പെട്ട ലോകകപ്പാണിത്‌. നാലു മത്സരങ്ങളാണ്‌ മുടങ്ങിയത്‌. കൂടാതെ ഇന്ത്യ-പാകിസ്‌താന്‍ മത്സരത്തില്‍ ഉള്‍പ്പടെ മഴ രസംകൊല്ലിയാകുകയും ചെയ്‌തു.

Ads by Google
Monday 08 Jul 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW