Friday, August 23, 2019 Last Updated 39 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 08.27 PM

രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ മുഖ്യമന്ത്രി കുമാരസ്വാമി ബംഗളുരുവിലെത്തി; എം.എല്‍.എമാരെ പിടിച്ചുനിര്‍ത്താന്‍ അവസാന അടവും പയറ്റി കോണ്‍ഗ്രസ്

political crisis, HD Kumarasway

ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ബംഗളുരുവിലെത്തി. അമേരിക്കയിലായിരുന്ന കുമാരസ്വാമി സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ബംഗളുരുവില്‍ തിരിച്ചെത്തിയത്. ബംഗളുരുവില്‍ എത്തിയ കുമാരസ്വാമി കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബംഗളുരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ വച്ച് ജെ.ഡി.എസ് എം.എല്‍.എമാരുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തും.

ഇന്നലെയാണ് കോണ്‍ഗ്രസിന്റെ 9 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും രാജിവച്ചത്. എം.എല്‍.എമാരുടെ രാജി സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ചൊവ്വാഴ്ച അവധി കഴിഞ്ഞ് സ്പീക്കര്‍ എത്തുന്നതിന് മുമ്പ് എം.എല്‍.എമാരെ അനുനയിപ്പിക്കാനായില്ലെങ്കില്‍ സഖ്യ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

കര്‍ണാണടകയില്‍ ബി.ജെ.പി നടത്തുന്ന ഓപ്പറേഷന്‍ താമരയും കോണ്‍ഗ്രസിലെ ഭിന്നതയുമാണ് രൂക്ഷമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. രാജിവച്ച എം.എല്‍.എമാരെ ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ വഴങ്ങിയിട്ടില്ല. അതിനിടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നടത്തുന്ന നീക്കങ്ങളും വിമത നീക്കത്തിന് പിന്നിലുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

രാജിക്കത്ത് കൊടുത്ത ശേഷം ബി.ജെ.പി ക്യാമ്പില്‍ കഴിയുന്ന 3-4 എം.എല്‍.എമാരെങ്കിലും സിദ്ധരാമയ്യയോട് അടുപ്പം പുലര്‍ത്തുന്നവരാണ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് ഇവര്‍ നല്‍കുന്ന സൂചന. അതിനിടെ തനിക്കൊപ്പമുള്ള എം.എല്‍.എമാരോട് മുംബൈയില്‍ നിന്ന് ബംഗളുരുവിലേക്ക് മടങ്ങാന്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടതായും സൂചനകളുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW