Tuesday, August 20, 2019 Last Updated 21 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 02.04 AM

പ്രശ്‌നങ്ങള്‍ ആരംഭിക്കും മുമ്പ്‌...

uploads/news/2019/07/320136/re4.jpg

തത്വചിന്തകനായ സോക്രട്ടീസ്‌ ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും നീ വിവാഹം ചെയ്യണം. ഒരു നല്ല ഭാര്യയെ കിട്ടിയാല്‍ നീ രണ്ടു മടങ്ങു അനുഗൃഹീതനാണ്‌. ഭാര്യ പിശകാണെങ്കില്‍ നീ ഒരു തത്വചിന്തകന്‍ ആയിത്തീരും. ഇതു വളരെ തമാശയായി തോന്നാം. എന്നാല്‍ ഇതില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്‌. നിങ്ങള്‍ ഏതു സാഹചര്യത്തിലാണെങ്കിലും ധന്യമായ കുടുംബ ജീവിതം നയിക്കുന്നതിനുള്ള വഴി വിശുദ്ധ വേദപുസ്‌തകത്തില്‍ പറഞ്ഞിട്ടുണ്ട്‌. അതനുസരിച്ച്‌ ജീവിക്കുകയാണെങ്കില്‍ ഒരു കുഴപ്പവും കൂടാതെ ഏതു സാഹചര്യത്തിലും നിങ്ങള്‍ക്കു ജീവിതം നയിക്കാം.
ബൈബിളില്‍ പത്രോസ്‌ശ്ലീഹാ എഴുതിയ ഒന്നാം ലേഖനം മൂന്നാം അധ്യായം ആദ്യ വാക്യങ്ങളില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിപ്പിന്‍, അവരില്‍ വല്ലവരും വചനം അനുസരിക്കാത്ത പക്ഷം ഭയത്തോടു കൂടിയ നിങ്ങളുടെ നിര്‍മലമായ നടപ്പു കണ്ടറിഞ്ഞ്‌ വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല്‍ ചേര്‍ന്നു വരുവാന്‍ ഇടയാകും.
ബൈബിളില്‍ ഈ അധ്യായം ആരംഭിക്കുന്നതു തന്നെ ഭാര്യമാരെ ഉപദേശിച്ചു കൊണ്ടാണ്‌. നിങ്ങളുടെ ഭര്‍ത്താവിനു കീഴ്‌പ്പെട്ടിരിക്കുക, അതായത്‌ ഭര്‍ത്താവിനെ സ്‌നേഹത്തിലും ബഹുമാനത്തിലും അനുസരിക്കുക. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഓന്തിന്റെ നിറം മാറുന്നതു പോലെ മാറേണ്ടതല്ല ഒരു സ്‌ത്രീയുടെ സ്വഭാവം. അവള്‍ സൗമ്യതയും സാവധാനതയും നിറഞ്ഞ മനസിന്റെ ഉടമ ആയിരിക്കണം.
ചില സ്‌ത്രീകള്‍ നേരെ തിരിച്ചാണ്‌. നോക്കിക്കേ, മാപ്പിളയാണെന്നും പറഞ്ഞ്‌ ഇവിടെ ഒരുത്തന്‍ കുത്തിയിരിക്കുകയാ, അങ്ങേലെ ടോമിച്ചനെ കണ്ടുപഠിക്ക്‌. വീട്ടിലെ സകല ജോലിയും ചെയ്യുന്നു. നെല്ലു പുഴുങ്ങുന്നു, പിള്ളേരെ കുളിപ്പിക്കുന്നു. അയാള്‍ നല്ല വീടുവച്ചു. സ്‌കൂട്ടര്‍ വാങ്ങിച്ചു. ഇവിടൊണ്ട്‌ ഒരു പഞ്ചറായ സൈക്കിള്‍... ഭൂ...!! ഇങ്ങനെ പിള്ളേരെയും അയല്‍ക്കാരെയും കേള്‍ക്കേ ഭര്‍ത്താവിനെ നിന്ദിച്ച്‌ സംസാരിക്കുന്ന ഭാര്യ കുടുംബം തകര്‍ക്കുന്നു. ഒരു ഭവനത്തിലെ സമാധാനത്തിന്റെ പ്രധാന രഹസ്യം ധനമോ വിദ്യാഭ്യാസമോ സ്വത്തുക്കളോ അല്ല, അല്‌പം ലജ്‌ജാശീലത്തോടും താഴ്‌മയോടും ഇടപെടുന്ന സ്‌ത്രീയാണ്‌. ലോര്‍ഡ്‌ ഹെര്‍മാന്‍ കിസെര്‍ലിങ്‌ പറയുന്നു: ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിവാഹത്തോടു കൂടി അവസാനിക്കുകയല്ല, പിന്നെയോ ആരംഭിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.
ഇവിടെ പറഞ്ഞിരിക്കുന്നത്‌ മനുഷ്യ ജീവിതത്തിലെ യാഥാര്‍ഥ്യമാണ്‌. എല്ലാ കുടുംബങ്ങളിലും പ്രശ്‌നം ഉണ്ട്‌. ഭാര്യയും ഭര്‍ത്താവും ഒരിക്കലും നൂറു ശതമാനവും മാലാഖമാരല്ല. തെറ്റു ചെയ്യാത്തവരല്ല. പ്രശ്‌നങ്ങളുള്ളവരാണ്‌. എന്നാല്‍ പ്രശ്‌നങ്ങളെ തരണം ചെയ്‌ത് ജീവിക്കാന്‍ എങ്ങനെ സാധിക്കും എന്നാണ്‌ നാം ആരായേണ്ടത്‌. ഒരു വീടു പണിയുവാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നാല്‍ ഒരു നല്ല ഭവനം കെട്ടിപ്പണിയുവാന്‍ വളരെ പ്രയാസമാണ്‌. ഒരു കമ്പനി ഒരു സാധനം ഉല്‌പാദിപ്പിക്കുന്നു. ആ വസ്‌തു എപ്രകാരം കൈകാര്യം ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങളും ആ കമ്പനി തന്നെ നല്‍കും. ഇല്ലെങ്കില്‍ ആ സാധനം ഉപയോഗശൂന്യമായി പോകും. കമ്പ്യൂട്ടറിന്‌ എന്തു നിര്‍ദ്ദേശമാണ്‌ കൊടുക്കേണ്ടതെന്ന്‌ അറിയാന്‍ പാടില്ലായെങ്കില്‍ അത്‌ പ്രവര്‍ത്തിപ്പിക്കാനാവില്ല. ഇതു പോലെ വിവാഹം മനുഷ്യനു കൊടുത്തത്‌ ദൈവമാണ്‌. അപ്പോള്‍ എങ്ങനെ അനുഗ്രഹകരമായ രീതിയില്‍ വിവാഹ ജീവിതം മുമ്പോട്ടു കൊണ്ടു പോകണം എന്നതിനുള്ള നിര്‍ദ്ദേശങ്ങളും ദൈവം തന്നെ നല്‍കുന്നു. ഒരു കുടുംബം പണിയുന്നതു വ്യത്യസ്‌തരായ രണ്ടു വ്യക്‌തികള്‍ ചേര്‍ന്നാണ്‌. അവര്‍ ജീവിച്ചു വളര്‍ന്നതാകട്ടെ വ്യത്യസ്‌തങ്ങളായ സാഹചര്യത്തിലും. രണ്ടു ദേശത്ത്‌, വിഭിന്ന ചിന്താഗതിയില്‍, വ്യത്യസ്‌തരായ മാതാപിതാക്കളാല്‍ വളര്‍ത്തപ്പെട്ടവര്‍. അവരുടെ ആഹാരരീതി, സ്വഭാവരീതി, വിദ്യാഭ്യാസം എല്ലാം വ്യത്യസ്‌തങ്ങളാണ്‌. അവര്‍ ഒന്നിച്ചു ചേര്‍ന്ന്‌ ഒരു കുടുംബമായി ജീവിതം ആരംഭിക്കുന്നു. ഈ സാഹചര്യത്തില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ വചനം വായിക്കുകയും പഠിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്‌താല്‍ സകല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
സങ്കീര്‍ത്തനത്തില്‍ പറയുന്നു: യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‌ക്കാരന്‍ വൃഥാ ജാഗരിക്കുന്നു. യഹോവയുടെ നിര്‍ദ്ദേശപ്രകാരം ജീവിക്കുന്ന വ്യക്‌തികളുടെ ഭവനം യഹോവയാല്‍ പണിയപ്പെടുന്നു. അവിടെ താഴ്‌മയും വിട്ടുവീഴ്‌ചയും ബഹുമാനവും സമാധാനവും ശാന്തിയും ഉണ്ടാകും. നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ദൈവത്തെ അറിയാത്തവരാണെങ്കില്‍, യേശുവിനെ സ്‌നേഹിക്കാത്തവരാണെങ്കില്‍ വഴക്കിനും തല്ലിനും താഴ്‌ത്തിക്കെട്ടലിനും പകരം നിങ്ങള്‍ സ്‌നേഹത്തോടും താഴ്‌മയോടും അവരോട്‌ പെരുമാറുന്നതിലൂടെ അവരും ദൈവത്തെ അറിയുവാന്‍ ഇടയായിത്തീരും. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുകയും അവന്‌ ബഹുമാനം കൊടുക്കുകയും ചെയ്യുമ്പോള്‍, ഭര്‍ത്താവ്‌ ഭാര്യയെ സ്‌നേഹിക്കുകയും കരുതുകയും വേണം. പരസ്‌പര ബഹുമാനം ഉണ്ടായിരിക്കണം. വിമര്‍ശനവും പരിഹാസവും താഴ്‌ത്തിക്കെട്ടുന്ന സംസാരവും പാടില്ല. സ്‌നേഹവും വിനയവും ആയിരിക്കണം കുടുംബത്തെ നയിക്കേണ്ടത്‌. ഇങ്ങനെ ഏതു സാഹചര്യത്തെയും വ്യത്യാസപ്പെടുത്താം.

Ads by Google
Sunday 07 Jul 2019 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW