Tuesday, August 20, 2019 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 01.58 AM

കരത്തില്‍ കണ്ണുംനട്ട്‌ ടാറ്റ

uploads/news/2019/07/320131/bft2.jpg

തോട്ടഭൂമികളുടെ കരം സ്വീകരിക്കുന്നതിലെ ഹൈക്കോടതി ഉത്തരവുകളിലാണു വമ്പന്‍മാരായ ടാറ്റ കമ്പനിയുടെയും പ്രതീക്ഷ. ബ്രിട്ടീഷ്‌ കമ്പനികളില്‍നിന്നാണു മൂന്നാറില്‍ അടക്കം ടാറ്റ ഭൂമി വാങ്ങിക്കൂട്ടിയത്‌. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ്‌ കമ്പനികള്‍ കേരളത്തില്‍ നടത്തിയ ഭൂമിവില്‍പ്പനകള്‍ നിയമവിരുദ്ധമെന്നാണ്‌ സര്‍ക്കാര്‍ വാദം. ഇതിനെതിരേ കോടതിയെ സമീപിക്കുന്ന തിരക്കിലാണ്‌ ഇത്തരത്തില്‍ ഭൂമി സ്വന്തമാക്കിയ വന്‍കിടക്കാര്‍. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കവാത്തു മറക്കുമ്പോള്‍ ഉത്തരവുകള്‍ വമ്പന്‍മാര്‍ക്ക്‌ അനുകൂലമാകുക സ്വാഭാവികം.
മൂന്നാറിലേതടക്കം സംസ്‌ഥാനത്ത്‌ തങ്ങളുടെ പേരിലുള്ള 1,04,169.65 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം സ്‌ഥാപിക്കാന്‍ ടാറ്റ മുന്നോട്ടു വയ്‌ക്കുന്നതു മൂന്ന്‌ ആധാരങ്ങളാണ്‌. ദേവികുളം സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്‌റ്റര്‍ ചെയ്‌ത 380/1977, 381/1977, ചാലക്കുടിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത 824/1977 എന്നിവയാണവ. ഹൈക്കോടതിയിലുള്ള മൂന്നു കേസുകളില്‍ മൂന്നാറിലെ ഭൂമിയുടെ ഉടമസ്‌ഥതയ്‌ക്ക്‌ ടാറ്റ തെളിവു നിരത്തുന്നത്‌ ഈ മൂന്ന്‌ വ്യാജ ആധാരങ്ങളാണ്‌.
ഇതിന്‍പ്രകാരം ആംഗ്ലോ അമേരിക്കന്‍ ഡയറക്‌ട്‌ ടീ ട്രേഡിങ്‌ കമ്പനി, കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ര?ഡ്യൂസ്‌ കമ്പനി (യു.കെ) ലിമിറ്റഡ്‌, അമാല്‍ഗമേറ്റഡ്‌ ടീ എസ്‌റ്റേറ്റ്‌ കമ്പനി എന്നിവയുടെ കൈവശഭൂമിയാണു ടാറ്റ ഫിന്‍ലെ സ്വന്തമാക്കിയത്‌. ഇതില്‍ നിന്നു മൂന്നു ബ്രിട്ടീഷ്‌ കമ്പനികളില്‍ നിന്നാണ്‌ ടാറ്റ ഭൂമി സ്വന്തമാക്കിയതെന്നും 1977 ഡിസംബറിലാണു വില്‍പനയെന്നും വ്യക്‌തം. 380/1977 ആധാരത്തിലെ പിശകു തിരുത്താന്‍ 1994 ജൂലൈ 29ന്‌ വീണ്ടും ബ്രിട്ടീഷ്‌ കമ്പനി ആധാരം ചമച്ചിട്ടുമുണ്ട്‌.
കേരളത്തിലെ തോട്ടം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം കമ്പനികളും കൈവശം വച്ചിരിക്കുന്നതു പഴയ ഇംഗ്ലീഷ്‌ കമ്പനികളുടെ ഭൂമിയാണ്‌. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷ്‌ കമ്പനികള്‍ക്ക്‌ ഇന്ത്യയില്‍ ഭൂമി കൈവശം വയ്‌ക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അവകാശം നഷ്‌ടപ്പെട്ടു. അവരുടെ മുഴുവന്‍ ഭൂസ്വത്തുക്കളും ഇന്ത്യാ സര്‍ക്കാരിന്റേതായി. എന്നിട്ടും ടാറ്റയും ഹാരിസണ്‍സുമടക്കം തോട്ടം മേഖലയിലെ ബഹുഭൂരിപക്ഷം കമ്പനികളും ഹാജരാക്കുന്നത്‌ 1970-കളില്‍ ബ്രിട്ടീഷ്‌ കമ്പനികളില്‍നിന്നു തങ്ങള്‍ക്കു ഭൂമി ലഭിച്ചെന്ന രേഖകളാണെന്നതാണു വിചിത്രം.
ബ്രിട്ടീഷ്‌ കമ്പനി ആക്‌ട്‌ പ്രകാരം സ്‌കോട്‌ലന്‍ഡില്‍ രജിസ്‌റ്റര്‍ ചെയ്‌ത കണ്ണന്‍ ദേവന്‍ ഹില്‍സ്‌ പ്ര?ഡ്യൂസ്‌ കമ്പനി, ആംഗ്ലോ അമേരിക്കന്‍ ഡയറക്‌ട്‌ ടീട്രേഡിങ്‌ കമ്പനി, അമാല്‍ഗമേറ്റഡ്‌ ടീ എസ്‌റ്റേറ്റ്‌ കമ്പനി എന്നിവ സ്വതന്ത്ര ഇന്ത്യയില്‍ 1977 വരെ മൂന്നാര്‍, ദേവികുളം, പള്ളിവാസല്‍, തൃശൂരിലെ മലക്കപ്പാറ എന്നിവിടങ്ങളില്‍ ഭൂമി കൈവശം വച്ചിരുന്നു. അതിനുശേഷം ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ അനുമതിയോടെ മൂന്ന്‌ ആധാരങ്ങള്‍ ചമച്ച്‌ ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഫിന്‍ലേക്കു മുഴുവന്‍ ഭൂമിയും വിറ്റെന്നു ടാറ്റയുടെ ആധാരങ്ങളില്‍ പറയുന്നു. ഇതിന്‌ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും ആധാരങ്ങള്‍ സാക്ഷ്യം.
സമാനമായി കെ.ഡി.എച്ച്‌. വില്ലേജില്‍ മലയാളം പ്ലാന്റേഷന്‍സ്‌ (യു.കെ) ലിമിറ്റഡ്‌ എന്ന വിദേശ കമ്പനി കൈവശം വച്ചിരുന്ന 1594 ഏക്കറോളം ഭൂമി ഏറ്റെടുത്ത റവന്യൂ സ്‌പെഷല്‍ ഓഫീസറുടെ ഉത്തരവു ചോദ്യംചെയ്‌തു ഹാരിസണ്‍സ്‌ മലയാളം പ്ലാന്റേഷന്‍സ്‌ (ഇന്ത്യ) ലിമിറ്റഡ്‌ ഫയല്‍ ചെയ്‌ത കേസില്‍ വിദേശകമ്പനി കേരള ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള "പഴ്‌സണ്‍" എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്ന്‌ 2015 നവംബര്‍ 25ന്‌ ഹൈക്കോടതി പുറപ്പെടുവിച്ച റഫറന്‍സ്‌ ഉത്തരവില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. "പഴ്‌സണ്‍" എന്ന നിര്‍വചനത്തില്‍ പെടുന്നവര്‍ക്കു മാത്രമാണു പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്‌ക്കാന്‍ അധികാരമെന്നാണു ഭൂപരിഷ്‌കരണ നിയമം പറയുന്നത്‌. ഇതില്‍നിന്നു ടാറ്റയുടെ ഇപ്പോഴത്തെ കൈവശ ഭൂമിയുടെ യഥാര്‍ഥ സ്‌ഥിതി വ്യക്‌തമാകും.
രജിസ്‌ട്രേഷന്‍ ആക്‌ട്‌, കേരള പ്രൈവറ്റ്‌ ഫോറസ്‌റ്റ്‌ ആക്‌ട്‌, കേരള ലാന്‍ഡ്‌ റിഫോംസ്‌ ആക്‌ട്‌, കേരള സ്‌റ്റാമ്പ്‌ ആക്‌ട്‌, 1973ലെ വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ), 1964-ലെ കേരള ലാന്‍ഡ്‌ കണ്‍സര്‍വന്‍സി ആക്‌ട്‌ തുടങ്ങിയയെല്ലാം ലംഘിച്ചാണ്‌ ടാറ്റ ഭൂമി കൈവശപ്പെടുത്തിയത്‌. 1973-ലെ ഫെറ നിയമപ്രകാരം റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യയില്‍ വിദേശ പൗരത്വമുള്ളവര്‍ സ്‌ഥാപനം നടത്തുന്നതും തൊഴിലെടുക്കുന്നതും വാണിജ്യ, വ്യവസായങ്ങള്‍ നടത്തുന്നതും അതിന്റെ പേരില്‍ വിദേശനാണ്യം കൈകാര്യം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്‌. ഇന്ത്യന്‍ പൗരന്മാരല്ലാത്തവരും ഇന്ത്യന്‍ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലാത്ത കമ്പനികളും റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ ഭൂമി സ്വന്തമാക്കുന്നതിനും കൈവശം വയ്‌ക്കുന്നതിനും ഓഹരി കൈമാറ്റം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും വിലക്കുണ്ട്‌. ഇതെല്ലാം കാറ്റില്‍ പറത്തിയാണ്‌ 1977-ല്‍ ടാറ്റ ആധാരം രജിസ്‌റ്റര്‍ ചെയ്യുന്നത്‌. ഫെറ നിയമം ലംഘിച്ച്‌ 1976 ഡിസംബര്‍ 31വരെ ബ്രിട്ടീഷ്‌ കമ്പനി ഇവിടെ ഭൂമി കൈവശം വച്ചെന്നാണ്‌ ടാറ്റയുടെ തന്നെ രേഖകളില്‍ നിന്നു വ്യക്‌തമാകുന്നത്‌.
റിസര്‍വ്‌ ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയുണ്ടെന്ന്‌ അവകാശപ്പെടുമ്പോഴും ബിസിനസ്‌ സംബന്ധമായ കാര്യങ്ങള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നല്‍കിയ 1977 കാലയളവിലെ കത്തുകളാണു ടാറ്റ ഹാജരാക്കുന്നത്‌. മൂന്നാറിലെയും മലക്കപ്പാറയിലെയും ഭൂമിയുടെ ഉടമസ്‌ഥതയ്‌ക്ക്‌ ആധികാരികമായ ഒരു രേഖയും ഹാജരാക്കിയിട്ടുമില്ല. കൊല്‍ക്കത്തയിലാണ്‌ ആധാരം ഒപ്പിട്ടതെങ്കില്‍ സ്‌റ്റാമ്പ്‌ ഡ്യൂട്ടി അടച്ചതു കേരളത്തില്‍! കേരളത്തില്‍ ഒപ്പിടുന്ന ആധാരങ്ങള്‍ ഇവിടത്തെ മുദ്രപ്പത്രത്തിലാകണമെന്നാണു വ്യവസ്‌ഥ. ആധാരപ്രകാരം വില്‍പനക്കാരനും വാങ്ങിയവരും സാക്ഷികളുമെല്ലാം കൊല്‍ക്കത്ത മേല്‍വിലാസക്കാരാണ്‌. ഇത്‌ രജിസ്‌ട്രേഷന്‍, സ്‌റ്റാമ്പ്‌ ആക്‌ടുകളുടെ നഗ്നമായ ലംഘനമാണ്‌.

(അവസാനിച്ചു)

Ads by Google
Sunday 07 Jul 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW