Tuesday, August 20, 2019 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jul 2019 01.58 AM

രാഹുകാലം മാറി രാഹുല്‍ കാലം വരാന്‍

uploads/news/2019/07/320130/bft3.jpg

'ഒനക്കതികം വിദ്യാഭ്യാശമൊന്നുമില്ലാത്തോണ്ട്‌ ഒരു എം.എല്‍.എ. ആണോന്നാണോന്റാശ'. വര്‍ഷങ്ങള്‍ക്കുമുമ്പുകേട്ട ഒരു മിമിക്രിയിലെ ഡയലോഗാണിത്‌. സന്ദര്‍ഭം ഇതാണ്‌: എസ്‌.എസ്‌.എല്‍.സി. പരീക്ഷയുടെ ഫലംവന്നതിന്റെ പിറ്റേന്ന്‌, ആ വര്‍ഷം സംസ്‌ഥാനത്ത്‌ കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ (500-ല്‍ 460) രവിശങ്കരന്‍ നമ്പ്യാരുമായും ഏറ്റവും കുറച്ചു മാര്‍ക്ക്‌ വാങ്ങിയ (500-ല്‍ 46) കണ്ണനുമായി ഒരു പത്രപ്രവര്‍ത്തകന്‍ അഭിമുഖം നടത്തുന്നു. 2019-ലെ പരീക്ഷയെഴുതാനുള്ള ഭാഗ്യം തനിക്കില്ലാതെപോയല്ലോ എന്നോര്‍ത്ത്‌ കണ്ണന്‍ കരയുന്നുണ്ടാവും. കാരണം വ്യക്‌തമാണല്ലോ. കണ്ണന്റെ 46 മാര്‍ക്ക്‌ സൊളുവില്‍ 460 ആകുമായിരുന്നു! പത്രപ്രവര്‍ത്തകന്‍ ഒട്ടേറെ ചോദ്യങ്ങള്‍ റാങ്കുകാരനോടു ചോദിച്ചു. അവന്‍ മണിമണി ഉത്തരം പറഞ്ഞു. അവസാനത്തെ ചോദ്യം, നമ്പ്യാരുടെ ആഗ്രഹം എന്താണെന്നായിരുന്നു. ശാസ്‌ത്രജ്‌ഞന്‍ എന്നു മറുപടി. അതേ ചോദ്യം കണ്ണനോടുമാവര്‍ത്തിച്ചു. അപ്പോഴാണ്‌ കണ്ണന്റെ ഡയലോഗ്‌: "ഒരു എം.എല്‍.എ ആകണം!"
എന്തുകൊണ്ട്‌ കണ്ണനൊരു എം.എല്‍.എ. ആയിക്കൂടാ...? ഈ കണ്ണന്‍ ഒരു ബിംബമാണ്‌. ഈയിടെ നിയമസഭയില്‍ കേട്ട ബിംബമല്ല. ആ അധ്യയനവര്‍ഷത്തെ ഏറ്റവും നിസാരന്മാരായവരുടെ പ്രതിനിധിയാണു കണ്ണന്‍. ആ കണ്ണന്റെപോലും കണ്ണ്‌ എം.എല്‍.എ. കസേരയിലാണെങ്കില്‍ പിന്നെ, ഒരു ശരാശരിക്കാരന്‍ രാഷ്‌ട്രീയക്കാരന്റെ കണ്ണെവിടെയായിരിക്കും?
രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരുന്ന നവാഗതന്റെ മനസിലൂടെ ഒന്നു സഞ്ചരിച്ചുനോക്കാം: സാധിക്കുമെങ്കില്‍ പ്രധാനമന്ത്രി! അല്ലെങ്കില്‍ ക്യാബിനറ്റ്‌ റാങ്കില്‍ ഒരു മന്ത്രി. അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു മന്ത്രി. അവിടുന്നും താഴ്‌ന്നാല്‍ എം.പി.! ഡല്‍ഹിയില്‍ ക്ലച്ചുപിടിക്കേലെന്നുറപ്പായാല്‍ സംസ്‌ഥാനത്തു ചേക്കേറുക. സംസ്‌ഥാനത്തെത്തിയാല്‍ കണ്ണ്‌ ആദ്യം മുഖ്യമന്ത്രിക്കസേരയില്‍! അതുകിട്ടാതെവന്നാല്‍ പിന്നെ ഏതെങ്കിലുമൊരു മന്ത്രി. അങ്ങനെ, ഇങ്ങുവന്നുവന്ന്‌ ഒരു പഞ്ചായത്തുമെമ്പെറെങ്കിലും...! എന്തെങ്കിലുമൊരു പദവിയില്ലാതെവന്നാല്‍ കളി മാറും. അതുപിന്നെ കൂറുമാറല്‍, കാലുമാറല്‍, കാലുവാരല്‍ എന്നിങ്ങനെയൊക്കെയുള്ള കലാപരിപാടികളിലേയ്‌ക്കു കടക്കും...!
ഈയൊരു രാഷ്‌ട്രീയപശ്‌ചാത്തലത്തിലാണു രാഹുല്‍ എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു രാഷ്‌ട്രീയ വെറൈറ്റി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗധേയത്വം നിര്‍ണയിച്ച മഹത്തായ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമോന്നതപദവി അലങ്കരിച്ച രാഹുല്‍ ആ പദവി രാജി വച്ചിരിക്കുന്നു! ഏതെങ്കിലും ഒരു അധികാരക്കസേരയിലിരുന്നുപോയാല്‍പിന്നെ, പറിച്ചെറിഞ്ഞാല്‍പോലും അള്ളിപ്പിടിച്ചിരിക്കുന്ന രാഷ്‌ട്രീയപാരമ്പര്യമുള്ള ഇക്കാലത്ത്‌, തനിക്കു തീറാധാരമായി എഴുതിക്കിട്ടിയ പ്രസിഡന്റ്‌ സ്‌ഥാനമാണദ്ദേഹം രാജിവച്ചിരിക്കുന്നത്‌! "എന്നെ പിടിച്ചോ, അല്ലെങ്കില്‍ ഞാനിപ്പം ആറ്റില്‍ച്ചാടിച്ചാകും" എന്നു പറഞ്ഞ അമ്മായിയമ്മയോട്‌ "ചാടല്ലേ അമ്മേ" എന്നു പറഞ്ഞെന്നുവരുത്തി അമ്മായിയമ്മയെ ആത്മഹത്യാശ്രമത്തില്‍നിന്നു പിന്തിരിപ്പിച്ചതുപോലെ, രാജിവയ്‌ക്കല്ലേയെന്നാരോപറഞ്ഞെന്നുംപറഞ്ഞ്‌ രാജിക്കൊരുങ്ങിയശേഷം രാജി പിന്‍വലിച്ച ഒട്ടേറെ നേതാക്കന്മാര്‍ ഇന്ത്യന്‍ രാഷ്‌ട്രീയചരിത്രത്തിലുണ്ടായിട്ടുണ്ട്‌.
പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്‌തവരുമുണ്ട്‌. പക്ഷേ, അതിനു പകിടപന്ത്രണ്ടും ആ വീരന്മാര്‍ നേടിയെടുത്തിട്ടുണ്ട്‌ എന്നുള്ളതും ചരിത്രത്തിന്റെ ഭാഗമാണ്‌. അതിന്റെ പേരില്‍ ആദര്‍ശധീരപട്ടംനേടി പേരെടുത്തിട്ടുള്ളവരും വിരളമല്ല.
ഒരുകാര്യം വ്യക്‌തം: രാഹുല്‍ ആ വെറൈറ്റിയില്‍പ്പെട്ടയാളല്ല. കോണ്‍ഗ്രസുകാര്‍ എല്ലാവരും ഒന്നടങ്കം എല്ലാവിധ സമ്മര്‍ദങ്ങളും വരുത്തിയിട്ടും രാഹുല്‍ വഴങ്ങിയില്ല. കോണ്‍ഗ്രസില്‍നിന്നുമാത്രമല്ല, പ്രതിപക്ഷത്തുള്ള എല്ലാ രാഷ്‌ട്രീയകക്ഷികളില്‍നിന്നും ശക്‌തമായ സമ്മര്‍ദമുണ്ടായിട്ടുണ്ട്‌. അതും അദ്ദേഹം കൂട്ടാക്കിയില്ല. തന്റെ രാജി ട്വിറ്ററില്‍ കൊടുത്തതോടുകൂടി, രാഷ്‌ട്രീയനാടകം എന്ന ഭരണപക്ഷത്തെ ആക്ഷേപത്തിന്റെ മുനയും ഒടിഞ്ഞിരിക്കുകയാണ്‌. രാഹുലിന്റെ വ്യക്‌തിപ്രഭാവമാണ്‌ ഇതു പ്രകടമാക്കുന്നത്‌. അനിതരസാധാരണമായ ഒരു വ്യക്‌തിത്വത്തിനുമാത്രമേ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഇതു ഭീരുത്വം എന്നു എതിരാളികള്‍ ആരോപിച്ചു. പക്ഷേ, ഭീരുത്വമല്ല ധീരതയാണിത്‌. സ്വാര്‍ത്ഥമോഹമില്ലാത്ത, പൊയ്‌മുഖമില്ലാത്ത, അഴിമതിക്കറപുരളാത്ത, നിഷ്‌ളങ്കനും സത്യസന്ധനും ധീരനുമായ ഒരു പച്ചമനുഷ്യന്റെ ചിത്രമാണിവിടെ തെളിയുന്നത്‌. അത്യപൂര്‍വമായ ഒരു രാഷ്‌ട്രീയവ്യക്‌തിത്വം!
എന്തുകൊണ്ടാണു രാഹുലിന്റെ രാജി? തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതുകൊണ്ടു മാത്രമോ? അല്ല എന്നു പകല്‍പോലെ വ്യക്‌തം. പ്രതിപക്ഷമല്ല, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണു പരാജയത്തിന്റെ പിന്നില്‍. ചില താപ്പാനകളുടെ സ്വാര്‍ത്ഥതയും അധികാരമോഹവും പുത്രവാത്സല്യവുമൊക്കെയാണു പരാജയകാരണം. ആ പാപഭാരം ഈ പാവം മനുഷ്യന്‍ സ്വയം ഏറ്റെടുത്തതാണ്‌, ഒരു ബലിയാടിനെപ്പോലെ. ഒരു യാഗബലിയായി രാഹുല്‍ പൊലിഞ്ഞാല്‍ ഉടന്‍ പിടിമുറുക്കാന്‍ പമ്മിയിരുക്കുന്നവര്‍ കുറച്ചൊന്നുമല്ല കോണ്‍ഗ്രസിനുള്ളിലുള്ളത്‌.
രാഹുലിനോട്‌ അനുഭാവം പ്രകടിപ്പിച്ചുകൊണ്ടു കൂട്ടരാജിയുണ്ടായിട്ടും അനങ്ങാപ്പാറകള്‍ ഉറച്ചുതന്നെ നില്‍ക്കുന്നു. അവര്‍ നില്‌ക്കുന്നിടത്തോളംകാലം കോണ്‍ഗ്രസിനെ രക്ഷപെടുത്താന്‍ സാധിക്കില്ലെന്ന ബോധ്യം രാഹുലിനുണ്ട്‌. ഇപ്പോള്‍ രാജിവച്ചു രാഹുലിനൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാര്‍ സംഘടിച്ചു അനങ്ങാപ്പാറകളെ ഇളക്കിമറിക്കുകയും മെലിഞ്ഞ താപ്പാനകളെ എവിടെയെങ്കിലും തളയ്‌ക്കുകയും, പഴുത്തെങ്കിലും കൊഴിയാതെ നില്‍ക്കുന്ന ഇലകളെ കുലുക്കിതാഴെച്ചാടിക്കുകയും കേടുപിടിച്ചുനില്‌ക്കുന്ന കമ്പുകള്‍ വെട്ടിനീക്കുകയും ചെയ്‌താല്‍ കോണ്‍ഗ്രസില്‍ സാമാന്യമായ ഒരു ശുദ്ധികലശമുണ്ടാകും. രാഹുലിന്റെ നിലപാടുകളെയും നടപടികളെയും സസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ യുവജനനിര ഇന്ന്‌ ഇന്ത്യയിലുണ്ട്‌. അവര്‍ രാഹുലിനോടു ചേരും. അതൊരു വന്‍ശക്‌തിയായി മാറും.
ഈ ശുദ്ധികലശപ്രക്രിയ സുഗമവും സുതാര്യവുമായി നടക്കുന്ന കൂട്ടത്തില്‍ത്തന്നെ, രാഹുല്‍ ഇപ്പോള്‍ചെയ്‌തുകൊണ്ടിരിക്കുന്നതുപോലെ സംസ്‌ഥാനതലപര്യടനം തുടരണം. മഹാത്മജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലപ്പത്ത്‌ എത്തുന്നതിനുമുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍നിന്നു വന്നയുടനെ ഒരേകാന്തപഥികനെപ്പോലെ ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. ഗ്രാമഗ്രാമാന്തരങ്ങളിലേയ്‌ക്കു കടന്നുചെന്നു. ഗ്രാമങ്ങളിലെ ദയനീയജനജീവിതം അദ്ദേഹം നേരില്‍കണ്ടു മനസിലാക്കി. ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണ്‌ എന്നദ്ദേഹം തിരിച്ചറിഞ്ഞു. ആ ഗ്രാമീണരെ ഉദ്ധരിക്കാത്തിടത്തോളം കാലം ഇന്ത്യ സ്വതന്ത്രയല്ല എന്നദ്ദേഹം മനസിലുറപ്പിച്ചു.
അധികാരക്കസേരയിലേയ്‌ക്കു കയറിയിരിക്കാനല്ല താഴെത്തട്ടിലേയ്‌ക്ക്‌ ഇറങ്ങിച്ചെല്ലാനാണു കോണ്‍ഗ്രസുകാര്‍ ശ്രദ്ധിക്കേണ്ടത്‌. സ്‌ഥാനമാനങ്ങള്‍ക്കും അധികാരാധിപത്യങ്ങള്‍ക്കുംവേണ്ടിയല്ല, മനുഷ്യനു നന്മചെയ്യാന്‍വേണ്ടിയാണു കോണ്‍ഗ്രസുകാര്‍ നിലകൊള്ളേണ്ടത്‌.
ഇത്തരത്തിലുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സജ്‌ജരാക്കാന്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റാകണ്ട, പ്രവര്‍ത്തകനായാല്‍മതി. ഗന്ധിജി മഹാത്മജിയായത്‌ കോണ്‍ഗ്രസിന്റെ പ്രസിഡന്റായതുകൊണ്ടല്ല മഹാത്മന്‍ ആയതുകൊണ്ടാണ്‌. രവീന്ദ്രനാഥ്‌ ടാഗോറാണ്‌ മഹാത്മന്‍ എന്ന പേര്‌ ഗാന്ധിജിക്കു നല്‌കിയത്‌. പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ഒരു തലമുറ ഇന്നുമുണ്ട്‌. അവരെക്കണ്ടുപിടിച്ചു ചേര്‍ത്തുനിര്‍ത്തി ധീരതയോടെ നയിക്കാന്‍ ആദര്‍ശനിഷ്‌ഠയും അര്‍പ്പണമനോഭാവവും ആത്മാര്‍ത്ഥതയും അറിവും നെറിവുമുള്ള ഒരു നേതാവ്‌ വേണം. അതാണു രാഹുല്‍. അതിന്‌ അദ്ദേഹം രാജിയിലുറച്ചുനില്‍ക്കണം. അത്‌ ഒരുപക്ഷേ, ഇന്ന്‌ കോണ്‍ഗ്രസിന്‌ ഒരു രാഹുകാലമായി തോന്നാം. പക്ഷേ, അതു ഭാവിയില്‍ ഒരു രാഹുല്‍കാലമുണ്ടാകാന്‍ വേണ്ടിയാണ്‌. അതുണ്ടാകുകതന്നെ ചെയ്യും. ഉറപ്പ്‌!

റവ. ഡോ. തോമസ്‌ മൂലയില്‍

(ലേഖകന്റെ ഫോണ്‍: 9048117875)

Ads by Google
Sunday 07 Jul 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW