Wednesday, August 21, 2019 Last Updated 20 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 12.24 PM

പ്രതീക്ഷിച്ചതിനേക്കാള്‍ 17 ലക്ഷം വോട്ടുകളുടെ കുറവ് ; ആറ്റിങ്ങലില്‍ ഉണ്ടായ വോട്ടുചോര്‍ച്ച ഭയാനകം ; എങ്കിലും അടിത്തറ നഷ്ടമായിട്ടില്ലെന്ന് സിപിഎം വിലയിരുത്തല്‍

uploads/news/2019/07/319918/cpm-flasg.jpg

തിരുവനന്തപുരം: ആറിടങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുമ്പായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് പഠന വിശകലനം നടത്തി ഇടതുപക്ഷം. പാര്‍ട്ടി വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടായെന്നും ശബരിമല വിഷയം, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ എതിരാളികളുടെ കുപ്രചരണം മറികടക്കാന്‍ കഴിയാതെ പോയെന്നും മണ്ഡലം അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളില്‍ ഇടതുമുന്നണി വിലയിരുത്തി. സിപിഎം വിരുദ്ധത പ്രചരിപ്പിച്ചെങ്കിലും വോട്ടുകള്‍ ബിജെപിയ്ക്ക് കിട്ടിയില്ലെന്നും പകരം യുഡിഎഫിലേക്കാണ് മറിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തി.

ജനവികാരം മനസ്സിലാക്കുന്നതില്‍ നേതാക്കള്‍ക്ക് പിഴച്ചെന്ന് സിപിഎം സംസ്ഥാന കമ്മറ്റി വിലയിരുത്തി. നേരത്തേ പ്രാദേശിക ഘടകങ്ങള്‍ നല്‍കിയ കണക്കാണ് സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കിയത്. പ്രതീക്ഷിച്ച കണക്കിനേക്കാള്‍ 17 ലക്ഷം വോട്ടുകളാണ് കുറഞ്ഞത്. ന്യുനപക്ഷ മേഖലകള്‍ കൈവിട്ടതാണ് തിരുവനന്തപുരത്തെ തോല്‍വിക്ക് കാരണം. ആറ്റിങ്ങലില്‍ ഉണ്ടായ വോട്ടുചോര്‍ച്ച ഭയാനകമായിരുന്നു. 20 മണ്ഡലങ്ങളിലും 2014 ലേനേക്കാള്‍ വോട്ട് കുറഞ്ഞു. ആലപ്പുഴയില്‍ ജയിച്ചെങ്കിലും വോട്ട് നിലയില്‍ കുറവാണുണ്ടായത്.

പരമ്പരാഗതമായി ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം ലഭിക്കാറുണ്ടായിരുന്ന സര്‍വ്വീസ് വോട്ടുകളില്‍ ബിജെപിക്ക് മുന്‍തൂക്കം കിട്ടിയതെങ്ങനെയെന്ന ചോദ്യവും സിപിഎമ്മിനെ അലട്ടുന്നു. ഇടതുസംഘടനയ്ക്ക് മേധാവിത്വമുള്ള സര്‍വ്വീസ് സംഘടനാ രംഗത്ത് പക്ഷേ കൂടുതല്‍ വോട്ടുകള്‍ കിട്ടിയത് അത്ര വലിയ ശക്തിയല്ലാത്ത ബിജെപിയ്ക്കായിരുന്നു. ബിജെപിക്ക് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ മുന്നേറാനായത് അത്ഭുതകരം എന്നാണ് റിപ്പോര്‍ട്ടിങില്‍ നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതുപോലെ തന്നെ പോസ്റ്റല്‍ വോട്ടിലും സിപിഎമ്മിനെ മറികടന്ന് മുന്നിലെത്താന്‍ ബിജെപിയ്ക്കും യുഡിഎഫിനുമായി. ഏഴ് മണ്ഡലങ്ങളില്‍ അഞ്ചിടത്ത് യുഡിഎഫും രണ്ടിടത്ത് ബിജെപിയും ആയിരുന്നു പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തിയത്. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ 5 മണ്ഡലങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചിട്ടുണ്ട്.

എല്‍ഡിഎഫിന്റെ പരാജയം തെറ്റിദ്ധാരണകളില്‍ നിന്നുണ്ടായ താല്‍ക്കാലിക തിരിച്ചടി മാത്രമാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയായിരുന്നെങ്കിലൂം എതിര്‍ഭാഗം തീവ്രപ്രചാരണം അഴിച്ചുവിട്ട് ആളുകളില്‍ തെറ്റിദ്ധാരണ പരത്തി. ഇത് മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതുമില്ല. ശബരിമല ഉപയോഗിച്ച് എതിരാളികള്‍ വര്‍ഗ്ഗീയ നീക്കങ്ങള്‍ നടത്തിയതും തിരിച്ചടിയായി. എന്നിരുന്നാലും പാര്‍ട്ടിയ്ക്കു ജനങ്ങള്‍ക്കിടയിലുള്ളള്ള അടിത്തറ നഷ്ടമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തണം.

ആഗസ്റ്റില്‍ ലോക്കല്‍ കമ്മറ്റി അടിസ്ഥാനത്തില്‍ പാര്‍ട്ടി കുടുംബ യോഗങ്ങള്‍ വിളിച്ച് അകല്‍ച്ച മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടിങില്‍ പറയുന്നു. ഇതിന് മുമ്പായി ജൂലായ് 22 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചക്കാലം സംസ്ഥാന സെക്രട്ടറിയേറ്റ്, കമ്മറ്റി അംഗങ്ങളും എംപിമാരും എംഎല്‍എമാരും തദ്ദേശ ഭരണജനപ്രതിനിധികളുമുള്‍പ്പടേയുള്ളവര്‍ വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി നിലപാടുകള്‍ വിശദീകരിക്കുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW