Tuesday, August 20, 2019 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.23 AM

വളര്‍ച്ചയ്‌ക്കൊപ്പം വിലക്കയറ്റത്തിനും വഴിതെളിക്കുന്ന ബജറ്റ്‌

uploads/news/2019/07/319886/editorial.jpg

അടിസ്‌ഥാന സൗകര്യ വികസനത്തിനൊപ്പം വിലക്കയറ്റത്തിന്‌ വഴിയൊരുക്കുന്ന നിര്‍ദേശമുള്ളതുമായ ബജറ്റാണ്‌ നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ചത്‌. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക്‌ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നത്‌ ബജറ്റിനെ ജനകീയമാക്കുന്നുമുണ്ട്‌. അടുത്ത അഞ്ചു വര്‍ഷം കൊണ്ട്‌ രാജ്യത്തെ എല്ലാ വീട്ടിലും പൈപ്പ്‌ വഴി കുടിവെള്ളമെത്തിക്കുമെന്നതാണ്‌ ഒരു പ്രധാന പ്രഖ്യാപനം. ഇന്ത്യയില്‍ ശുദ്ധജലവും കുടിവെള്ളവും കിട്ടാക്കനിയായ പതിനായിരക്കണക്കിനു ജനങ്ങളുണ്ട്‌. രാജ്യമൊട്ടാകെ ജലലഭ്യത കുറഞ്ഞു വരികയാണെന്ന്‌ പഠനങ്ങള്‍ വ്യക്‌തമാക്കുന്നുമുണ്ട്‌. ഈ സ്‌ഥിതിക്ക്‌ ഏറെ പ്രാധാന്യമുള്ള പ്രഖ്യാപനമാണിത്‌. രാജ്യത്ത്‌ ശുദ്ധജലക്ഷാമമുള്ള 1592 ബേ്ലാക്കുകള്‍ കണ്ടെത്തി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നതാണ്‌ മന്ത്രി വ്യക്‌തമാക്കുന്നത്‌. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വിട്‌ ലഭ്യമാക്കുമെന്നും ബജറ്റ്‌ പറയുന്നു. കഴിഞ്ഞ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഗ്രാമീണ മേഖലയില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കിയത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ മുന്‍കൈ നേടാന്‍ ബി.ജെ.പിയെ സഹായിച്ചിരുന്നു. ഇതേ മേഖലയില്‍ തന്നെയുള്ളവരെ കൂടുതലായി ആകര്‍ഷിക്കുന്നതാണ്‌ വീടും ജലവും നല്‍കുമെന്ന വാഗ്‌ദാനം.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചേകാല്‍ ലക്ഷം കിലോമീറ്റര്‍ റോഡ്‌ നിര്‍മിക്കും, മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിനു കൈയടി നേടിക്കൊടുക്കുന്നതാണ്‌. എന്നാല്‍, ഇന്ധന നികുതിയിനത്തില്‍ ലിറ്ററിന്‌ ഒരു രൂപ വര്‍ധിപ്പിക്കാനുള്ള തീരുമാനം രാജ്യത്ത്‌ എല്ലാ തലത്തിലും ബാധിക്കുമെന്ന്‌ ഉറപ്പാണ്‌. പൊതുവേയുള്ള വിലക്കയറ്റത്തിനു വഴിതെളിക്കുന്നതാണ്‌ ഇന്ധനവില വര്‍ധന. ഇതോടെ അവശ്യവസ്‌തുക്കള്‍ക്കെല്ലാം വില കയറും. ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്താത്തത്‌ സാധാരണക്കാരെ നിരാശരാക്കുന്നതാണ്‌. ബാങ്കിങ്‌ മേഖലയ്‌ക്ക്‌ അനുകൂല തീരുമാനങ്ങളുണ്ടെങ്കിലും പൊതുവേ സ്വകാര്യ വത്‌കരണത്തെ ബജറ്റ്‌ പ്രോത്സാഹിപ്പിക്കുന്നു. ഇന്‍ഷുറന്‍സ്‌ മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നത്‌ വേഗത്തിലാക്കുന്നതും സ്വകാര്യവത്‌കരണത്തിനുള്ള പച്ചക്കൊടിയാണ്‌.

കേരളത്തിനുള്ള നികുതിവിഹിതത്തില്‍ ആയിരം കോടിയിലധികം രൂപയുടെ വര്‍ധനയുണ്ടെങ്കിലും കേരളം മുന്നോട്ടു വച്ച പല ആവശ്യങ്ങളും പരിഗണിച്ചതേയില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയബാധയില്‍ നിന്ന്‌ കരകയറാന്‍ ഗുണപരമായ പല സംഭാവനകളും കേരളം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഒന്നുമുണ്ടായില്ല. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിച്ചില്ല. കേരളം ദീര്‍ഘനാളായി ആവശ്യപ്പെടുന്ന എയിംസിന്‌ ഇത്തവണയും അനുമതിയില്ല. കണ്ണൂരിലെ രാജ്യാന്തര ആയുര്‍വേദ ഇന്‍സ്‌റ്റിട്യൂട്ട്‌, വൈറോളജി ഇന്‍സ്‌റ്റിട്യൂട്ട്‌ തുടങ്ങിയ ആവശ്യങ്ങളും തഴയപ്പെട്ടു. സംസ്‌ഥാനങ്ങള്‍ക്ക്‌ പ്രത്യേകമായി ഒന്നും ബജറ്റില്‍ നീക്കി വച്ചിട്ടില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. ഈ സാഹചര്യത്തില്‍ പൊതുവായി കേന്ദ്ര പദ്ധതികള്‍ക്ക്‌ അനുവദിക്കുന്നതിന്റെ വിഹിതമേ കേരളത്തിന്‌ കിട്ടുകയുള്ളു. പദ്ധതിത്തുകയും സംസ്‌ഥാനങ്ങളുടെ വലിപ്പവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോള്‍ കേരളത്തിന്‌ വലിയ വിഹിതം കിട്ടാനിടയില്ല. റെയില്‍ ബജറ്റിലും കേരളത്തിന്‌ ആശ്വസിക്കാനൊന്നുമില്ല. കേരളത്തിന്റെ റെയില്‍വേ വികസനത്തിന്‌ പ്രത്യേക പദ്ധതികളോ പുതിയ ട്രെയിനുകളോ പ്രഖ്യാപിച്ചിട്ടില്ല. കഞ്ചിക്കോട്‌ കോച്ച്‌ ഫാക്‌ടറിയെ കുറിച്ച്‌ പരാമര്‍ശമേയില്ല. മാത്രമല്ല, ഉപഭോക്‌തൃ സംസ്‌ഥാനമെന്ന നിലയില്‍ വിലക്കയറ്റം അതികഠിനമായി കേരളത്തെ ബാധിക്കുകയും ചെയൂം. ബജറ്റില്‍ ഒരു രൂപയാണ്‌ വര്‍ധിപ്പിക്കുന്നതെങ്കിലും പെട്രോളിനും ഡീസലിനും രണ്ടര രൂപയോളമാണ്‌ കേരളത്തില്‍ വര്‍ധിക്കുന്നത്‌. ഇത്‌ ചെലവു കൂട്ടുകയും ചെയ്യും.

Ads by Google
Saturday 06 Jul 2019 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW