Tuesday, August 20, 2019 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.22 AM

പ്രകൃതി സൗഹൃദം; സ്‌ത്രീസൗഹൃദമല്ല

uploads/news/2019/07/319885/bft1.jpg

പ്രകൃതി സൗഹൃദം; രാജ്യത്തെ ആദ്യ മുഴുവന്‍സമയ വനിതാ ധനമന്ത്രി അവതരിപ്പിച്ച കേന്ദ്രബജറ്റിനെ ഒറ്റനോട്ടത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രകൃതിസൗഹൃദ പ്രഖ്യാപനങ്ങളാല്‍ സമ്പന്നമാണു നിര്‍മലയുടെ കന്നി ബജറ്റ്‌. ഇലക്‌ട്രിക്‌ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ്‌ ഇതില്‍ ശ്രദ്ധേയം. ഇത്തരം വാഹനങ്ങളുടെ ജി.എസ്‌.ടി നികുതി 12-ല്‍നിന്ന്‌ അഞ്ചു ശതമാനമായി കുറയ്‌ക്കാന്‍ ജി.എസ്‌.ടി. കൗണ്‍സിലിനോട്‌ ആവശ്യപ്പെടുമെന്നു ബജറ്റ്‌ വ്യക്‌തമാക്കുന്നു. വായ്‌പയെ ആശ്രയിക്കുമ്പോള്‍ പലിശയിളവ്‌ ലഭിക്കുമെന്നതും കൂടുതല്‍ ആളുകളെ ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്ക്‌ ആകര്‍ഷിക്കും.
ജലസംരക്ഷണ പദ്ധതികള്‍ക്കും ബജറ്റ്‌ ഊന്നല്‍ നല്‍കുന്നു. ജലസ്രോതസുകളുടെ പരിപാലനത്തിനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി, 2024 ആകുമ്പോള്‍ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനം, ചരക്കു നീക്കത്തിനു ജലപാതകള്‍ കൂടുതലായി ഉപയോഗിക്കാനുള്ള തീരുമാനം, എല്‍.ഇ.ഡി. ബള്‍ബ്‌ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ മിഷന്‍ എല്‍.ഇ.ഡി. തുടങ്ങിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷ പകരുന്നു. ഗ്രീന്‍ ടെക്‌നോളജി ഉപയോഗിച്ച്‌ ആധുനിക രീതിയില്‍ 1,25,000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നവീകരിക്കാനുള്ള പ്രഖ്യാപനം വികസനകാഴ്‌ചപ്പാടുകള്‍ പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമാണ്‌.
ഗ്രാമങ്ങളിലെ ഖരമാലിന്യ സംസ്‌കരണം സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയിലൂടെ നടപ്പാക്കാനുള്ള തീരുമാനം കേരളത്തിനു കൂടുതല്‍ ഗുണം ചെയ്ുയം. യഥാര്‍ഥത്തില്‍ കേരളത്തിന്‌ വെളിയിട വിസര്‍ജന മുക്‌ത പദ്ധതിയായിരുന്നില്ല ആവശ്യം. അത്‌ ഇവിടെ മുമ്പേ നടപ്പാക്കിയതാണ്‌. മാലിന്യ സംസ്‌കരണമാണ്‌ സംസ്‌ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. സ്വച്‌ഛ്‌ ഭാരതിന്റെ പുതിയ തലത്തിലേക്കുള്ള വികസനം കേരളത്തിനു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കാം.
ബജറ്റ്‌ പൂര്‍ണമായും സ്‌ത്രീസൗഹൃദമെന്നു പറയാനാകില്ല. "നാരി തൂ നാരായണി" എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തി നല്‍കുന്നുണ്ടെങ്കിലും ബജറ്റില്‍ സ്‌ത്രീകള്‍ക്കുവേണ്ടി പുതിയ പദ്ധതികളൊന്നുമില്ല. സംരംഭകരെ പ്രോല്‍സാഹിപ്പിക്കാനുള്ള മുദ്രാ ലോണും സ്‌റ്റാന്‍ഡ്‌ അപ്‌ ഇന്ത്യ വായ്‌പാ പദ്ധതിയും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്‌.
സ്‌ത്രീസംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചയാളെന്ന നിലയിലുള്ള അനുഭവം പറഞ്ഞാല്‍, പലിശയ്‌ക്ക്‌ വായ്‌പ എടുക്കാന്‍ ഇപ്പോഴും സ്‌ത്രീകള്‍ക്കു ഭയമാണ്‌. പ്രത്യേകിച്ച്‌ അവരുടെ ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ടു നേരിടുമ്പോള്‍. ഇക്കാര്യങ്ങളിലൊക്കെ പിന്തുണയില്ലാതെ സ്‌ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനാകുമോ എന്നു സംശയമുണ്ട്‌.
ധനക്കമ്മി 3.4-ല്‍നിന്ന്‌ 3.3 ശതമാനമായി കുറയ്‌ക്കുമെന്നാണു പറയുന്നത്‌. പക്ഷേ, ചെലവു ചുരുക്കാനുള്ള നടപടികള്‍ ബജറ്റിലില്ല. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിലൂടെ 2019-20 സാമ്പത്തിക വര്‍ഷം 1,05,000 കോടി രൂപ അധിക വരുമാനം സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്‌. ഇത്‌ ലക്ഷ്യത്തിലെത്തുമോ എന്നു സംശയമുണ്ട്‌. 2018-19 സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച 80,000 കോടി പോലും സമാഹരിക്കാനായിട്ടില്ല. ചെലവു കുറയ്‌ക്കാതെ ധനക്കമ്മി നിയന്ത്രിക്കുന്നതെങ്ങനെയെന്ന ചോദ്യമുണ്ട്‌. ഓഹരി വിറ്റഴിക്കലിലൂടെ വരുമാനം കണ്ടെത്തുന്നത്‌ കേന്ദ്രസര്‍ക്കാരിനു ബുദ്ധിമുട്ടേറിയ ദൗത്യമായിരിക്കും.
സര്‍ക്കാര്‍ നയങ്ങളുടെ തുടര്‍ച്ച ബജറ്റില്‍ പ്രകടമാണ്‌. പൊതുമേഖലാ ബാങ്കുകളെ ശക്‌തിപ്പെടുത്തുമെന്ന പ്രഖ്യാപനവും കിട്ടാക്കടം കുറഞ്ഞതും ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്‌തികള്‍ കുറയ്‌ക്കാനുള്ള നടപടികള്‍ തുടരുന്നതും നല്ല കാര്യമാണ്‌. ഇന്ധനവില വര്‍ധിപ്പിച്ചത്‌ ജനങ്ങള്‍ക്ക്‌ തിരിച്ചടിയാണ്‌. അവശ്യസാധനവില ഉള്‍പ്പെടെ വര്‍ധിക്കും. 10,000 കര്‍ഷക ഉല്‍പാദക കമ്പനികള്‍ രൂപീകരിക്കുമെന്ന വാഗ്‌ദാനം കര്‍ഷകര്‍ക്കു നേട്ടമാകുമെന്നു പ്രതീക്ഷിക്കാം. ഗ്രാമീണമേഖലയില്‍ ഉല്‍പാദനമില്ലാത്തതല്ല, ഉല്‍പന്നങ്ങള്‍ക്കു വില ലഭിക്കാത്തതാണു പ്രശ്‌നം. ഇത്തരം സഹകരണ സ്‌ഥാപനങ്ങളിലൂടെ ഉല്‍പന്നങ്ങള്‍ക്ക്‌ നല്ല വിലയും വിപണിയും കിട്ടിയാല്‍ കാര്‍ഷികമേഖലയ്‌ക്ക്‌ ഉണര്‍വുണ്ടാകും.

പ്രഫ. നിര്‍മല പദ്‌മനാഭന്‍

(ധനകാര്യ വിദഗ്‌ധയും എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജ്‌ ഇക്കണോമിക്‌സ്‌ വിഭാഗം അസോസിയേറ്റ്‌ പ്രഫസറുമാണ്‌ ലേഖിക)

Ads by Google
Saturday 06 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW