Tuesday, August 20, 2019 Last Updated 17 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 06 Jul 2019 01.20 AM

തല്ലും തലോടലും

uploads/news/2019/07/319884/bft2.jpg

നികുതിവലയ്‌ക്കു പുറത്തായിരുന്നവരെക്കൂടി ഉള്ളിലാക്കാനുള്ള ശ്രമം ഈ ബജറ്റിനെ വേറിട്ടതാക്കുന്നു. നികുതിയില്‍ മാത്രം ബദ്ധശ്രദ്ധ പുലര്‍ത്തുന്നതിനാല്‍ ഇതൊരു ജനപ്രിയ ബജറ്റ്‌ ആകുന്നില്ല. ആദായനികുതി പരിധി അഞ്ചുലക്ഷത്തില്‍ത്തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്‌. ഇത്‌ ഇടത്തരം ശമ്പളക്കാര്‍ക്ക്‌ ആശ്വാസം പകരും. പരിധി കടന്നാല്‍ കൂടിയ തുകയുടെ 20 ശതമാനം നികുതി അടയ്‌ക്കേണ്ടതായും വരും. സാമ്പത്തിക സര്‍വേയില്‍ ഏഴുശതമാനം വളര്‍ച്ച മുന്നോട്ടുവയ്‌ക്കുമ്പോള്‍ ബജറ്റ്‌ ആ പ്രതീക്ഷ നിറവേറ്റുന്ന വിധത്തിലേക്ക്‌ വളരുന്നില്ല.
ഒരു വര്‍ഷം ഒരു കോടിയില്‍ അധികം രൂപ അക്കൗണ്ടില്‍ നിന്ന്‌ പിന്‍വലിച്ചാല്‍ രണ്ടു ശതമാനം നികുതി സ്രോതസില്‍നിന്നു പിടിക്കാനുള്ള നീക്കം വരുമാനം കണ്ടെത്താനുള്ള പുതിയ മാര്‍ഗമാണ്‌.
വരുമാന നികുതി റിട്ടേണ്‍ പരിശോധന ഉദ്യോഗസ്‌ഥഇടപെടല്‍ കൂടാതെ കമ്പ്യൂട്ടര്‍ സംവിധാനം മുഖേനയാക്കി. പ്രത്യക്ഷ - പരോക്ഷ നികുതി സംവിധാനങ്ങളുടെ ഏകോപനമാണ്‌ എടുത്തുപറയേണ്ട മറ്റൊന്ന്‌. ഓരോരുത്തരുടെയും ഇന്‍ഷുറന്‍സ്‌ തുക, മ്യൂച്ചല്‍ ഫണ്ട്‌ നിക്ഷേപം, ബാങ്ക്‌ ഇടപാടുകള്‍ എന്നിവ ഓട്ടോമാറ്റിക്‌ ആയി വരുമാന നികുതി റിട്ടേണില്‍ പ്രതിഫലിക്കും. ഇൗ നടപടികള്‍ സാമ്പത്തികരംഗം കൂടുതല്‍ സുതാര്യമാക്കും.
ഇന്‍ഷുറന്‍സ്‌ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കല്‍ ഈ മേഖലയിലെ മത്സരം കൂട്ടും. നിലവില്‍ ഇന്‍ഷുറന്‍സ്‌ മേഖലയില്‍ ഉപയോക്‌താക്കളെ പിഴിയുന്ന നടപടികളാണുള്ളത്‌. വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയം തുക കൂടിയത്‌ ഉദാഹരണം. എയര്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ആസ്‌തി വിറ്റഴിക്കാനുള്ള തീരുമാനം എത്രമാത്രം വിജയിക്കുമെന്നതിന്‌ തിട്ടമില്ല. കാരണം ഇതുവരെ നടത്തിയ വിറ്റഴിക്കല്‍ കൊണ്ട്‌ സര്‍ക്കാര്‍ ഉദ്ദേശിച്ച ലക്ഷ്യം നേടിയിട്ടില്ല എന്നതാണ്‌ ശങ്കയ്‌ക്കു കാരണം.
250 കോടി രൂപ വരെ വിറ്റുവരവുള്ള കോര്‍പറേറ്റ്‌ സ്‌ഥാപനങ്ങളുടെ നികുതി 25% ആയിരുന്നു. ഈ ഇളവ്‌ 400 കോടി വരെ വിറ്റുവരവുള്ളവരിലേക്കുയര്‍ത്തിയത്‌ കോര്‍പറേറ്റുകള്‍ക്ക്‌ ഗുണം ചെയ്യുമെന്നല്ലാതെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ എത്രത്തോളം ഗുണം ചെയ്യുമെന്നു കണ്ടറിയണം. സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക്‌ തുടക്കത്തില്‍ ആദായ നികുതി ഒഴിവാക്കിയത്‌ പുതുസംരംഭകര്‍ക്കു പ്രചോദനമേകും. അഞ്ചുവര്‍ഷത്തേക്ക്‌ അവര്‍ ആദായനികുതിവലയ്‌ക്കു പുറത്തായിരിക്കുമെന്നതു മികച്ച നീക്കമാണ്‌.
തൊഴിലില്ലായ്‌മ കുറയ്‌ക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളില്ലെന്നതു ഖേദകരമാണ്‌. നാലുപതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ഭയാനകമായ തൊഴിലില്ലായ്‌മയാണ്‌ രാജ്യത്തെ ഗ്രസിച്ചിരിക്കുന്നത്‌. ഗ്രാമീണ ചെറുകിട മേഖലയിലാണ്‌ വന്‍ തൊഴില്‍നഷ്‌ടം. നിര്‍മിതി ബുദ്ധി പിടിമുറുക്കുമ്പോള്‍ നഷ്‌ടമാകുന്ന തൊഴില്‍ വീണ്ടെടുക്കാന്‍ നീക്കമില്ല. നഗരത്തിലെ സ്‌ത്രീകളുടെ ഇടയിലെ തൊഴിലില്ലായ്‌മ 27 ശതമാനമാണ്‌. അതിനും ബജറ്റില്‍ പരിഹാരമില്ല.
ഇന്ധനസെസ്‌ അപ്രതീക്ഷിതമായിരുന്നു. സെസ്‌ ഏര്‍പ്പെടുത്തിയതോടെ ഇന്ധനവില കൂടും. ഇതിന്‌ ആനുപാതികമായി സാധനവിലയും വര്‍ധിക്കും. ഉപഭോക്‌തൃ സംസ്‌ഥാനമായ കേരളത്തിന്‌ ഇത്‌ അക്ഷരാര്‍ഥത്തില്‍ ഇരുട്ടടിയാണ്‌. എല്ലാവര്‍ക്കും വീട്‌, പാചകവാതകം, കുടിവെള്ളം എന്നിവ ഉറപ്പാക്കുമെന്ന പ്രഖ്യാപനം എത്രമാത്രം കാര്യക്ഷമമായി നടപ്പിലാക്കുമെന്നതിനെപ്പറ്റി ബജറ്റില്‍ സൂചനകളില്ല.
2020 മാര്‍ച്ച്‌ 31 നകം എടുക്കുന്ന ഭവന, ചെറുകിട വായ്‌പകളിന്‍മേലുള്ള (45 ലക്ഷം രൂപവരെ)തിന്‌ നിലവില്‍ പലിശ തുകയില്‍ അനുവദിച്ചിരുന്ന വരുമാന നികുതി കിഴിവ്‌ രണ്ടു ലക്ഷം രൂപ വരെ ആയിരുന്നത്‌ ഒന്നര ലക്ഷം കൂടി വര്‍ധിപ്പിച്ചു മൂന്നര ലക്ഷമാക്കിയത്‌ ഭവനരഹിതരുടെ നികുതി ബാധ്യത കുറയ്‌ക്കും. ഒന്നരക്കോടി രൂപയ്‌ക്കു താഴെ വിറ്റുവരവുള്ള ചെറുകിട വ്യവസായികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ജി.എസ്‌.ടി. പ്രശ്‌നങ്ങളില്‍ നട്ടംതിരിയുന്ന ചെറുകിട വ്യാപാരി- വ്യവസായികള്‍ക്ക്‌ തലോടലാണ്‌.

ജേക്കബ്‌ സന്തോഷ്‌

(ലേഖകന്‍ ഓള്‍ കേരളാ ജി.എസ്‌.ടി. ടാക്‌സ്‌ പ്രാക്‌ടീഷണേഴ്‌സ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റാണ്‌)

Ads by Google
Saturday 06 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW