Tuesday, August 20, 2019 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 01.27 AM

സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍; വളര്‍ച്ചാലക്ഷ്യം 7 % , പൊതുബജറ്റ്‌ ഇന്ന്‌, ഇന്ധനവില കുറഞ്ഞേക്കും

uploads/news/2019/07/319559/d1.jpg

ന്യൂഡല്‍ഹി : മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ നടപ്പു സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്നത്‌ ഏഴു ശതമാനം വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്‌ 6.8 ശതമാനമായിരുന്നു. സ്വകാര്യ നിക്ഷേപവും ഉപഭോഗവും കൂടുന്നതു പ്രതീക്ഷ നല്‍കുന്നുവെന്നും പൊതു ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നു. ഇന്നാണു പൊതു ബജറ്റ്‌.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കുറവ്‌ മൂലം കാര്‍ഷികോല്‍പ്പാദനം കുറഞ്ഞേക്കും. അടുത്ത സാമ്പത്തികവര്‍ഷം എണ്ണവില കുറയുമെന്നാണു പ്രതീക്ഷ. 2025 ആകുമ്പോഴേക്കും അഞ്ചു ട്രില്യന്‍ ഡോളറിന്റെ സാമ്പത്തിക ശക്‌തിയായി ഇന്ത്യയെ വളര്‍ത്തണമെങ്കില്‍ ജി.ഡി.പി. വളര്‍ച്ച എട്ടു ശതമാനത്തിലെത്തിക്കണം. 2032-ല്‍ 10 ട്രില്യന്‍ ഡോളറിലെത്തുന്ന സമ്പദ്‌വ്യവസ്‌ഥ ലക്ഷ്യമിട്ട്‌ അടിസ്‌ഥാന സൗകര്യമൊരുക്കണം. പണപ്പെരുപ്പം 3.4 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞെന്നും സാമ്പത്തിക സര്‍വേ വ്യക്‌തമാക്കുന്നു.
സാമ്പത്തിക കമ്മി 2018 സാമ്പത്തികവര്‍ഷം 6.4 ശതമാനമായിരുന്നത്‌ 2019 വര്‍ഷത്തില്‍ 5.8 ശതമാനമായി. 28.34 കോടി ടണ്‍ ഭക്ഷ്യധാന്യോല്‍പ്പാദനം പ്രതീക്ഷ. ഇറക്കുമതി 15.4 ശതമാനവും കയറ്റുമതി 12.5 ശതമാനവും വളരും. സാമൂഹിക, സാമ്പത്തിക-പാരിസ്‌ഥിതിക മേഖലകളെ കണക്കിലെടുത്തുള്ള വികസന സൂചികയില്‍ 69 മാര്‍ക്കോടെ കേരളവും ഹിമാചല്‍ പ്രദേശും ഒന്നാമത്‌.

വെല്ലുവിളികള്‍

പ്രത്യക്ഷ നികുതി വരുമാനം വര്‍ധിച്ചെങ്കിലും പരോക്ഷ നികുതി വരുമാനം ലക്ഷ്യത്തിലെത്തിയില്ല. ജി.എസ്‌.ടി. വരുമാനം പ്രതീക്ഷയില്‍ കുറഞ്ഞു.
സാമ്പത്തിക കമ്മി അധികരിക്കാത്തവിധം വിപുലീകരിച്ച കിസാന്‍ സമ്മാന്‍ നിധി, ആയുഷ്‌മാന്‍ ഭാരത്‌ തുടങ്ങിയ പദ്ധതികള്‍ക്ക്‌ കൂടുതല്‍ പണം കണ്ടെത്തണം.
ഇറാനെതിരായ യു.എസ്‌. ഉപരോധം എണ്ണവിലയെ ബാധിച്ചേക്കാം. അതു പെട്രോളിയം സബ്‌സിഡി സന്തുലനം തെറ്റിക്കാനിടയുണ്ട്‌.
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ വരുന്നു. നികുതി വികേന്ദ്രീകരണം കേന്ദ്ര സര്‍ക്കാരിന്റെ ധനസ്‌ഥിതിയെ ബാധിച്ചേക്കും.

പ്രധാന നിര്‍ദേശങ്ങള്‍

വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുണ്ടാകണം.
അടിസ്‌ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം വേണം. ഇതിനു സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂട്ടണം.
നിക്ഷേപം ആകര്‍ഷിക്കാനായി ഈസ്‌ ഓഫ്‌ ഡൂയിങ്‌് ബിസിനസ്‌ സൂചികയില്‍ റാങ്കിങ്‌ മെച്ചപ്പെടുത്തണം. നിയമക്കുരുക്കുകള്‍ ഒഴിവാക്കാനുള്ള പരിഷ്‌കാരം വേണം. കേസുകള്‍ കെട്ടിക്കിടക്കരുത്‌. കൂടുതല്‍ ജഡ്‌ജിമാരെ നിയമിക്കണം.
ചെറുകിട, ഇടത്തരം വ്യവസായത്തിന്‌ അനുകുലമായ നയപരിപാടികള്‍ വേണം. തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ അതുപകരിക്കും. ചെറുകിട സ്‌ഥാപനങ്ങള്‍ എക്കാലത്തും ചെറുകിടയായി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്‌.
ബേട്ടി ബചാവോ ബേട്ടി പഠാവോ എന്നതില്‍ നിന്നു ബേട്ടി ആപ്‌ കീ ധനലക്ഷ്‌മി ഔര്‍ വിജയലക്ഷ്‌മി (ബദ്‌ലാവ്‌) ആകണം.
സ്വച്‌ഛ്‌ ഭാരതില്‍ നിന്ന്‌ സ്വസ്‌ഥ്‌ ഭാരത്‌ വഴി സുന്ദര്‍ ഭാരതിലേക്ക്‌
എല്‍.പി.ജി. സബ്‌സിഡി ഉപേക്ഷിക്കുന്നതിനു പകരം സബ്‌സിഡിയെപ്പറ്റി ചിന്തിക്കുക
നികുതി വെട്ടിപ്പില്‍നിന്നു നികുതിയടയ്‌ക്കലിലേക്ക്‌.
എല്ലാ വീട്ടിലും ശൗചാലയമുണ്ടാകണം (ഇപ്പോള്‍ 91.1 ശതമാനം)
മിനിമം വേതന സംവിധാനം പരിഷ്‌കരിക്കണം. അടിസ്‌ഥാന മിനിമം കൂലി നിശ്‌ചയിക്കണം. മിനിമം കൂലി കിട്ടിയില്ലെങ്കില്‍ പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 05 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW