Wednesday, August 21, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 05 Jul 2019 12.42 AM

ധോണി വിരമിക്കാന്‍ തയാറെടുക്കുന്നോ ബാറ്റ്‌ പറഞ്ഞ കഥ!

uploads/news/2019/07/319535/2.jpg

ലണ്ടന്‍: മഹേന്ദ്ര സിങ്‌ ധോണിയുടെ വിശ്വരൂപം നെഞ്ചിലേറ്റിയവരെ അദ്ദേഹത്തിന്റെ പുതിയ പ്രകടനം നിരാശപ്പെടുത്തുന്നു. ഇനി മതിയാക്കരുതോ എന്നു ചോദിക്കുന്നവര്‍ക്കിടയിലേക്കാണ്‌ ലോകകപ്പിനു ശേഷം അദ്ദേഹം വിരമിച്ചേക്കുമെന്ന അഭ്യൂഹം കെട്ടഴിഞ്ഞുവീണത്‌.
ധോണിയെ മടുത്തെന്നു പറഞ്ഞവര്‍ പോലും ഞെട്ടിപ്പോയി. ശരിയാണോ എന്ന്‌ ആരോടു ചോദിച്ചാലും ഉത്തരമില്ല. ക്രിക്കറ്റ്‌ പോലെ തന്നെ പ്രവചനാതീതമാണു ധോണിയുടെ തീരുമാനങ്ങള്‍. എന്നാല്‍, വ്യക്‌തമായ മറുപടി ധോണിയുടെ ബാറ്റിലുണ്ടെന്നാണു പുതിയ വാര്‍ത്ത. ആ ബാറ്റുകള്‍ സൂചിപ്പിക്കുന്ന ഉത്തരമാണ്‌ ക്രിക്കറ്റ്‌ ലോകം ചര്‍ച്ച ചെയ്യുന്നത്‌.
ലോകകപ്പിനു ശേഷം ധോണി വിരമിച്ചേക്കുമെന്നാണ്‌ ബാറ്റുകള്‍ പറയുന്നത്‌. അല്ലെങ്കില്‍, അതിന്റെ സൂചനകളാണ്‌ അദ്ദേഹത്തിന്റെ ബാറ്റുകള്‍ കാണിക്കുന്നത്‌. സംഭവം ഇതാണ്‌:-
ഈ ലോകകപ്പില്‍ ധോണി ക്രീസില്‍ നില്‍ക്കുന്നതു ശ്രദ്ധിച്ചാലറിയാം, ഓരോ മത്സരത്തിലും വ്യത്യസ്‌ത ബ്രാന്‍ഡിലുള്ള ബാറ്റുകളാണു കൈയില്‍. ചിലപ്പോള്‍ മത്സരത്തിനിടയില്‍ത്തന്നെ വ്യത്യസ്‌ത കമ്പനികളുടെ ബ്രാന്‍ഡ്‌ ബാറ്റുകള്‍ മാറിമാറി ഉപയോഗിക്കുന്നു. എല്ലാം തന്റെ കരിയറില്‍ പലപ്പോഴായി സ്‌പോണ്‍സര്‍ ചെയ്‌ത കമ്പനികളുടെ ബാറ്റുകള്‍.
ചില മത്സരങ്ങളില്‍ ഇന്നിങ്‌സ് തുടങ്ങുമ്പോള്‍ ഉപയോഗിക്കുന്നത്‌ എസ്‌.ജി. എന്നെഴുതിയ ബാറ്റ്‌. മത്സരം പുരോഗമിക്കുമ്പോള്‍ അതു മാറ്റി ബി.എ.എസ്‌. എന്നെഴുതിയ ബാറ്റ്‌ എടുക്കുന്നു. ചില മത്സരങ്ങളില്‍ എസ്‌.എസ്‌. എന്നു ബ്രാന്‍ഡ്‌ ചെയ്യപ്പെട്ട ബാറ്റ്‌ ഉപയോഗിക്കുന്നു.
എന്താണിതിനു പിന്നിലെ കഥയെന്ന്‌ അന്വേഷിച്ചപ്പോള്‍ ഉത്തരം ലഭിച്ചതു ധോണിയുടെ ഉറ്റസുഹൃത്തും മാനേജരുമായ അരുണ്‍ പാണ്ഡെയില്‍ നിന്നാണ്‌- അതു ധോണിയുടെ നന്ദി പ്രകടനം!
തന്റെ കരിയറില്‍ ഉടനീളം മികച്ച ബാറ്റുകള്‍ നിര്‍മിച്ചുനല്‍കിസഹായിച്ച ബ്രാന്‍ഡുകള്‍ക്കു നന്ദിയര്‍പ്പിക്കാനാണ്‌ ധോണി ഈ ലോകകപ്പില്‍ ബാറ്റുകള്‍ മാറിമാറി ഉപയോഗിക്കുന്നതെന്ന്‌. അപ്പോള്‍ ഇതു ധോണിയുടെ വിടവാങ്ങലിന്റെ സൂചനയാണോ. അതിനു പാണ്ഡെയ്‌ക്കും ഉത്തരമില്ല.
''ഈ ലോകകപ്പില്‍ വ്യത്യസ്‌ത ബ്രാന്‍ഡിലുള്ള ബാറ്റുകള്‍ ഉപയോഗിച്ചാണ്‌ ധോണി കളിക്കുന്നത്‌. അത്‌ അദ്ദേഹത്തിന്റെ രീതിയില്‍ കൃതജ്‌ഞത അറിയിക്കലാണ്‌. തന്നെ ഇവിടെവരെയെത്തിച്ചതില്‍ ബാറ്റ്‌ നിര്‍മിച്ചു നല്‍കിയവര്‍ക്കും പങ്കുണ്ടെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അത്ര വിശാല മനസ്‌കനാണ്‌ ധോണി. ലോകകപ്പില്‍ ഇങ്ങനെ വിവിധ ബ്രാന്‍ഡിലുള്ള ബാറ്റ്‌ ഉപയോഗിക്കുന്നതിന്‌ ധോണി പണം വാങ്ങുന്നില്ല. പണം അദ്ദേഹത്തിന്‌ ആവശ്യത്തിനുണ്ട്‌. നന്ദി ഉണ്ടായിരിക്കണം എന്ന നല്ല സന്ദേശം പകരുകയാണ്‌ അദ്ദേഹം.- അരുണ്‍ പാണ്ഡെ പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ ധോണിയുടെ ബാറ്റ്‌ ആദ്യം സ്‌പോണ്‍സര്‍ ചെയ്‌തത്‌ ബീറ്റ്‌ ആള്‍ സ്‌പോര്‍ട്‌സ് (ബി.എ.എസ്‌.) എന്ന കമ്പനിയാണ്‌.
പിന്നീട്‌ സ്‌പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ്, സാന്‍സ്‌പരെയ്‌ല്‍സ്‌ ഗ്രീന്‍ലാന്‍ഡ്‌ (എസ്‌.ജി), സറീന്‍ സ്‌പോര്‍ട്‌സ്(എസ്‌.എസ്‌.) എന്നീ ബ്രാന്‍ഡുകളുടെ ബാറ്റുകളും ഉപയോഗിച്ചു.

Ads by Google
Friday 05 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW