Sunday, August 18, 2019 Last Updated 54 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.24 PM

അഴകിന്റെ അതിരപ്പിള്ളി

''കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ്മയേകുന്നയിടം, അതിരപ്പിള്ളി. ഇന്ത്യയിലെ നായാഗ്ര വെള്ളച്ചാട്ടമെന്നറിയപ്പെടുന്ന അതിരപ്പിള്ളിയുടെ സൗന്ദര്യം നുകര്‍ന്ന് ഒരു യാത്ര പോയാലോ?''
Athirapally Waterfalls

കേരളത്തിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടം ഏതെന്ന് ചോദിച്ചാല്‍ അതിരപ്പിള്ളിയെന്ന് തന്നെയായിരിക്കും മറുപടി. മഞ്ഞുമൂടിയ മലനിരകളുടെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമൊന്ന് വേറെ തന്നെയാണ്.

മസൂണായാല്‍ അതിരപ്പിള്ളി രൗദ്രഭാവമണിയുമങ്കെിലും ആര്‍ത്തലച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അഴകൊട്ടും കുറയില്ല.

ഒഴുകി ഒഴുകി


ഷോളയാര്‍ വനമേഖലയില്‍ അഞ്ചു കിലോമീറ്റര്‍ അകലെ തൃശൂര്‍ ജില്ലയിലാണ് ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍.

80 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നു. വാഴച്ചാലും ചാലക്കുടിപ്പുഴയുടെ ഭാഗമാണ്.

മഞ്ഞുമൂടിയ മലനിരകളുടെയും പാറക്കൂട്ടങ്ങളുടേയും പശ്ചാത്തലത്തില്‍ ഈ വെള്ളച്ചാട്ടങ്ങളും സമാനതകളില്ലാത്ത ദൃശ്യഭംഗിയാണ് പകരുന്നത്. കേരളത്തില്‍ ഒരിടത്തും കാണാത്ത ജൈവവ്യവസ്ഥയാണ് അതിരപ്പിള്ളിയിലേത്.

Athirapally Waterfalls

ജന്തുജാലങ്ങളുടെ പറുദീസ


വന്യജീവികള്‍ക്ക് പേരുകേട്ട പശ്ചിമഘട്ട മലനിരകള്‍ക്ക് സമീപമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിി വാഴച്ചാല്‍ മേഖല എന്നാണ് മലനിരകളുടെ ഈ ഭാഗം അറിയപ്പെടുന്നത്. ഈ വനമേഖലയില്‍ വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വ്വവുമായ മൃഗങ്ങളും പക്ഷികളുമുണ്ട്.

ആന സംരക്ഷണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ദ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത് ഈ വനമേഖലയെയാണ്. വംശനാശ ഭീഷണി നേരിടുന്ന മലമുഴക്കി വേഴാമ്പല്‍ പോലെയുള്ള പക്ഷികളെ ഇവിടെ കാണാം.

ഇവയുടെ നാലു വ്യത്യസ്ത ഇനങ്ങള്‍ ഇവിടെ കാണപ്പെടുന്നു. ഇക്കാരണത്താല്‍ ഇന്റര്‍നാഷണല്‍ ബേഡ് അസോസിയേഷന്‍ ഈ മേഖലയെ പ്രധാനപ്പെട്ട പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടുത്തെ വനമേഖലയെ അഞ്ചായി തിരിച്ചിട്ടുണ്ട്. അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ, കൊല്ലത്തിരുമേട്, ഷോളയാര്‍ എന്നിവയാണവ. എല്ലാ വെള്ളച്ചാട്ടങ്ങളിലേക്കും റോഡുകളും നടപ്പാതകളും ഉണ്ട്. ഇതുവഴി പോകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ചെറിയ വെള്ളച്ചാട്ടങ്ങളും പ്രദേശത്തെ പ്രധാന നദിയായ ചാലക്കുടി പുഴയും സന്ദര്‍ശിക്കാന്‍ മഴക്കാലമാണ് അനുയോജ്യം. ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും പറ്റിയ ഇടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളി ജലപാതത്തിന് ഇരു വശങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയാണ്.

ഇരുള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക് തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിത്തേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനങ്ങള്‍.

Athirapally Waterfalls

ഇവിടുത്തെ കാടുകളില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് കോഡറുകള്‍. കാട്ടില്‍ നിന്ന് തേന്‍, മെഴുക്, പനനൂറ്, ഏലയ്ക്ക, ഇഞ്ചി എന്നിവ ശേഖരിച്ചാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. ഇവിടേക്കുള്ള സന്ദര്‍ശനം ഈ ജനവിഭാഗത്തിന്റെ ജീവിതം അടുത്ത് കാണാനുള്ള അവസരം കൂടിയാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് അതിരപ്പിള്ളി. വ്യത്യസ്തതയാണ് അതിരപ്പിള്ളിയുടെ മനോഹാരിതയെന്ന് നിസ്സംശയം പറയാം. ഇവിടുത്തെ മറ്റു ആകര്‍ഷണങ്ങള്‍ വെള്ളച്ചാട്ടങ്ങളാണ്.

അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍ ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.

രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സന്ദര്‍ശന സമയം. ട്രക്കിംഗ്, നദീയാത്ര, പിക്നിക്, ഷോപ്പിംഗ് എന്നിവയ്ക്കെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.

അതിരപ്പിള്ളിക്ക് സമീപം രണ്ട് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഡ്രീംവേള്‍ഡ്, സില്‍വര്‍ സ്‌റ്റോം എന്നിയാണവ. ആഘോഷിച്ച് തിമിര്‍ക്കാനുള്ള അവസരമാണ് ഈ രണ്ട് പാര്‍ക്കുകളും നല്‍കുന്നത്.

പ്രകൃതിയെ അടുത്തറിയാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും അതിരപ്പിള്ളി നിങ്ങളെ സഹായിക്കും. മഴക്കാലത്തോ ശൈത്യകാലത്തോ ഇവിടം സന്ദര്‍ശിക്കുക.

Athirapally Waterfalls

എങ്ങനെ എത്തിച്ചേരാം


റോഡ് മാര്‍ഗം: കൊച്ചിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള ഏകദേശ ദൂരം 55 കിലോമീറ്ററാണ്. ബംഗളൂരുവില്‍നിന്നും കൊച്ചിയില്‍ നിന്നും ഇവിടേക്ക് ധാരാളം സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരു രാത്രി കൊണ്ട് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്താം. ചാലക്കുടി ഹൈവെയിലൂടെ വെള്ളച്ചാട്ടത്തിലെത്താം. ഇതിനായി ടാക്സിയോ ബസുകളോ പ്രയോജനപ്പെടുത്താം. ചാലക്കുടി ബസ് ടെര്‍മിനലില്‍ നിന്ന് ഇവിടേക്കുള്ള ബസുകള്‍ ലഭിക്കും. കൊടുംകാടിന് നടുവിലൂടെയുള്ള റോഡ് ആയതിനാല്‍ ഇതുവഴിയുള്ള രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

റെയില്‍ മാര്‍ഗം: വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രധാന റെയില്‍വെ സ്‌റ്റേഷനുകളാണ് എറണാകുളവും തൃശ്ശൂരും. അതിരപ്പിള്ളിയില്‍ നിന്ന് 66 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എറണാകുളം റെയില്‍വെ സ്റ്റേഷനിലെത്താം. തൃശ്ശൂര്‍ സ്റ്റേഷനിലേക്കുള്ള ദൂരം 78 കിലോമീറ്ററാണ്. ചാലക്കുടി റെയില്‍വെ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍. എന്നാല്‍ ഇത് ചെറിയൊരു സ്റ്റേഷനാണ്. 31 കിലോമീറ്ററാണ് സ്റ്റേഷനില്‍ നിന്ന് അതിരപ്പിള്ളിയിലേക്കുള്ള ദൂരം.

വിമാന മാര്‍ഗം: - അതിരപ്പിള്ളിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് 55 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദൂരം 58 കിലോമീറ്ററാണ്.

Ads by Google
Thursday 04 Jul 2019 01.24 PM
Ads by Google
Loading...
TRENDING NOW