Tuesday, August 20, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.38 AM

ശബരിമല റോഡ്‌ നവീകരണത്തില്‍ കോടികളുടെ മരാമത്ത്‌ തട്ടിപ്പ്‌

uploads/news/2019/07/319356/k6.jpg

പത്തനംതിട്ട : മെറ്റലിനു പകരം ഉപയോഗിക്കുന്നത്‌ കാട്ടുകല്ലിന്‍ കഷണങ്ങള്‍, റോഡ്‌വശം കെട്ടാനും കാട്ടുകല്ല്‌, സംരക്ഷണഭിത്തി നിര്‍മിക്കുന്നതു സിമെന്റ്‌ ഉപയോഗിക്കാതെ, ഉപരിതലത്തില്‍ ബിറ്റുമിനും കോണ്‍ക്രീറ്റുമിട്ട്‌ ടാര്‍ ചെയ്യുന്നതോടെ സര്‍വവും ഭദ്രം! കരാറുകാരുടെ തട്ടിപ്പിന്‌ ഉദ്യോഗസ്‌ഥരുടെ ഒത്താശകൂടിയാകുന്നതോടെ ശബരിമല റോഡ്‌ നവീകരണത്തിന്റെ പേരില്‍ ഓരോവര്‍ഷവും അരങ്ങേറുന്നതു കോടികളുടെ പകല്‍കൊള്ള.
രാജ്യാന്തര നിലവാരത്തില്‍ ബി.എം, ബി.സി (ബിറ്റുമിന്‍ മെക്കാഡം ആന്‍ഡ്‌ ബിറ്റുമിന്‍ കോണ്‍ക്രീറ്റ്‌), പ്രധാനമന്ത്രി സഡക്‌ യോജനയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ടാറിങ്‌ എന്നിവയിലടക്കം എസ്‌റ്റിമേറ്റ്‌ തുകയുടെ പകുതിപോലും ചെലവഴിക്കുന്നില്ലെന്നു സൂചന. വെട്ടിപ്പിന്‌ ഏറ്റവും പുതിയ ഉദാഹരണം 17 കോടി രൂപ ചെലവിട്ടു നിര്‍മിച്ച മണ്ണാറകുളഞ്ഞി- ചെങ്ങറ 13 കിലോമീറ്റര്‍ റോഡ്‌.
നിലവിലെ ടാറിങ്‌ പൂര്‍ണമായി മാറ്റി 40, 20 ഇഞ്ച്‌ മെറ്റലും എം-സാന്‍ഡും ഉപയോഗിച്ച്‌ (ജി.എസ്‌.ബി ) അടിത്തറ ബലപ്പെടുത്തി നിര്‍മിക്കാനായിരുന്നു കരാര്‍. എന്നാല്‍ ഉപയോഗിച്ചത്‌ നിലവാരം കുറഞ്ഞ പാറമക്കും മെറ്റലും മാത്രമാണെന്നാണ്‌ ആക്ഷേപം. 300 മീറ്റര്‍ നീളവും 25 അടി ഉയരവുമുള്ള സംരക്ഷണ ഭിത്തി നിര്‍മിച്ചത്‌ റോഡ്‌ വശങ്ങളിലെ പുറമ്പോക്കില്‍നിന്നു പൊട്ടിച്ചെടുത്ത കാട്ടുകല്ല്‌ ഉപയോഗിച്ചാണെന്നും പരാതിയുണ്ട്‌.
പഴയ ടാറിങ്‌ പൂര്‍ണമായും ഇളക്കി ഒരു കിലോമീറ്റര്‍ അകലെ നിക്ഷേപിച്ച ശേഷമേ റോഡ്‌ നിരപ്പാക്കലും ടാറിങ്ങും പാടുള്ളൂവെന്നാണ്‌ എസ്‌റ്റിമേറ്റില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍ ടാറിങ്‌ ഇളക്കി റോഡിന്റെ ഓരത്ത്‌ കൂട്ടിയിടുകയാണ്‌ പതിവ്‌. തുടര്‍ന്ന്‌ വശം കോണ്‍ക്രീറ്റ്‌ ചെയ്യുന്നതിന്‌ മുന്നോടിയായി പഴയ ടാര്‍ നിരത്തി മുകളില്‍ സിമെന്റ്‌ ഇടും. ബിറ്റുമിന്‍ മെക്കാഡവും കോണ്‍ക്രീറ്റും 60 ഡിഗ്രി ചൂടാക്കിവേണം ഉപയോഗിക്കേണ്ടത്‌.
വിദൂര പ്ലാന്റില്‍നിന്നു നിര്‍മാണ സ്‌ഥലത്തേക്ക്‌ ടാര്‍മിശ്രിതം എത്തിക്കുമ്പോള്‍ നിശ്‌ചിതതാപം നിലനിര്‍ത്താന്‍ 90 ഡിഗ്രിവരെ ചൂടാക്കും. ഇതുമൂലം ടാറില്‍ കരിയുടെ അംശം കൂടും. ഇതോടെ മെറ്റലിനുള്ളിലേക്ക്‌ ടാര്‍ ഉരുകി ഇറങ്ങാനുള്ള സാധ്യതയും കുറയുന്നു. കനത്തമഴയിലും ഭാരവാഹനങ്ങള്‍ പോകുമ്പോഴും റോഡ്‌ നശിക്കാന്‍ ഇതാണ്‌ കാരണം.
മണ്ണാറകുളഞ്ഞി-ചാലക്കയം, റാന്നി-മേലുകര, കടിമീന്‍ചിറ-പരവ, വെണ്ണിക്കുളം-റാന്നി, ചാലാപ്പള്ളി-ചുങ്കപ്പാറ, കോഴഞ്ചേരി-മണ്ണാറകുളഞ്ഞി എന്നീ ശബരിമല റോഡുകളുടെ സ്‌ഥിതിയും വ്യത്യസ്‌തമല്ല.
ബിറ്റുമിന്‍ മെക്കാഡത്തിനു മുകളില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ്‌ ചെയ്യുമ്പോള്‍ ഇവ രണ്ടും യോജിക്കാതെ തെന്നിമാറുന്നുവെന്ന്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയ അനില്‍ കാറ്റാടിക്കല്‍ വിജിലന്‍സിന്‌ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മണ്ണാറകുളഞ്ഞി- ചെങ്ങറ റോഡിന്‌ ലൈന്‍ ഇടാന്‍മാത്രം അനുവദിച്ചത്‌ 18.38 ലക്ഷം രൂപയാണെന്ന്‌ രേഖകളില്‍ വ്യക്‌തം.
ഓടകള്‍ക്കും സ്ലാബുകള്‍ക്കും ഫുട്‌പാത്തുകള്‍ക്കും നിശ്‌ചിത നിലവാരമില്ലെന്നും ആക്ഷേപമുണ്ട്‌. ഇക്കുറി ശബരിമല റോഡുകളുടെ നവീകരണത്തിന്‌ 200 കോടി രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്‌. ആദ്യരണ്ടു ഘട്ടങ്ങളില്‍ ക്രമക്കേടു നടത്തിയശേഷം ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ്‌ മാത്രം ഭംഗിയാക്കി കണ്ണില്‍ പൊടിയിടുന്ന കരാറുകാര്‍ക്ക്‌ അധികൃതര്‍ കൂട്ടുനില്‍ക്കുന്നതായാണു പരാതി.

സജിത്ത്‌ പരമേശ്വരന്‍

Ads by Google
Thursday 04 Jul 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW