Wednesday, August 21, 2019 Last Updated 49 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.34 AM

ട്വിസ്‌റ്റില്ല , ട്വിറ്ററിലും രാജിവച്ച്‌ രാഹുല്‍

uploads/news/2019/07/319321/d1.jpg

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്‌ അധ്യക്ഷസ്‌ഥാനത്തു തുടരണമെന്ന അഭ്യര്‍ഥനകള്‍ക്കു വഴങ്ങാന്‍ വിസമ്മതിച്ച്‌ രാഹുല്‍ ഗാന്ധി രാജി തുറന്നുപ്രഖ്യാപിച്ചു. ''ഞാനിപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റല്ല'' എന്ന്‌ ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ അദ്ദേഹം അല്‍പ്പം കഴിഞ്ഞ്‌ നാലു പേജുള്ള രാജിക്കത്ത്‌ ട്വിറ്ററിലൂടെ പരസ്യമാക്കി.
പാര്‍ട്ടിയധ്യക്ഷനെന്ന നിലയില്‍, തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ്‌ അദ്ദേഹം അന്തിമ തീരുമാനം പ്രഖ്യാപിച്ചത്‌. ആര്‍.എസ്‌.എസുമായുള്ള പോരാട്ടത്തില്‍ പലപ്പോഴും തനിച്ചായെന്നു തുറന്നടിച്ചും തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കു മാത്രമല്ലെന്നു സൂചിപ്പിച്ചും അദ്ദേഹം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാരോടും അവരുടെ സമീപനങ്ങളോടുമുള്ള പരിഭവവും അനിഷ്‌ടവും വ്യക്‌തമാക്കി. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതില്‍ ഇടപെടില്ലെന്ന്‌ ആവര്‍ത്തിക്കുകയും ചെയ്‌തു.
ചികിത്സയില്‍ കഴിയുന്ന സഹോദരീഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാധ്‌രയെ കാണാനായി വിദേശത്തേക്കു തിരിക്കാനിരിക്കെയാണ്‌ രാഹുല്‍ അന്തിമ തീരുമാനമറിയിച്ചത്‌. അമ്മ സോണിയാ ഗാന്ധി ഒപ്പമുണ്ടാകും. ചികിത്സയ്‌ക്കായി യു.എസിലോ നെതര്‍ലന്‍ഡ്‌സിലോ പോകാനാണു വാധ്‌രയ്‌ക്കു കോടതി നേരത്തേ അവധി നല്‍കിയത്‌. ചികിത്സ എവിടെയാണെന്നു വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ രാഹുലിന്റെ യാത്രയെക്കുറിച്ചും വ്യക്‌തതയില്ല. ശനിയാഴ്‌ച തിരികെവരുമെന്നാണു സൂചന.മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ,
കക്ഷിനേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരിലൊരാള്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുമെന്നാണു സൂചന. ഇരുവരും ദളിത്‌ നേതാക്കളാണ്‌. സോണിയയുടെ വിശ്വസ്‌തരുടെ നിരയിലുള്ള മോട്ടിലാല്‍ വോറയുടെ പേരും ചര്‍ച്ചയിലുണ്ടെങ്കിലും വലിയ ദൗത്യം ഏല്‍പ്പിക്കുന്നതിനു പ്രായാധിക്യം തടസമാകും. പി.വി. നരസിംഹറാവു, സീതാറാം കേസരി എന്നിവര്‍ക്കു ശേഷം ആദ്യമായാണു ഗാന്ധി-നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുവരിക.
തോല്‍വിക്കു കണക്കുപറയാനുള്ള ഉത്തരവാദിത്വം ചുമത്തുന്നത്‌ പാര്‍ട്ടിയുടെ ഭാവിയില്‍ നിര്‍ണായകമാണെന്നു രാജിക്കത്തില്‍ രാഹുല്‍ വ്യക്‌തമാക്കി. കോണ്‍ഗ്രസിനെ വീണ്ടും കെട്ടിപ്പടുക്കുമ്പോള്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടിവരും. തോല്‍വിക്കു പലരെയും ഉത്തരവാദികളാക്കേണ്ടിവരും. പാര്‍ട്ടിയെ നയിച്ച താന്‍ അധ്യക്ഷസ്‌ഥാനത്തു തുടര്‍ന്നുകൊണ്ട്‌ മറ്റുള്ളവരെ പഴിക്കുന്നതു നീതിയാകില്ല. പുതിയ അധ്യക്ഷനെ നിശ്‌ചയിക്കുന്നതു നിര്‍ണായകമാണെങ്കിലും താന്‍ അതു നിര്‍വഹിക്കുന്നതു ശരിയല്ല. വലിയ പൈതൃകവും ചരിത്രവുമുള്ള കോണ്‍ഗ്രസിന്‌ അതു ചെയ്യാന്‍ പ്രയാസമുണ്ടാകില്ല. ബി.ജെ.പിയെന്ന പാര്‍ട്ടിയെയല്ല, എല്ലാ ഔദ്യോഗിക സംവിധാനങ്ങളെയും സ്‌ഥാപനങ്ങളെയും വരുതിയിലാക്കിയ ആര്‍.എസ്‌.എസിനെയും അതിന്റെ ആശയങ്ങളെയുമാണു നേരിടേണ്ടിവന്നത്‌. നമ്മുടെ ജനാധിപത്യം ദുര്‍ബലമായിരിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ കേവലം ചടങ്ങാകുന്ന വിപത്താണു മുന്നിലുള്ളത്‌. വലിയ സംഘര്‍ഷത്തിന്റെയും വേദനയുടെയും കാലമാണു വരുന്നത്‌. കൃഷിക്കാര്‍, തൊഴിലില്ലാത്ത യുവാക്കള്‍, സ്‌ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ ഒക്കെയാകും കൂടുതല്‍ ദുരിതം പേറേണ്ടിവരിക.
ഇന്ത്യയുടെ അടിസ്‌ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍നിന്ന്‌ ഒരുതരത്തിലും പിന്നോട്ടുപോകില്ല. രാജ്യത്തെയും സ്‌ഥാപനങ്ങളെയും വീണ്ടെടുക്കാന്‍ രാജ്യം ഒറ്റക്കെട്ടാകണം. ആ മുന്നേറ്റത്തിനു ജീവശ്വാസം പകരാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. അതിനായി കോണ്‍ഗ്രസ്‌ പൂര്‍ണമായും പരിവര്‍ത്തനം ചെയ്യപ്പെടണം. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടം തുടരും. പാര്‍ട്ടിക്കു തന്റെ സേവനമോ ഉപദേശമോ ആവശ്യമുള്ളപ്പോള്‍ ഒപ്പമുണ്ടാകും. കോണ്‍ഗ്രസുകാരനായാണു ജനിച്ചത്‌. കോണ്‍ഗ്രസാണു തന്റെ ജീവരക്‌തം. അത്‌ എന്നും അങ്ങനെയായിരിക്കുമെന്നും പ്രവര്‍ത്തകര്‍ക്കു രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 04 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW