Wednesday, August 14, 2019 Last Updated 17 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 01.33 AM

മധ്യപ്രദേശിലും ഗോത്രവംശജന്‍ പി.സി.സി. അധ്യക്ഷനാകും

ഭോപ്പാല്‍: ഛത്തീസ്‌ഗഡിനു പിന്നാലെ, കോണ്‍ഗ്രസ്‌ പുതിയ സംസ്‌ഥാനാധ്യക്ഷനെ തേടുന്ന മധ്യപ്രദേശിലും ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവിനു സാധ്യത. കഴിഞ്ഞവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായിച്ചതു പ്രധാനമായും ഗോത്രവിഭാഗങ്ങളുടെ പിന്തുണയാണ്‌. നിലവില്‍ മുഖ്യമന്ത്രി കമല്‍നാഥ്‌ തന്നെയാണു പി.സി.സി. അധ്യക്ഷപദവിയും വഹിക്കുന്നത്‌.
ഛത്തിസ്‌ഗഡ്‌ പി.സി.സി. അധ്യക്ഷനായി കഴിഞ്ഞമാസം ഗോത്രവര്‍ഗനേതാവ്‌ മോഹന്‍ മാര്‍കമിനെ തെരഞ്ഞെടുത്തിരുന്നു. ഈ സാഹചര്യത്തില്‍, ആഭ്യന്തരമന്ത്രി ബാലാ ബച്ചനെയാണു മധ്യപ്രദേശ്‌ പി.സി.സി. അധ്യക്ഷസ്‌ഥാനത്തേക്കു കമല്‍നാഥ്‌ പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്‌. കമല്‍നാഥിനെ എതിര്‍ക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള വിഭാഗമാകട്ടെ മറ്റൊരു മന്ത്രി ഉമങ്‌ സിംഘാറിനെ പിന്തുണയ്‌ക്കുന്നു. ബച്ചനും സിംഘാറും ഗോത്രവിഭാഗക്കാരാണ്‌.
സിന്ധ്യ വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും മുതിര്‍ന്നനേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ്‌ സിങ്ങിന്റെ എതിര്‍പ്പ്‌ സിംഘാറിനു വെല്ലുവിളിയാണ്‌. പുതിയ അധ്യക്ഷനെ കണ്ടെത്തുന്ന കാര്യത്തില്‍ മുന്‍കേന്ദ്രമന്ത്രി സുരേഷ്‌ പച്ചൗരിയുടെ നിലപാടും നിര്‍ണായകമാകും. കമല്‍നാഥ്‌-സിന്ധ്യ ഗ്രൂപ്പ്‌ പോരിന്റെ പശ്‌ചാത്തലത്തില്‍ ഗോത്രവിഭാഗത്തില്‍നിന്നു മൂന്നാമതൊരു യുവനേതാവിനെ പി.സി.സി. അധ്യക്ഷനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണു കമല്‍നാഥ്‌ മധ്യപ്രദേശ്‌ പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റത്‌. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിയായതിനേത്തുടര്‍ന്ന്‌ അധ്യക്ഷപദമൊഴിയാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ്‌ നിര്‍ദേശപ്രകാരം തുടരുകയായിരുന്നു.
7.5 കോടി ജനസംഖ്യയുള്ള മധ്യപ്രദേശില്‍ 21% ഗോത്രവിഭാഗക്കാരാണ്‌. നിയമസഭാമണ്ഡലങ്ങളില്‍ 47 എണ്ണം ഗോത്രവര്‍ഗസംവരണമാണ്‌. ഇതില്‍ 30 മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസാണു വിജയിച്ചത്‌. കമല്‍നാഥ്‌ മന്ത്രിസഭയില്‍ നാലുപേര്‍ ഗോത്രവര്‍ഗക്കാരാണ്‌.

Ads by Google
Thursday 04 Jul 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW