Wednesday, August 21, 2019 Last Updated 33 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 04 Jul 2019 12.55 AM

സ്വപ്‌ന സെമിയില്‍ ബ്രസീലിന്‌ എതിരില്ലാത്ത രണ്ടു ഗോള്‍ ജയം

uploads/news/2019/07/319298/3.jpg

മിനെയ്‌റോ: ഒടുവില്‍ മിനെയ്‌റോയിലെ ബൊലെ ഹൊറിസോന്റയില്‍ ബ്രസീലിന്റെ ചിരി മുഴങ്ങി. 2014-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ്‌ സെമി ഫൈനലില്‍ ഇവിടെയാണ്‌ ജര്‍മനി 7-1ന്‌ ബ്രസീലിനെ കൂട്ടക്കശാപ്പ്‌ ചെയ്‌തത്‌.
അന്ന്‌ ആരാധകര്‍ വെറുത്ത ഈ ഗ്രൗണ്ടില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പരമ്പരാഗത വൈരികളായ അര്‍ജന്റീനയെ തോല്‍പിച്ചു ബ്രസീല്‍ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നപ്പോള്‍ ആരാധകര്‍ക്ക്‌ ആനന്ദക്കണ്ണീര്‍.
ഇന്നലെ രാവിലെ നടന്ന സെമിഫൈനലില്‍ ഇരുപകുതികളിലായി നേടിയ രണ്ടു ഗോളുകള്‍ക്കാണ്‌ ബ്രസീല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ വീഴ്‌ത്തിയത്‌. ഗബ്രിയേല്‍ ജീസസും റോബര്‍ട്ടോ ഫിര്‍മിനോയുമാണ്‌ ബ്രസീലിന്റെ ഗോളുകള്‍ നേടിയത്‌. ഒരു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്‌തു ജീസസ്‌ ബ്രസീലിന്റെ രക്ഷകനായപ്പോള്‍ അര്‍ജന്റീനയുടെ മിശിഹയ്‌ക്കു വീണ്ടും കണ്ണീര്‍.
മത്സരത്തിന്റെ തുടക്കത്തില്‍ പതറിയ അര്‍ജന്റീനയെ ഞെട്ടിച്ചു 19-ാം മിനിറ്റില്‍ തന്നെ ബ്രസീല്‍ ലീഡ്‌ നേടിയിരുന്നു. നായകന്‍ ഡാനിയല്‍ ആല്‍വ്‌സാണ്‌ ഗോളിലേക്കുള്ള വഴിമരുന്നിട്ടത്‌. ആല്‍വ്‌സ് നല്‍കിയ പന്തുമായി കുതിച്ചുകയറിയ ഫിര്‍മിനോ അര്‍ജന്റീന പ്രതിരോധനിരയെ കബളിപ്പിച്ചു ബോക്‌സിനു കുറകെ നല്‍കിയ പാസ്‌ ജീസസ്‌ ഗോളിലേക്കു മറിച്ചുവിടുകയായിരുന്നു.
മാര്‍ക്ക്‌ ചെയ്യാപ്പെടാതെ നിന്ന ജീസസിനു പന്തു ലഭിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ അര്‍മാനി പോലും സ്‌ഥാനം തെറ്റിനില്‍ക്കുകയായിരുന്നു. പന്തില്‍ ഒന്നു തൊട്ടുകൊടുക്കേണ്ട ചുമതലയേ ജീസസിനു ചെയ്യാനുണ്ടായിരുന്നുള്ളു.
ലീഡ്‌ വഴങ്ങിയതോടെ ഉണര്‍ന്ന അര്‍ജന്റീനയും പിന്നീട്‌ മികച്ച കളി കെട്ടഴിച്ചു. എന്നാല്‍ ബ്രസീലിന്റെ മധ്യ-മുന്നേറ്റ-പ്രതിരോധ നിരയുടെ നിലവാരത്തിലേക്ക്‌ ഉയരാന്‍ അവര്‍ക്കായില്ല. മധ്യനിരയും മുന്നേറ്റ നിരയും തമ്മിലുള്ള ഒത്തിണക്കമില്ലായ്‌മയും അര്‍ജന്റീനയ്‌ക്കു തിരിച്ചടിയായി. 30-ാം മിനിറ്റില്‍ അവര്‍ സമനില നേടിയെന്നു തോന്നിപ്പിച്ചു. എന്നാല്‍ അഗ്യൂറോയുടെ ഷോട്ട്‌ ക്രോസ്‌ബാറിലിടിച്ചു മടങ്ങി.
ആദ്യ പകുതിയില്‍ പന്ത്‌ കൂടുതല്‍ നേരം കൈയില്‍ വയ്‌ക്കാന്‍ ബ്രസീലിനു ജീസസിന്റെ ഗോളില്‍ കൂടുതല്‍ ഒന്നും ചെയ്യാനായില്ല. മറുവശത്ത്‌ മെസിയുടെ ചില നീക്കങ്ങളും ഒരു ഫ്രീകിക്കും മാത്രമാണ്‌ അര്‍ജന്റയ്‌ക്ക് ആശ്വാസിക്കാനുണ്ടായത്‌.
രണ്ടാം പകുതിയില്‍ ഏറെ മെച്ചപ്പെട്ട കളി കാഴ്‌ചവച്ചെങ്കിലും ആരാധകരെ തൃപ്‌തിപ്പെടുത്താന്‍ അര്‍ജന്റീനയ്‌ക്കായില്ല. മധ്യനിര താരങ്ങളായ എയഞ്ചല്‍ ഡി മരിയ, ലോ സെല്‍സോ എന്നിവരെ കോച്ച്‌ പരീക്ഷിച്ചെങ്കിലും ഗുണം ചെയ്‌തില്ല.
മത്സരം അവസാന 20 മിനിറ്റിലേക്ക്‌ അടുത്തതോടെ അര്‍ജന്റീന കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല. ഗോളെന്നുറച്ച മെസിയുടെ ഒരു ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്‌തു.
71-ാം മിനിറ്റില്‍ ബ്രസീല്‍ തങ്ങളുടെ രണ്ടാം ഗോള്‍ നേടി. സെര്‍ജിയോ അഗ്യൂറോയുടെ മുന്നേറ്റത്തിന്റെ മുനയൊടിച്ചു നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ ജീസസ്‌ പന്ത്‌ ഫിര്‍മിനോയ്‌ക്കു മറിച്ചു നല്‍കി. ഫിര്‍മിനോയുടെ കൃത്യതാര്‍ന്ന ഷോട്ടിനു മുന്നില്‍ ഗോള്‍കീപ്പര്‍ അര്‍മാനിക്ക്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ശേഷിച്ച മിനിറ്റുകളില്‍ പൗളോ ഡിബാലയെ കളത്തിലിറക്കി നോക്കിയെങ്കിലും ഫലം കണ്ടില്ല. 84-ാം മിനിറ്റില്‍ ബോക്‌സിനുള്ള നിക്കോളാസ്‌ ഒട്ടാമെന്‍ഡിയെ ആര്‍തര്‍ വീഴ്‌ത്തിയതിനു അര്‍ജന്റീന പെനാല്‍റ്റിക്ക്‌ അപ്പീല്‍ ചെയ്‌തെങ്കിലും റഫറി വഴങ്ങിയില്ല. പിന്നീട്‌ എല്ലാം ചടങ്ങു മാത്രമായിരുന്നു.
ഒരിക്കല്‍ക്കൂടി കോപ്പായില്‍ നിന്നു കണ്ണീരും കൈയുമായി മെസിയും സംഘവും പുറത്തേക്കു നടന്നപ്പോള്‍ സ്വന്തം കാണികളുടെ മുന്നില്‍ മികച്ച ജയവുമായി ബ്രസീല്‍ ഫൈനലിലേക്ക്‌...

Ads by Google
Thursday 04 Jul 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW