Tuesday, August 20, 2019 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.42 AM

സ്വാശ്രയ വിദ്യാഭ്യാസം: എന്തിനീ അനിശ്‌ചിതത്വം?

uploads/news/2019/07/319120/editorial.jpg

ഒടുവില്‍ സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മില്‍ ധാരണയായിരിക്കുകയാണ്‌. പക്ഷേ, വിദ്യാര്‍ഥികളില്‍ നിന്ന്‌ ഈടാക്കേണ്ട ഫീസ്‌ സംബന്ധിച്ച്‌ ധാരണ ആയിട്ടുമില്ല. കഴിഞ്ഞ വര്‍ഷത്തെ ഫീസ്‌ തന്നെ ഏര്‍പെടുത്താമെന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അതു മാനേജ്‌മെന്റുകള്‍ അംഗീകരിക്കാതെ വന്നതിനാലാണ്‌ പ്രവേശനം നീണ്ടത്‌. കഴിഞ്ഞ വര്‍ഷം 5.32 ലക്ഷം മുതല്‍ 6.53 ലക്ഷം രൂപ വരെയുള്ള ഫീസ്‌ ആണ്‌ സ്വാശ്രയ കോളജുകളില്‍ ഏര്‍പെടുത്തിയിരുന്നത്‌. ഈ ഫീസ്‌ഘടന കോടതി റദ്ദാക്കുകയും ചെയ്‌തിരുന്നു. ഈ സ്‌ഥിതിക്ക്‌ നിലവില്ലാത്ത ഫീസ്‌ പ്രകാരം എങ്ങനെ പ്രവേശനം നല്‍കും എന്നാണ്‌ മാനേജ്‌മെന്റുകളുടെ ചോദ്യം. കോളജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഫീസ്‌ ഈടാക്കാന്‍ അനുവദിക്കണമെന്നാണ്‌ മാനേജ്‌മെന്റുകളുടെ ആവശ്യം. അവര്‍ 12 ലക്ഷം രൂപ മുതല്‍ 18 ലക്ഷം രൂപവരെയുള്ള ഫീസ്‌ ഘടനയാണ്‌ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

ഈ തര്‍ക്കം നിലനിന്നതിനാല്‍ കഴിഞ്ഞയാഴ്‌ച നടക്കേണ്ടിയിരുന്ന പ്രവേശന നടപടികള്‍ വൈകുകയായിരുന്നു. പുതിയ കോഴ്‌സുകളില്‍ ചേരാനിരുന്ന വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പൂര്‍ണമായും അനിശ്‌ചിതത്വത്തിലാകുന്ന അവസ്‌ഥയുണ്ടായി. പ്രവേശനത്തിനുള്ള വിജ്‌ഞാപനം ഇറക്കി ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ട ദിവസങ്ങള്‍ എത്തിയിട്ടും നടപടികള്‍ മുടങ്ങിയിരുന്നു. ഒരുവേള സര്‍ക്കാര്‍ കോളജുകളിലേക്ക്‌ മാത്രം ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നടത്തുക എന്നതു പോലും ആലോചിച്ചു. ഫീസ്‌ നിശ്‌ചയിക്കാതെ പ്രവേശന നടപടികളോട്‌ സഹകരിക്കില്ല എന്ന നിലപാടില്‍ നിന്ന്‌ മാനേജ്‌മെന്റുകള്‍ അയഞ്ഞതോടെയാണ്‌ തത്‌കാലത്തേക്കെങ്കിലും പ്രവേശന നടപടികള്‍ മുന്നോട്ടു പോകുന്നത്‌. തങ്ങള്‍ക്ക്‌ സ്വീകാര്യമല്ലാത്ത ഫീസ്‌ നിശ്‌ചയിച്ചാല്‍ കോടതിയെ സമീപിക്കുമെന്ന്‌ അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതായത്‌, സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഈവര്‍ഷവും കോടതികയറാനുള്ള സാധ്യത ഏറെയാണ്‌.

ഈ മാസം ഏഴിനു വിദ്യാര്‍ഥികള്‍ കോളജില്‍ ചേരേണ്ടതാണ്‌. അധ്യയനാരംഭത്തിന്റെ ഏതാനും ദിവസം മുന്‍പ്‌ പോലും പ്രവേശനം സംബന്ധിച്ച്‌ അനിശ്‌ചിതത്വം നിലനില്‍ക്കുന്നത്‌ ഏതായാലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ സഹായിക്കില്ല. ഫീസ്‌ നിര്‍ണയിക്കുന്നതില്‍ തങ്ങള്‍ നിസഹായരാണെന്നും ഫീസ്‌ നിര്‍ണയസമിതിക്കാണ്‌ അതിന്റെ അധികാരമെന്നുമാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. സമിതി പുനര്‍നിര്‍ണയിക്കാന്‍ വൈകിയതാണ്‌ ഫീസ്‌ സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതു നീണ്ടു പോകാന്‍ കാരണം. ജൂലൈ ആകുമ്പോള്‍ മെഡിക്കല്‍ പ്രവേശനം നടത്തേണ്ടി വരുമെന്ന്‌ അറിയാത്തവരല്ല അധികാരികള്‍. കോടതി വിധിയനുസരിച്ച്‌ ഫെബ്രുവരിയില്‍ തന്നെ പ്ര?സ്‌പെക്‌ടസ്‌ അംഗീകരിച്ച്‌ ഫീസ്‌ നിശ്‌ചയിക്കേണ്ടതായിരുന്നു. സമിതി പുന:സംഘടിപ്പിക്കണമെന്ന വിധി വന്നിട്ട്‌ മാസങ്ങളായിട്ടും അതിനു മുതിരാതെ പ്രവേശനത്തിനു തൊട്ടു മുന്‍പുള്ള ദിനങ്ങളില്‍ മാത്രം സമിതി പുന:സംഘടിപ്പിക്കുകയും ചെയ്‌തു. കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ അനിശ്‌ചിതത്വമുണ്ടാകണമെന്നും അതു വൈകണമെന്നും ഇത്ര നിര്‍ബന്ധബുദ്ധി ആര്‍ക്കാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ വര്‍ഷവും സ്വാശ്രയ വിദ്യാഭ്യാസം കോടതി കയറുകയാണ്‌. ഇത്‌ വിദ്യാര്‍ഥികളിലും മാതാപിതാക്കളിലും വിദ്യാഭ്യാസമേഖലയിലും ഉണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്‌. ഈ സമ്മര്‍ദ്ദം കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല. സ്‌ഥിതി ഇതാണെന്നിരിക്കെ സ്വാശ്രയ വിദ്യാഭ്യാസം വ്യവഹാരമുക്‌തമാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തേണ്ടിയിരിക്കുന്നു. വരും വര്‍ഷങ്ങളിലേക്കുള്ള നടപടികളുടെ മുന്നൊരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിയാല്‍ അവസാന നിമിഷത്തെ അനിശ്‌ചിതത്വങ്ങള്‍ ഒഴിവാക്കാം.

Ads by Google
Wednesday 03 Jul 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW