Sunday, August 18, 2019 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
വെള്ളാനകളുടെ കാട് / ഉണ്ണി വി.ജെ. നായര്‍
Wednesday 03 Jul 2019 01.40 AM

ആധാരത്തിലില്ലാത്ത ഭൂമി അളന്നുകൊടുത്തു!

uploads/news/2019/07/319118/opini030719a.jpg

പ്രിയപ്പെട്ടവള്‍ക്കു വേണ്ടി രാജസിംഹാസനം വേണ്ടെന്നുവച്ചവരുണ്ട്‌ ചരിത്രത്തില്‍. "റിയ" പറഞ്ഞാല്‍ എന്തും ചെയ്യുന്നവരുണ്ട്‌ നമ്മുടെ റവന്യു വകുപ്പില്‍. ആധാരത്തിലില്ലെങ്കിലും ഭൂമി അളന്നുനല്‍കും. അതിനായി വില്ലേജ്‌ ഓഫീസുകള്‍ മുതല്‍ കലക്‌ടറേറ്റ്‌ വരെയുള്ള ഓഫീസുകളിലെ ഫയലുകളില്‍ വ്യാജരേഖകള്‍ തിരുകും.

റിയ എസ്‌റ്റേറ്റിന്റെ ആധാരത്തില്‍ ഭൂമി ഏതാണെന്നു വ്യക്‌തമാക്കാതിരുന്നിട്ടും റവന്യു ഉദ്യോഗസ്‌ഥര്‍ ഭൂമി അളന്നുനല്‍കി. റവന്യൂ ഫീല്‍ഡ്‌ മാപ്പ്‌ ഇല്ലാത്തതിനാല്‍ ഇതിനായി ഉപയോഗിച്ചത്‌ വ്യാജ ലിത്തോ മാപ്പും വനംവകുപ്പിന്റെ സ്‌കെച്ചുകളും ഉപയോഗിച്ചു.

പത്തനാപുരം താലൂക്കിലെ ലിത്തോ മാപ്പുകള്‍ വ്യാജമാണെന്നും അവ ഹാരിസണ്‍സ്‌ മലയാളം കമ്പനി അധികൃതര്‍ വ്യാജമായി നിര്‍മിച്ച്‌ വില്ലേജ്‌ ഓഫീസുകള്‍ മുതല്‍ കലക്‌ടറേറ്റില്‍വരെ സര്‍ക്കാര്‍ രേഖകള്‍ നീക്കംചെയ്‌ത ശേഷം പകരം വച്ചവയാണെന്നും വിജിലന്‍സ്‌ നേരത്തേ കണ്ടെത്തിയിരുന്നു. ഈ മാപ്പുകള്‍ ഉപയോഗിച്ച്‌ അളക്കല്‍ നടത്തിയെന്നാണ്‌ വില്ലേജ്‌ ഓഫീസര്‍ പറയുന്നത്‌. ഭൂമിയുടെ കരം സ്വീകരിക്കുന്നതില്‍ കൊല്ലം ജില്ലാ കലക്‌ടര്‍ സ്വീകരിച്ച നടപടികള്‍ ദുരൂഹമാണെന്ന്‌ ഇതോടെ വ്യക്‌തമാണ്‌.

വിദേശ കമ്പനികളുടെ പേരിലുള്ള ഭൂമി ഇന്ത്യന്‍ കമ്പനി വില്‍പന നടത്തിയത്‌ അംഗീകരിക്കാനാകുമോ എന്നത്‌ സര്‍ക്കാര്‍ നയപരമായി തീരുമാനിക്കേണ്ട കാര്യമാണെിരിക്കെയാണ്‌ റിയയ്‌ക്കു കരമടയ്‌ക്കാന്‍ ജില്ലാ കലക്‌ടര്‍ നടപടി സ്വീകരിച്ചത്‌. ഇത്തരം ഭൂമിയുടെ കരമടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ഡിസംബറില്‍ വിവാദങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ജനുവരി അഞ്ചിനു കരം സ്വീകരിച്ച്‌ വില്ലേജ്‌ ഓഫീസര്‍ കലക്‌ടര്‍ക്കു റിപ്പോര്‍ട്ട്‌ നല്‍കി.

കൊല്ലം ജില്ലയിലെ തെന്മല വില്ലേജില്‍ തെന്മല എസ്‌േറ്ററ്റില്‍പ്പെട്ടതാണ്‌ ബോംബെ ആസ്‌ഥാനമായ റിയ കമ്പനി കൈവശം വച്ചിരിക്കുന്ന ഭൂമി. ഹാരിസണ്‍സ്‌ മലയാളം കമ്പനിയില്‍ നിന്നാണ്‌ ഇവര്‍ 206.51 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയത്‌. ഹാരിസണ്‍സിന്റെ 1600/1923 നമ്പറിലുള്ള വിവാദ ആധാരത്തില്‍ 1/1 മുതല്‍ 2/11 വരെ സര്‍വേ നമ്പരുകളില്‍പ്പെട്ട 424.88 ഏക്കര്‍ വരുന്ന തെന്മല എസ്‌റ്റേറ്റിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌.

ഇതില്‍പ്പെടുന്ന 206.51 ഏക്കറാണ്‌ റിയയ്‌ക്കു കൈമാറിയത്‌. കൈമാറ്റ ആധാരത്തിലും പ്രതിപാദിക്കുന്നത്‌ 1/1 മുതല്‍ 2/11 വരെ സര്‍വേ നമ്പരുകളില്‍പ്പെട്ട ഭൂമിയെന്നാണ്‌. 424.88 ഏക്കറില്‍ ഏതുഭാഗത്തുള്ള, ഏതെല്ലാം സര്‍വേ നമ്പരുകളില്‍പ്പെട്ട 206.51 ഏക്കര്‍ എന്ന്‌ ആധാരത്തില്‍ വ്യക്‌തമായി പറയുന്നില്ല. അങ്ങിനെ പറയാത്തിടത്തോളം നിലവിലെ ഭൂനിയമങ്ങള്‍ അനുസരിച്ചോ സര്‍വേസ്‌ ആന്‍ഡ്‌ ബൗണ്ടറീസ്‌ നിയമപ്രകാരമോ റിയയുടെ കൈവശ ഭൂമി പോക്കുവരവു ചെയ്‌തു കൊടുക്കാനാവില്ല. ഇതുമൂലം വില്ലേജ്‌, താലൂക്ക്‌, കലക്‌ടര്‍, ലാന്‍ഡ്‌ റവന്യൂ കമ്മിഷണര്‍ തുടങ്ങിയവരെല്ലാം ഭൂമിയുടെ പോക്കുവരവിനായി റിയ നല്‍കിയ അപേക്ഷ നേരത്തെ നിരസിച്ചിരുന്നു.

ഇപ്പോള്‍, ഭൂമി ഏതെന്ന്‌ ആധാരത്തില്‍ വ്യക്‌തമായി പറയാതിരിക്കെയാണു വില്ലേജ്‌ ഓഫീസര്‍ വലിയ തരികിട കാട്ടിയത്‌. ആധാരത്തില്‍ പറയാത്ത ഭൂമി അളന്നുനല്‍കുന്ന മായാജാലം. ഇതെല്ലാം സര്‍ക്കാര്‍ അറിയാതെ നടന്നതാണെന്നാണ്‌ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ വാദം. എന്നാല്‍ അറിയേണ്ടവര്‍ അറിഞ്ഞെന്നുറപ്പാണ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയാതെ ജില്ലാ കലക്‌ടര്‍ കൈവിട്ട കളി നടത്തില്ലെന്നാണു ശ്രുതി.

(തുടരും... )

Ads by Google
വെള്ളാനകളുടെ കാട് / ഉണ്ണി വി.ജെ. നായര്‍
Wednesday 03 Jul 2019 01.40 AM
Ads by Google
Loading...
TRENDING NOW