Tuesday, August 20, 2019 Last Updated 15 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jul 2019 01.19 AM

യു.എസ്‌.- ഇറാന്‍ വാക്‌പോര്‌ മുറുകി : ഇസ്രയേലിനെ അരമണിക്കൂറില്‍ തീര്‍ക്കും: ഇറാന്‍; തീക്കളിയെന്ന്‌ ട്രംപ്‌

uploads/news/2019/07/319025/in1.jpg

വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: സമ്പുഷ്‌ട യുറേനിയത്തിന്റെ ശേഖരം വര്‍ധിപ്പിക്കാന്‍ ഇറാന്‍ തീരുമാനിച്ചതിനു പിന്നാലെ ഇസ്രയേലും ഇറാനും യുദ്ധത്തിന്റെ വക്കില്‍. നേരിട്ട്‌ ആക്രമിച്ചാല്‍ ഇസ്രയേലിനെ അരമണിക്കൂര്‍ കൊണ്ട്‌ പൂര്‍ണമായും നശിപ്പിക്കുമെന്ന്‌ ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ്‌ ജാവേദ്‌ സരീഫ്‌.
സമ്പുഷ്‌ടീകരണം തുടരാനാണു തീരുമാനമെങ്കില്‍ ഇറാനെ ഇസ്രയേല്‍ ആക്രമിക്കുമെന്ന്‌ കഴിഞ്ഞ ദിവസം യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ വ്യക്‌തമാക്കിയതിനു പിന്നാലെയാണ്‌ ഇറാന്‍ നിലപാടു വ്യക്‌തമാക്കിയത്‌. ഇറാനൊപ്പം സിറിയയും അണിനിരന്നതോടെ വാക്‌പോര്‌ ശക്‌തമായി. എന്നാല്‍, സംയമനം വേണമെന്ന നിലപാടിലാണ്‌ ഇറാനുമായി ആണവ കരാര്‍ ഒപ്പുവച്ച മറ്റ്‌ രാജ്യങ്ങള്‍.
ഇറാന്‍ തീക്കളിയാണു നടത്തുന്നതെന്ന്‌ യൂറോപ്യന്‍ രാജ്യങ്ങളുടെ മധ്യസ്‌ഥ നീക്കം തള്ളിയ ട്രംപ്‌ പ്രതികരിച്ചു. ഇറാനു നല്‍കാന്‍ സന്ദേശമില്ല. എന്താണു ചെയ്യുന്നതെന്ന്‌ അവര്‍ക്കറിയാം. തീ കൊണ്ടുള്ള കളിയാണ്‌ അവര്‍ നടത്തുന്നത്‌ - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയിലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെ ആസ്‌ഥാനം കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആക്രമിച്ചത്‌ പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു യു.എസ്‌. താക്കീത്‌. ഒരു രാജ്യം "സ്‌പോണ്‍സര്‍" ചെയ്യുന്ന ഭീകരതയാണ്‌ ഇസ്രയേല്‍ നടപ്പാക്കുന്നതെന്നു സിറിയയും ആരോപിച്ചു.
മുന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ തള്ളിയാണു ഡോണള്‍ഡ്‌ ട്രംപിന്റെ പടപ്പുറപ്പാട്‌. "സമ്പുഷ്‌ട യുറേനിയം ചെറിയ അളവിലെങ്കിലും സംഭരിക്കാന്‍ ഇറാനെ അനുവദിച്ചത്‌ ആണവ കരാറില്‍ സംഭവിച്ച പാളിച്ചയാണ്‌. ആണവ കരാര്‍ നിലനില്‍ക്കെ തന്നെ ഇറാന്‍ അത്‌ ലംഘിച്ചിരുന്നുവെന്നതില്‍ സംശയം വേണ്ട. സമ്പൂര്‍ണ ആണവനിര്‍വ്യാപനമെന്ന യു.എസിന്റെ എക്കാലത്തെയും നിലപാട്‌ പരിഗണിച്ച്‌ ഇറാന്‌ യാതൊരു തരത്തിലും യുറേനിയം സമ്പുഷ്‌ടീകരണം അനുവദിക്കരുത്‌. ആണവായുധം നിര്‍മിക്കാന്‍ യു.എസും സഖ്യകക്ഷികളും ഇറാനെ അനുവദിക്കില്ല". ട്രംപിന്റെ ഓഫീസ്‌ വ്യക്‌തമാക്കി. ഒബാമ ഭരണകൂടവും ഇറാനും തമ്മില്‍ ഒപ്പുവച്ച ആണവ കരാര്‍ കഴിഞ്ഞ വര്‍ഷമാണു ട്രംപ്‌ റദ്ദാക്കിയത്‌. എന്നാല്‍, ഫ്രാന്‍സ്‌, ജര്‍മനി, റഷ്യ, ചൈന, യു.കെ. എന്നീ വന്‍ശക്‌തികള്‍ കരാറില്‍നിന്നു പിന്‍മാറിയിട്ടില്ല. ഇവരോട്‌ നിലപാട്‌ അറിയിക്കണമെന്ന്‌ ഇറാന്‍ അഭ്യര്‍ഥിച്ചെങ്കിലും റഷ്യ മാത്രമാണ്‌ പരസ്യനിലപാട്‌ സ്വീകരിച്ചത്‌. നിലവിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം യു.എസിന്റെ ഉപരോധമാണെന്നാണ്‌ റഷ്യയുടെ വിമര്‍ശനം.
കരാര്‍ നിബന്ധനകളില്‍നിന്ന്‌ ഇറാന്‍ വ്യതിചലിക്കരുതെന്നാണ്‌ ബ്രിട്ടനും ചൈനയും ആവശ്യപ്പെടുന്നത്‌. ഐക്യരാഷ്‌ട്ര സംഘടനയും ഇറാനോടു സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
2015 ലെ ആണവക്കരാറനുസരിച്ച്‌ ഇറാന്‌ കൈവശം വയ്‌ക്കാവുന്ന പരമാവധി യുറേനിയം 202.8 കിലോഗ്രാമാണ്‌. എന്നാല്‍, 300 കിലോഗ്രാമില്‍ കൂടുതല്‍ ആണവ ഇന്ധനം ഇറാന്‍ ശേഖരിച്ചതായാണു രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌. ഇതിന്റെ പേരിലാണു വാക്‌പോര്‌.
യു.എസ്‌. ഭീഷണിക്കു അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ്‌ ഇറാന്റെ നീക്കം. "ചാരവൃത്തി"യുടെ പേരില്‍ പിടികൂടിയ 10 പേര്‍ക്കു വധശിക്ഷ നല്‍കാന്‍ നിയമനടപടി തുടങ്ങിയിട്ടുണ്ട്‌. ഇറാന്‍- അമേരിക്ക ഇരട്ട പൗരത്വമുള്ളവരാണു നടപടി നേരിടുന്നത്‌.

Ads by Google
Wednesday 03 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW