Tuesday, August 20, 2019 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Jul 2019 01.19 AM

അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിമാര്‍; നിലപാട്‌ മാറ്റാതെ രാഹുല്‍

കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയിലും നിലപാട്‌ മാറ്റാതെ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍നിന്നുള്ള രാജി പിന്‍വലിക്കില്ലെന്നു രാഹുല്‍ മുഖ്യമന്ത്രിമാരെ അറിയിച്ചു. കോണ്‍ഗ്രസ്‌ ഭരിക്കുന്ന അഞ്ച്‌ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ കമല്‍ നാഥ്‌, അശോക്‌ ഗെലോട്ട്‌, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്‌, ഭൂപേഷ്‌ ബാഗല്‍, വി. നാരായണസ്വാമി എന്നിവരാണു രാഹുല്‍ ഗാന്ധിയെ കണ്ട്‌ രാജി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. തുഗ്ലക്‌ റോഡിലെ രാഹുലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ച രണ്ടു മണിക്കൂറോളം നീണ്ടു. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്ത്‌ രാഹുല്‍ ഗാന്ധി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണു പ്രതീക്ഷയെന്നു കൂടിക്കാഴ്‌ചയ്‌ക്കുശേഷം മുന്‍ സംഘടനാ സെക്രട്ടറിയും രാജസ്‌ഥാന്‍ മുഖ്യമന്ത്രിയുമായ അശോക്‌ ഗെലോട്ട്‌ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷ സ്‌ഥാനം രാഹുല്‍ രാജിവച്ച്‌ 38 ദിവസം പിന്നിട്ടിട്ടും അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിലാണു രാഹുലിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്‌ച നടത്തിയത്‌. അതേ സമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ ഹരിയാന സംസ്‌ഥാന ഘടകത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസ്‌ ആസ്‌ഥാനത്ത്‌ നിരാഹാരമനുഷ്‌ഠിച്ചു. എ.ഐ.സി.സി. ആസ്‌ഥാനത്തേക്കു തള്ളിക്കയറിയ സേവാദള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.
രാഹുല്‍ രാജി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇരുന്നൂറിലേറെ നേതാക്കളാണു പാര്‍ട്ടി സ്‌ഥാനങ്ങള്‍ രാജിവച്ചത്‌. പ്രാദേശിക നേതാക്കള്‍ രാജിയുമായി രംഗത്തിറങ്ങിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അതിനു തയാറായിട്ടില്ല. നിലവിലെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിവയ്‌ക്കണമെന്നും ഇതുവഴി പുനഃസംഘടനയ്‌ക്ക്‌ വഴിയൊരുക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നു.
തനിക്ക്‌ പകരക്കാരനെ കണ്ടെത്തണമെന്നും ഗാന്ധി കുടുംബത്തില്‍നിന്ന്‌ ആവരുതെന്നുമുള്ള രാഹുലിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ ആദ്യ പരിഗണനയില്‍ വന്നത്‌ അശോക്‌ ഗലോട്ടിന്റെ പേരായിരുന്നെങ്കിലും അദ്ദേഹം തയാറായില്ല. തുടര്‍ന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ മുതല്‍ എ.കെ ആന്റണി വരെയുള്ളവരുടെ പേരുയര്‍ന്നെങ്കിലും ആരും സമ്മതമറിയിച്ചിട്ടില്ല.
മഹാരാഷ്‌്രട, ഹരിയാന, ഝാര്‍ഖണ്ഡ്‌, ഡല്‍ഹി സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഈ വര്‍ഷം നടക്കാനിരിക്കെയാണ്‌ കോണ്‍ഗ്രസ്‌ തലപ്പത്തെ അനിശ്‌ചിതത്വം തുടരുന്നത്‌. അതേ സമയം, രാഹുല്‍ ഗാന്ധി ഇപ്പോള്‍ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങിയിട്ടുണ്ട്‌. മഹാരാഷ്‌്രടയില്‍നിന്നുള്ള നേതാക്കളുമായി അദ്ദേഹം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Tuesday 02 Jul 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW